രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ മാന്യതയുടെ  അതിര്‍വരമ്പുകള്‍ ലംഘിക്കരുത്

എഡിറ്റോറിയല്‍

പി.വി.അന്‍വര്‍ എം.എല്‍.എയുടെ പ്രസ്താവനയെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് ചേരാത്തതാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടും, സി.അച്യുത മേനോനും, ഇ.കെ. നായനാരും, കെ.കരുണാകരനും, എ.കെ.ആന്റണിയും, ഉമ്മന്‍ചാണ്ടിയും കേരളം ഭരിച്ച മുഖ്യമന്ത്രിമാരാണ്. അവരെല്ലാം രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിച്ച പ്രതിപക്ഷ ബഹുമാനം കേരളത്തിലെ പൊതു ജീവിതത്തിലെ തങ്ക ലിപികളാണ്. ഇ.എം.എസിനെ പോലെ ബൗദ്ധിക തലത്തില്‍ സംഭാവന ചെയ്ത ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി നമുക്കില്ല. എളിമജീവിതത്തിന്റെ ആള്‍രൂപങ്ങളായിരുന്നു ഇ.എം.എസും, ഇ.കെ. നായനാരും, സി.അച്യുതമേനോനും, എ.കെ.ആന്റണിയും,വി.എസ്.അച്യുതാനന്ദനും . ഈ മഹാരഥന്മാരാണ് വരും തലമുറക്ക് എക്കാലവും മാതൃക.
ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിലേക്കാണ് കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. അദ്ദേഹമതെല്ലാം നിറ പുഞ്ചിരിയോടെയാണ് നേരിട്ടത്. തന്നെ അക്രമിച്ചവര്‍ക്ക് അദ്ദേഹം മാപ്പ് കൊടുത്തിരുന്നു. ഇതെല്ലാം ഹൃദയ വിശാലതയുടെ മകുടോദാഹരണങ്ങളാണ്. എന്നാല്‍ കണ്ണൂരില്‍ വെച്ച് മുഖ്യ മന്ത്രിയെ തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഡിവൈഎഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ പിണറായി വിജയന്‍ ന്യായീകരിക്കുകയായിരുന്നു.
ഭരണ കര്‍ത്താക്കളെ തെരുവില്‍ തടയുന്ന സമര രീതി മുന്‍ കാലങ്ങളിലും നടന്നിട്ടുണ്ട്. അത് തടയാന്‍ പോലീസ് സംവിധാനവും നിലവിലുണ്ട്. സ്വന്തം പാര്‍ട്ടി അണികള്‍ നിയമം കയ്യിലെടുക്കുമ്പോള്‍ അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയെ കേരള ചരിത്രം എങ്ങനെ വിലയിരുത്തും. പി.വി.അന്‍വര്‍ പാലക്കാട് തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുല്‍ഗാന്ധിക്കെതിരെ വളരെ നിന്ദ്യമായ പ്രയോഗം നടത്തിയത്. നമ്മള്‍ ഒരാളെ അപഹസിക്കുമ്പോള്‍ സ്വയം അപഹാസ്യനാവുകയാണെന്ന പ്രവാചക വചനം തന്നെയാണ് പി.വി.അന്‍വറിനുള്ള മറുപടി.
രാഷ്ട്രീയ നേതാക്കള്‍ വലിയ ഉത്തരവാദിത്തമുള്ളവരാണ്. അവര്‍ ജനങ്ങളെയും നാടിനെയും നയിക്കേണ്ടവരാണ്. അവരുടെ ഓരോ വാക്കും സമൂഹം ശ്രദ്ധയോടെ വീക്ഷിക്കും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പുതുതലമുറ  ഇത്തരം നേതാക്കളെ പിന്‍പറ്റിയാല്‍  അത് നമ്മുടെ രാഷ്ട്രീയ മണ്ഡലം കൂടുതല്‍ അന്തസില്ലാത്തതായി മാറും. വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന ചൊല്ലുപോലെ രാഷ്ട്രീയ എതിരാളികളെ നിന്ദ്യമായി അധിക്ഷേപിക്കുന്ന ഇത്തരം പൊതു പ്രവര്‍ത്തകരെ കാലം തിരിച്ചറിയും.
യുവജന നേതാക്കള്‍ നീതിമാന്‍മാരും, ധര്‍മ്മിഷ്ഠരും, അനീതിക്കെതിരെ പോരാടുന്നവരും പാവങ്ങളുടെ കണ്ണീരൊപ്പുന്നവരും, അഴിമതിക്കെതിരെ നിലപാടുള്ളവരുമായിരിക്കണം. മുതിര്‍ന്ന നേതാക്കള്‍ അന്തസിന്റെ സീമ ലംഘിച്ചാല്‍ എല്ലാ പാര്‍ട്ടികളിലെയും യുവജന നേതാക്കള്‍, അവരെ ചോദ്യം ചെയ്യാന്‍ ഭയക്കരുത്. കേരളത്തിന് വേണ്ടത് അന്തസുള്ള രാഷ്ട്രീയമാണ്. അത് പരസ്പരം ബഹുമാനത്തില്‍ അന്തര്‍ലീനമാവണം.
സമീപകാലത്തെ ചില നേതാക്കളുടെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയത്തിന്റെ നിലവാരത്തകര്‍ച്ചക്ക് ഉദാഹരണങ്ങളാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയൊക്കെ രാഷ്ട്രീയ പ്രതികരണങ്ങള്‍ക്കായി ഇന്ത്യയും കേരളവും കാതോര്‍ത്തിരുന്നു. അതിന് കാരണം രാഷ്ട്രീയത്തിന്റെ ബൗദ്ധിക തലങ്ങളുടെ മഹാ പ്രവാഹമായത് കൊണ്ടാണ്. വര്‍ത്തമാന കാലത്ത്‌ രാഷ്ട്രീയ നേതാക്കള്‍ക്ക് വായന കുറവാണെന്ന വിമര്‍ശനം ശക്തമാണ്. ആഴത്തിലുള്ള വായന, ജനങ്ങള്‍ക്കിടയില്‍ ലെനിന്‍ പറഞ്ഞതുപോലെ വെള്ളത്തിലെ മത്സ്യത്തെപോലെ പ്രവര്‍ത്തിക്കുന്ന ശൈലി ഇതെല്ലാം ചേര്‍ന്ന ഒരു പുതു തലമുറ രാഷ്ട്രീയം വളര്‍ന്നു വരുമ്പോള്‍ ഇത്തരം അപഖ്യാതികളെ ചരിത്രം ചവറ്റ്‌കൊട്ടയിലെറിയും.

രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ മാന്യതയുടെ

 അതിര്‍വരമ്പുകള്‍ ലംഘിക്കരുത്

Share

Leave a Reply

Your email address will not be published. Required fields are marked *