സൗദിയില്‍ നടക്കുന്ന ആഗോള ഗവേഷണ സമ്മേളന ഡോ.ഹുസൈന്‍ മടവൂര്‍ ഇന്ത്യന്‍ പ്രതിനിധിയാവും

സൗദിയില്‍ നടക്കുന്ന ആഗോള ഗവേഷണ സമ്മേളന ഡോ.ഹുസൈന്‍ മടവൂര്‍ ഇന്ത്യന്‍ പ്രതിനിധിയാവും

മദീന:’ആധുനിക പ്രശ്‌നങ്ങളിലെ ഇസ്ലാമിക പരിപ്രേക്ഷ്യം’ മുഖ്യ പ്രമേയമായി സൗദി അറേബ്യയില്‍ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര ഗവേഷണ സമ്മേളനം മെയ് മൂന്നിന്ന് വെള്ളിയാഴ്ച മദീനാ ക്രൗണ്‍ പ്ലാസ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. ഒന്‍പത് സെഷനുകളില്‍ നടക്കുന്ന സമ്മേളനത്തില്‍ മുപ്പത്തിയാറ് ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് വിധേയമാക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് സല്‍മാന്റെയും ദശവല്‍സര പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായുള്ള പരിഷ്‌കരണ സംരംഭങ്ങളുടെ ഭാഗമായി നിരവധി ആഗോള സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് വരികയാണ് സൗദി അറേബ്യ. ആധുനിക വിഷയങ്ങളിലെ ഗവേഷണങ്ങള്‍ക്ക് സൗദി ഭരണകൂടം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

ഡല്‍ഹിയിലെ ഹ്യുമന്‍ റിസോഴ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ (ഒഞഉഎ) പ്രതിനിധിയായി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ ആണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യന്‍ പണ്ഡിതന്‍. രണ്ടാം ദിവസം നടക്കുന്ന ഖുര്‍ആന്‍ വിജ്ഞാന ഗവേഷണ സെഷനില്‍ അദ്ദേഹം ആദ്ധ്യക്ഷത വഹിക്കും.

മാറുന്ന ലോകത്ത് മനുഷ്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന് കൊണ്ടു തന്നെ ആവശ്യമായ ഗവേഷണങ്ങള്‍ ( ഇജ്തിഹാദ്) നടക്കേണ്ടതുണ്ട്.
അതിനാല്‍ തന്നെ നിര്‍മ്മിത ബുദ്ധിയുടെയും വിവര സാങ്കേതിക വിദ്യയുടെയും അനന്ത സാദ്ധ്യതകള്‍ ഇസ് ലാമിക വിജ്ഞാന ഗവേഷണങ്ങള്‍ക്കുപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വര്‍ക്ക് ഷോപ്പുകളും സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നുണ്ട്.
സൗദിയിലെ പ്രമുഖ സര്‍വ്വകലാശാലാകളായ മക്കാ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റി, മദീനാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, റിയാദ് ഇമാം മുഹമ്മദ് ബിന്‍ സുഊദ് യൂണിവേഴ്‌സിറ്റി, ജിദ്ദാ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി, മദീനാ ത്വെയ്ബാ യൂണിവേഴ്‌സിറ്റി തുടങ്ങിയവയില്‍ നിന്നുള്ള അക്കാദമിക വിദഗ്ധര്‍ക്ക് പുറമെ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അമേരിക്ക, ബ്രിട്ടണ്‍ , ചൈന, മലേഷ്യ, ഖത്തര്‍, കുവൈറ്റ്, യു.എ.ഇ, ഒമാന്‍, സുഡാന്‍ മുതലായ രാഷ്ട്രങ്ങളിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കും. പ്രബന്ധമവതരിപ്പിക്കുന്നതില്‍ പകുതിയോളം വനിതാ ഗവേഷകരാണെന്നത് ശ്രദ്ധേയമാണ്.

വിശ്വമാനവികതയും ഇസ്ലാമും, ധനസമ്പാദനവും വിനിയോഗവും, വാണിജ്യ വ്യവസായങ്ങളിലെ നൈതികത, മാനവ വിഭവശേഷി വികസനം, സ്ത്രീകളുടെ സാമൂഹിക രംഗത്തെ പങ്കാളിത്തം, ഇസ്ലാമും വിവിധ ചിന്താ പ്രസ്ഥാനങ്ങളും, സാങ്കേതിക വിദ്യാഭ്യാസം മനുഷ്യനന്മക്ക്, ആധുനിക വിഷയങ്ങളിലെ ഇസ്ലാമിന്റെ കാഴ്ചപ്പാടുകള്‍ തുടങ്ങി ഒട്ടേറെ നൂതന വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്.

 

 

 

 

സൗദിയില്‍ നടക്കുന്ന ആഗോള ഗവേഷണ സമ്മേളന
ഡോ.ഹുസൈന്‍ മടവൂര്‍ ഇന്ത്യന്‍ പ്രതിനിധിയാവും

 

Share

Leave a Reply

Your email address will not be published. Required fields are marked *