കെ.വിജയന് നായര്‍ മുംബെ
അക്ഷരങ്ങളെ പ്രണയിക്കുന്ന ശൈലജ ടീച്ചര്‍ക്ക്, എഴുത്ത് തന്റെ വേദനയ്ക്കുള്ള ദിവ്യൗഷധമാണ്.അനാരോഗ്യം കാരണം കുറച്ചു കാലം കിടപ്പു രോഗിയായി സ്വന്തം മുറിക്കുള്ളിലൊതുങ്ങിയപ്പോള് , ആ ഏകാന്തതയ്ക്കൊരു മോചനമായി അവര്‍ പുസ്തകങ്ങളെ കൂട്ടുപിടിച്ചു.നിദ്രാവിഹീനമായ രാത്രികള്‍ തള്ളിനീക്കുമ്പോള്‍ മനസ്സിലെ നൊമ്പരങ്ങള്‍ ആ കിടപ്പില്‍ നിന്നു തന്നെ തന്റെ മൊബൈല്‍ ഫോണില്‍ കുറിച്ചിട്ടു .അത് മരുമകന് ലാപ്പ് ടോപ്പില്‍ നിന്നും വരികളാക്കി കൊടുത്തപ്പോള്‍ തന്റെ ശരീരവേദന മറന്നവര്‍ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നു.അക്ഷരങ്ങളുടെ മാസ്മരിക ശക്തി അവരുടെ സര്ഗ്ഗവാസനയെ ഉണര്‍ത്തിയപ്പോള്‍ മനസ്സില്‍ പ്രത്യാശയും, പ്രതീക്ഷയും നാമ്പിട്ടു. അവ കവിതകളായും കഥകളായും തളിര്‍ത്തു…എഴുത്തും വായനയും അവരെ പുതിയൊരു ജീവിതത്തിലേക്കെത്തിച്ചു. പൂര്‍വ്വാധികം ഉന്മേഷത്തോടെ അവര്‍ എഴുന്നേറ്റു നടക്കാനും പ്രാണനായി എഴുത്തിനെ സ്നേഹിക്കാനും തുടങ്ങി.
ഇതിനോടകം ഏഴ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഏഴാമത്തെ പുസ്തകം ‘ജാതിക്കോമരങ്ങള്‍’ എന്ന കഥാസമാഹാരവും.അനുവാചകഹൃദയങ്ങള്‍ ടീച്ചറിന്റെ പുസ്തകങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്തപ്പോള്‍ എഴുത്ത് ഒരു ലഹരിയായി മാറിയിരിക്കയാണ് ടീച്ചര്‍ക്ക്.
നിറച്ചാര്‍ത്തുകള്‍, വാടാമലരുകള്‍ എന്നീ കവിതാസമാഹാരങ്ങളും നവനീതം, സായന്തനത്തില്‍ വിരിഞ്ഞ നറുമലരുകള്‍, കയ്യൊപ്പ് എന്നീ കഥാസമാഹാരങ്ങളും കനല്‍വഴികളില്‍ കാലിടറാതെ എന്ന ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവയാണ് ഇവരുടെ രചനാസമാഹാരങ്ങള്‍.
കൂടാതെ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി എഴുതിക്കൊണ്ടിരിക്കുന്നു. ഇരുപതിലധികം പുസ്തകങ്ങളില്‍ ടീച്ചറുടെ രചനകള്‍ വന്നിട്ടുണ്ട്. ഡിജിറ്റല്‍ മാഗസിനുകളിലും, മാസികയിലും കഥ, കവിത, ലേഖനം എന്നിവ വന്നിട്ടുണ്ട്.
മലയാള മനോരമ ദിനപ്പത്രത്തിലെ പെണ്മനത്തില് ടീച്ചറുടെ കവിതയും അച്ചടിമഷി പുരണ്ടിട്ടുണ്ട്.
അമേരിക്കന്‍ ഓണ്‍ലൈന്‍ പത്രമായ’ മലയാളി മനസ്സ്’ ല്‍ മികച്ച ലേഖനത്തിനുള്ള പുരസ്ക്കാരം ലഭിച്ചു. കഥാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തിനര്ഹമായതിനാല് കാവ്യദളങ്ങള്‍ ഗ്രൂപ്പ് കാവ്യമുകുളം പുരസ്ക്കാരം നല്കി ആദരിച്ചു.
എന്റെ കേരളം ഗ്രൂപ്പ് വനിതാദിനത്തില്‍ നടത്തിയ ലേഖനമത്സരത്തില്‍ വിജയിയായതിന് മഹിളാരത്നം പുരസ്ക്കാരം നല്കി.സ്വന്തം ഗ്രാമമായ നാദാപുരം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ തലത്തില്‍ മികച്ച കവയിത്രിക്കുള്ള പുരസ്ക്കാരം ലഭിച്ചു.കലാസാഹിത്യ സാംസ്ക്കാരിക തൊഴില്‍ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്കുന്ന ദേശീയസംഘടനയായ ഭാരത് സേവക് സമാജ് മികച്ച സാഹിത്യ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി’ ഭാരത് സേവക് ദേശീയ പുരസ്ക്കാരം’ നല്കി ആദരിച്ചിട്ടുണ്ട്.
റേഡിയോ രംഗ് കാവ്യ സല്ലാപം പരിപാടിയില്‍ പങ്കെടുത്തു. ഏറ്റവും മികച്ച അനുഭവക്കുറിപ്പ് അവതരിപ്പിച്ചു.
കൊച്ചിന്സാഹിത്യ അക്കാദമി 2023 വര്‍ഷത്തെ സുവര്‍ണ്ണ തൂലികപുരസ്ക്കാരം ജൂറി അവാര്‍ഡ് നല്‍കിയത് ടീച്ചറുടെ’ കയ്യൊപ്പ്’ എന്ന കഥാസമാഹാരത്തിനാണ്.
സമശ്രീ മിഷന് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷികാഘോഷച്ചടങ്ങില്‍ വെച്ച് പ്രശസ്തനും യശ:ശ്ശരീരനുമായ മഹാകവി ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ’പ്രതിഭാപുരസ്ക്കാരം’ നല്കി ആദരിച്ചു.
സ്വന്തം ഗ്രാമമായ വിഷ്ണുമംഗലത്തുള്ള പി.കെ. രാജന് സ്മാരക വായനശാലയുടെ വാര്‍ഷികാഘോഷച്ചടങ്ങില്‍ വെച്ച്’ വിഷ്ണുമംഗലത്തിന്റെ എഴുത്തുകാരി’ എന്ന ആദരവും പൊന്നാടയും പ്രശസ്ത കവി വീരാന്കുട്ടിയില് നിന്നും സ്വീകരിച്ചു.
ഫേസ്ബുക്ക് കൂട്ടായ്മയായ’എവര്‍ഗ്രീന്‍’ സാഹിത്യവേദിയും ഈ എഴുത്തുകാരിക്ക് ആദരവ് നല്‍കിയിട്ടുണ്ട്.
പെയ്തൊഴിയാതെ എന്ന സംഗീതസാഹിത്യ ഗ്രൂപ്പില്‍ ഓണപ്പാട്ടിന്റെ സംഗീത ആല്‍ബം ചെയ്തിട്ടുണ്ട്. ധാരാളം കവിതകള്‍ വീഡിയോ ചെയ്ത് യുട്യൂബിലുണ്ട്. മുരളി നെല്ലാനോടിന്റെ യൂട്യൂബില്‍ ടീച്ചറുടെ കഥകളുടെ ശബ്ദാവിഷ്ക്കാരം ചെയ്തിട്ടുണ്ട്.
കേരളസംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ’ തളിര്’ മാസികയില്‍ ബാലകഥ പ്രസിദ്ധീകരിച്ചതിനുള്ള പ്രതിഫലം തന്റെ കുഞ്ഞു രചനയ്ക്ക് കിട്ടിയ അംഗീകാരം ആ മനസ്സിലെ നോവുകളെ പാടെ മായ്ച്ചുകളഞ്ഞുവത്രേ.
ദേശശബ്ദം മാസിക, മാതൃധ്വനി, മഴമാസിക, തമ്പാച്ചിക്കുടുക്ക, ഇതള്‍ എന്നീ മാസികകളിലും അവരുടെ രചനകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.
കല- സാഹിത്യ- ജീവകാരുണ്യ സംഘടനയായ നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷച്ചടങ്ങില്‍ വെച്ച് 2023-2024 വര്‍ഷത്തെ’ ലളിതാംബിക സ്മാരക പുരസ്ക്കാരം’ പ്രശസ്ത കവിയും സാഹിത്യകാരനുമായ കൂരിപ്പുഴ ശ്രീകുമാറില്‍ നിന്നും ഏറ്റുവാങ്ങി.
ടീച്ചറുടെ ‘കയ്യൊപ്പ് ‘എന്ന കഥാസമാഹാരമാണ് മഹനീയമായ ഈ പുരസ്ക്കാരത്തിനവരെ അര്‍ഹയാക്കിയത്.
ആദരവുകള്ക്കര്ഹയാകാന് ഭാഗ്യം ലഭിച്ചത് സരസ്വതി കടാക്ഷവും നന്മമനസ്സുകളുടെ പ്രോത്സാഹനവുമാണെന്ന് സന്തോഷത്തോടെ ടീച്ചര്‍ പറയുമ്പോള്‍ ആ വാക്കുകളില്‍ അഭിമാനത്തിന്റെ തിളക്കവും എളിമയും ഉണ്ടായിരുന്നു.
ഒരു നിമിത്തം പോലെ കോവിഡിന്റെ വരവ് ടീച്ചറിന്റെ ജീവിതത്തെ ആദരവുകളേകി വര്‍ണ്ണാഭമാക്കിയപ്പോള്‍, തനിക്ക് പ്രചോദനമേകി മുന്നോട്ടു നയിച്ച മക്കളെ(പെറ്റമ്മയെ പോലെ സ്നേഹിക്കുന്നവര്‍) കൂടപ്പിറപ്പിനെ പോലെ കരുതുന്ന സഹോദരി സഹോദരന്മാരോടുള്ള സ്നേഹവും നന്ദിയും വാക്കുകള്‍ക്കതീതമാണെന്നും അവര്‍ പറയുന്നു.
കവനകലാസൗഹൃദ വേദിയില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ടീച്ചറിന്റെ എല്ലാ രചനകളും വായിച്ചും, ചൊല്ലിയും അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവുമാണെനിക്ക്. അത്രയ്ക്ക് ഹൃദ്യവും ജീവിതഗന്ധിയും സാമൂഹ്യ പ്രതിബദ്ധതയുള്ളതുമാണ് ആ തൂലികയില്‍ വിരിയുന്ന അക്ഷരപ്പൂക്കള്‍.
തനിക്ക് നേരേ ഉയരുന്ന വിമര്‍ശനങ്ങള്‍ വെല്ലുവിളിയായിട്ടു കരുതുകയാണ് അവര്‍. വിമര്‍ശകരാണ് എഴുതാനുള്ള ആവേശം എന്നിലുണ്ടാക്കുന്നതെന്നാണ് ടീച്ചറിന്റെ അഭിപ്രായം.
കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ സ്വദേശിയായ ഒ.കെ ശൈലജ, ഒതയോത്തു കുനിയില്‍ കൃഷ്ണന് ദേവൂട്ടി ദമ്പതികളുടെ മൂത്ത മകളാണ്. പ്രീഡിഗ്രി, ടി.ടി.സി വിദ്യാഭ്യാസത്തിനു ശേഷം വിഷ്ണുമംഗലം എന്‍.പി.സ്ക്കൂളില്‍ ഇരുപത്തേഴ് വര്‍ഷത്തെ അദ്ധ്യാപനത്തിനു ശേഷം അനാരോഗ്യം കാരണം സ്വമേധയാ വിരമിക്കുകയായിരുന്നു.
അതിനിടയില്‍ മൂന്നുമക്കളില്‍ രണ്ടാമത്തെ മകന്റെ ആകസ്മിക മരണവും ടീച്ചറെ ശാരീരികമായും മാനസികമായും തളര്‍ത്തി.
ഭര്‍ത്താവ് കുഞ്ഞിരാമന് കുറച്ചുകാലം പ്രവാസിയായിരുന്നു.
തുടര്‍ച്ചയായി നേരിടേണ്ടിവന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനാകാതെ ജീവിതത്തിനു മുന്നില്‍ പകച്ചുപോയെങ്കിലും കോവിഡിന്റെ വരവ് അവരിലെ സര്‍ഗ്ഗശേഷിയെ ഉണര്‍ത്തുകയായിരുന്നു
രോഗമോ, പ്രായമോ നമ്മുടെ അഭിരുചിക്കൊരു തടസ്സമാകരുതെന്നും , തന്നിലെ കഴിവുകള്‍ വികസിപ്പിച്ച് കൊണ്ട് മുന്നേറാനുള്ള ശ്രമം എഴുത്തുകാര്‍ക്ക് ഉണ്ടാകണമെന്നും പറയുമ്പോള്‍ ആ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ധ്വനി നിഴലിക്കുന്നുണ്ടായിരുന്നു.
അക്ഷരങ്ങളെ പ്രണയിച്ചു കൊണ്ട് എഴുത്ത് സപര്യയാക്കിയ ടീച്ചര്‍ തന്റെ അനാരോഗ്യത്തെ അതിജീവിച്ചു കൊണ്ട് എഴുത്ത് വീഥിയിലൂടെ യാത്ര തുടരുകയാണ്.
വളര്‍ന്നുവരുന്ന നമ്മുടെ മക്കളുടെ ധൈഷണിക വികാസത്തിലെ സുപ്രധാനമായ മുന്നേറ്റം എഴുത്തും വായനയും തന്നെയാണ്. വിജ്ജ്ഞാനം പകര്‍ത്തിവെക്കാനും അത് ഭാവിതലമുറക്ക് പ്രയോജനപ്രദമാക്കാനും എഴുത്തിലൂടെ സാധിക്കുന്നു. എഴുത്തിന്റെയും വായനയുടേയും ഇന്നത്തെ വികാസത്തിലേക്കുള്ള വഴിയില്‍ പല വളര്‍ച്ചകളും ഉണ്ടാകണമെന്നതാണ് ഒ.കെ. ശൈലജയുടെ അഭിപ്രായം.
എഴുത്താകും ദിവ്യൗഷധത്തിന്റെ മൂല്യം അനുഭവിച്ചറിഞ്ഞ ആനന്ദാനുഭൂതിയിലാണ് ടീച്ചര്‍. ഇനിയുള്ള നാളുകളിലും സഹയാത്രികരായ എഴുത്തുകാരോടൊപ്പം സൗഹൃദം പങ്കിട്ട്, ആനന്ദമനുഭവിച്ചു കൊണ്ട് യാത്ര ചെയ്യണമെന്നതാണ് തന്റെ ജീവിതാഭിലാഷമെന്ന് പറയുമ്പോള്‍ അവര്‍ ഉന്മേഷവതിയാണ് ഈ സായന്തനത്തിലും…
ഏകാന്തതയില്‍ നിന്നൊരു അതിജീവനം