സംസ്ഥാനം കടുത്ത ചൂടിലാണ്. കൊടും ചൂടിനിടയിലാണ് തിരഞ്ഞടുപ്പ് ചൂട് കടന്നു പോയത്. പോളിങില്‍ വലിയ വര്‍ദ്ധനവൊന്നും ഇക്കുറിയുണ്ടാവില്ല. ചൂട് വോട്ടിങ്ങിനെ ബാധിച്ചോ എന്നതും പരിശോധനക്ക് വിധേയമാക്കാവുന്നതാണ്. ആഗോള താപനത്തിന്റെ ഭാഗമായി കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വേനല്‍ മഴ ഇതുവരെ പെയ്തിട്ടില്ല. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്‌തെങ്കിലും ആവശ്യമായ അളവിലുള്ള വേനല്‍ മഴയായില്ല. ഇതിനിടയിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ എഴുപത്തഞ്ച് കൊല്ലത്തിനിടക്ക് പെയ്ത കനത്ത പേമാരിഅനുഭവപ്പെട്ടത്. അതിതീവ്ര മഴയില്‍ വലിയ നാശനഷ്ടമാണ് അവിടങ്ങളിലുണ്ടായത്. ഇങ്ങനെ ഒരിടത്ത് കൊടുംചൂട്, മറ്റിടങ്ങളില്‍ കനത്ത പേമാരി. കാലാവസ്ഥയുടെ മാറ്റം വലിയ നഷ്ടവും വെല്ലുവിളിയുമാണ് മാനവകുലത്തിനുണ്ടാക്കുന്നത്. കേരളം സമൃദ്ധമായ കാലാവസ്ഥകൊണ്ട് സമ്പന്നമായിരുന്ന പ്രദേശമായിരുന്നു. എന്നാല്‍ അതിവേഗ നഗരവല്‍ക്കരണം കേരളത്തെ ചൂടിന്റെ തലസ്ഥാനമാക്കി മാറ്റുകയാണ്. ഭീമന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, വന്‍കിട റോഡുകള്‍ എന്നിവയ്‌ക്കെല്ലാം വേണ്ടി പ്രകൃതിയെ യാതൊരു ദാക്ഷിണ്യവുമില്ലാതെ നശിപ്പിക്കുകയാണ്, വലിയ വലിയ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയതിന്റെ ഫലമാണ് ബാംഗ്ലൂര്‍ ഇന്നനുഭവിക്കുന്നത്. അവിടെ കുടിവെള്ളത്തിനടക്കം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. കുളിക്കാന്‍ പോലും വെള്ളം കിട്ടാതെ ജനങ്ങള്‍ പ്രയാസപ്പെടുന്നു. കേരളത്തില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച 44 നദികള്‍ നമുക്കുണ്ടായിരുന്നു. ഇന്നതിന്റെ അവസ്ഥയെന്താണ്. നദികള്‍ വറ്റിവരണ്ടു. എങ്ങനെയാണിത് സംഭവിച്ചത്. നദികളുടെ ഉദ്ഭവ പ്രദേശങ്ങളിലടക്കം മനുഷ്യന്‍ കടന്നു കയറി നടത്തിയ പ്രകൃതി ചൂഷണമാണ് ഈ ദുരന്തത്തിന് കാരണം. പുഴകള്‍ കയ്യേറി കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നത് പതിവ് കാഴ്ചയാണ്. ഇതിനെല്ലാം ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും കൂട്ടുപിടിക്കുകയാണ്. പണം കിട്ടിയാല്‍ ഇത്തരക്കാര്‍ പ്രകൃതി ചൂഷണമൊന്നും മുഖവിലക്കെടുക്കാറില്ല.
സംസ്ഥാനത്തെ വന്‍കിട നഗരങ്ങളുടെ അവസ്ഥയെന്താണ്. ഇത്തരം നഗരങ്ങളെല്ലാം സഞ്ചരിക്കുന്നത് ബാംഗ്ലൂരിന് പിറകെയാണ്. സംസ്ഥാനത്തെ രക്ഷിക്കാന്‍ ഹരിത രാഷ്ട്രീയം വളര്‍ന്നു വരണം. നമ്മുടെ പുഴകളും, കായലുകളും, ചെറുതോടുകളും, കുന്നും മലകളും, കാടുകളും സംരക്ഷിക്കപ്പെടണം. അതിന് യുവജനത മുന്നിട്ടിറങ്ങണം. രാഷ്ട്രീയ പാര്‍ട്ടികളോട് വേദാന്തമോതിയിട്ട് കാര്യമില്ല. മാധ്യമങ്ങളാവട്ടെ സെന്‍സേഷന്‍ ന്യൂസുകള്‍ക്ക് പിന്നാലെ നെട്ടോട്ടത്തിലാണ്. പ്രകൃതി സംരക്ഷിച്ചില്ലെങ്കില്‍ കേരളമുണ്ടാവില്ല എന്ന തിരിച്ചറിവുള്ള ഒരു സമൂഹമായി നാം മാറണം.