ഇന്നത്തെ ചിന്താവിഷയം,  തടസ്സങ്ങളെ ലക്ഷ്യമാക്കി നിര്‍വ്വചിക്കുക

ഇന്നത്തെ ചിന്താവിഷയം, തടസ്സങ്ങളെ ലക്ഷ്യമാക്കി നിര്‍വ്വചിക്കുക

ലക്ഷ്യമുണ്ടെങ്കിലേ ജീവിതം മധുരിക്കൂ. കയ്‌പ്പേറിയ ജീവിതം ആരും ഇഷ്ടപ്പെടുന്നില്ല. പക്ഷെ ജീവിതാനുഭവം കയ്പ്പും മധുരവും സമ്മിശ്രമാണ്. അവിടെ തടസ്സങ്ങള്‍ വന്നു ചേരാറുണ്ട്. തടസ്സങ്ങളെ അതിജീവിക്കുവാന്‍ നമ്മുടെ അറിവും ബോധവും ജ്ഞാനവും ഉപയോഗിക്കണം. അറിവു ബോധമായും ബോധം ജ്ഞാനമായും മാറുന്നു. ജ്ഞാനമുള്ള മനസ്സില്‍ തടസ്സങ്ങളകറ്റാനുള്ള പോംവഴികള്‍ കണ്ടെത്തും. മനസ്സിന്റെ ചിന്തകള്‍ സുഖകരമെങ്കില്‍ പ്രവര്‍ത്തനങ്ങളും സുഖമായി ഭവിക്കും. പലപ്പോഴും തടസ്സങ്ങള്‍ അവനവന്‍ വരുത്തി വയ്ക്കാറാണു പതിവു. ഒരുവന്റെ അജ്ഞത സംശയം അത്യാഗ്രഹം അസൂയ കോപം മുതലായവകള്‍ ഘടകങ്ങളായി കാണാനാകുന്നു. അജ്ഞത അറിവില്ലായ്മയത്രെ. അറിവില്ലെങ്കില്‍ ബുദ്ധിവികസിക്കില്ല. ബുദ്ധിവികാസമില്ലാത്തിടത്ത് ലക്ഷ്യത്തെ നിര്‍വ്വചിക്കാനാകില്ല. സംശയം ഉള്ളിടത്ത് യഥാര്‍ദ്ധ നിജസ്ഥിതി കാണില്ല. കാര്യങ്ങളെ വിഷയങ്ങളെ പ്രവര്‍ത്തനങ്ങളെ സംശയത്തോടെ നോക്കി കാണുമ്പോള്‍ ലക്ഷ്യം വന്ന ചേരില്ല. അത്യാഗ്രഹി ഏതു ക്രൂരത ചെയ്യാനും മടിക്കില്ല. അത് നാശത്തിലേയ്ക്കുള്ള വഴി തുറക്കും. ആഗ്രഹങ്ങളാകാം. അത്യാഗ്രഹം ആകരുത്. അത്യാഗ്രഹിക്ക് ആഗ്രഹം നിറവേറ്റാതെ വരുമ്പോള്‍ നിരാശയാകും ഫലം. നിരാശ ദു:ഖം ജനിപ്പിക്കുന്നു. ദുഃഖത്തില്‍ നിന്നും കോപവും കോപത്തില്‍ നിന്നും സര്‍വ്വനാശവും ഫലം. ഇവിടെയും ലക്ഷ്യം നിര്‍ണ്ണയിക്കാനാകില്ല.

അടുത്തത് അസൂയ. അസൂയ മനുഷ്യരെ വഴിതെറ്റിക്കും. അസൂയ മാലിന്യങ്ങളുടെ കൂമ്പാരമാണ്. മാലിന്യം കുന്നുകൂടിയാല്‍ ദുര്‍ഗന്ധം പരത്തും. അതായത് അസൂയ ഉള്ളിടത്ത് ഉള്‍ക്കാഴ്ച കാണില്ല. ഉള്‍ക്കാഴ്ച ഇല്ലാത്തിടത്ത് ലക്ഷ്യവും തിട്ടപ്പെടുത്താനാവില്ല. നാം എപ്പോഴും നീതി ബോധമുള്ളവനായിരിക്കണം. കള്ളവും ചതിയും വഞ്ചനയും അരുത്. ഇവയെല്ലാം പാപം ചെയ്യാനേ സഹായിക്കൂ. ഒരു പാപവും പരിഹാരമല്ല. പാപിയായി ജീവിക്കുന്നിടത്ത് ലക്ഷ്യങ്ങള്‍ വന്നുചേരുന്നില്ല. ലക്ഷ്യങ്ങളില്ലാത്തിടത്ത് വിജയവും കാണില്ല. വിജയിക്കുവാന്‍ ലക്ഷ്യബോധവും സ്ഥിരോത്സാഹവും വേണം. കഠിനപ്രയത്‌നവും സ്ഥിരോത്സാഹവും ഉള്ളിടത്ത് പരാജയം രുചിക്കേണ്ടി വരില്ല. നാം ജീവിതത്തില്‍ പുലര്‍ത്തേണ്ടുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ പ്രഥമസ്ഥാനം സത്യസന്ധത തന്നെ. സത്യസന്ധത ഒരുവന്റെ വ്യക്തിത്വത്തെ ഉയര്‍ത്തും. സത്യം ഈശ്വരന്‍ തന്നെയാണ്. സത്യത്തിന്റെ വഴികളും ഈശ്വരന്റെ വഴികളത്രെ. ഈശ്വര ചൈതന്യമുളളിടത്ത് മനുഷ്യത്വം ഒഴുകും. മനുഷ്യത്വം അപരന് ദോഷം വരുന്ന പ്രവൃത്തികള്‍ ചെയ്യില്ല. അവടെ ലക്ഷ്യം നിര്‍വ്വചിക്കാനം നിര്‍ണ്ണയിക്കാനും കഴിയുന്നു. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.

കെ. വിജയന്‍ നായര്‍
ഫോണ്‍: 9867 24 2601

 

 

 

 

 

ഇന്നത്തെ ചിന്താവിഷയം

തടസ്സങ്ങളെ ലക്ഷ്യമാക്കി നിര്‍വ്വചിക്കുക

 

Share

Leave a Reply

Your email address will not be published. Required fields are marked *