38-ാം നാള് റിസല്‍ട്ട്
18-ാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിധിയെഴുതി കേരളം. ഔദ്യോഗിക സമയമായ ആറുമണിക്കു ശേഷവും വിവിധ മണ്ഡലങ്ങളിലെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവായിരുന്നു. ക്യൂവിലുണ്ടായിരുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ടോക്കണ്‍ നല്‍കിയാണ് വോട്ടെടുപ്പ് പ്രക്രിയ പുരോഗമിച്ചത്. ചില ബൂത്തുകളില്‍ വോട്ടിങ് മെഷീന് തകരാറിലായതിനെ തുടര്‍ന്നാണ് മണിക്കൂറുകളോളം പോളിങ് തടസപ്പെട്ടത്.ഒടുവില്‍ രാത്രി പന്ത്രണ്ടോടെ സംസ്ഥാനത്തെ വോട്ടെടുപ്പ് സമാപിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണത്തെയും ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇതാദ്യമായാണ് വോട്ടെടുപ്പ് നീണ്ടത്.വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളിലാണ് രാത്രി വൈകിയും വോട്ടെടുപ്പ് നടന്നത്. വടകര മണ്ഡലത്തിലെ മൂന്നു ബൂത്തുകളിലാണ് രാത്രി പന്ത്രണ്ടോടെ ഏറ്റവും ഒടുവില്‍ പോളിങ് സമാപിച്ചത്.
വാശിയേറിയ പോരാട്ടം നടന്നെങ്കിലും സംസ്ഥാനത്തെ പോളിങ്ങ് ശതമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 77.84 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂരാണ്. കണ്ണൂരില്‍ 75.74 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഏറ്റവ് കുറവ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് പത്തനംതിട്ടയിലായിരുന്നു. 63.5 ശതമാനം വോട്ടാണ് പത്തനംതിട്ടയില്‍ രേഖപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം-66.41, ആറ്റിങ്ങല്‍-69.39, കൊല്ലം-67.82, മാവേലിക്കര-65.86, ആലപ്പുഴ-74.25, കോട്ടയം-65.59, ഇടുക്കി-66.37, എറണാകുളം-67.97, ചാലക്കുടി-71.59, തൃശൂര്‍-71.9, പാലക്കാട്-72.45, ആലത്തൂര്‍-72.42, പൊന്നാനി-67.69, മലപ്പുറം-71.49, കോഴിക്കോട്-73.09, വയനാട്-72.71, വടകര-73.09, കാസര്‍ഗോഡ്-74.16 എന്നിങ്ങനെയാണ് പോളിങ്ങ് ശതമാനം.
ചില സ്ഥലങ്ങളില്‍ ഒറ്റുപ്പെട്ട അക്രമസംഭവങ്ങളുണ്ടായെങ്കിലും പൊതുവേ സമാധാനപരമായാണ് വോട്ടിങ് അവസാനിച്ചത്.