പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പി.വി.അന്‍വര്‍ പാലക്കാട് നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേമ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ച് പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. വിജയരാഘവന്‍. പ്രസംഗിക്കുമ്പോള്‍ നല്ല ഭാഷ ഉപയോഗിക്കുന്നതാണ് നല്ലതെന്നും, പ്രസംഗങ്ങള്‍ പക്വമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗിക്കുമ്പോള്‍ ഒരു വാദമുഖം മുന്നോട്ട് വെക്കുകയാണ് ചെയ്യുന്നത്. ആ വാദം നല്ലരീതിയില്‍ സമര്‍ഥിക്കാന്‍ നല്ല ഭാഷ ഉപയോഗിക്കുകയാണ് വേണ്ടതെന്നും എ. വിജയരാഘവന്‍ പ്രതികരിച്ചു.
പാലക്കാട് എടത്തനാട്ടുകരയില്‍ എല്‍.ഡി.എഫ് ലോക്കല്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ പി.വി. അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്നായിരുന്നു പി.വി. അന്‍വറിന്റെ പരാമര്‍ശം.
‘ഗാന്ധി’ എന്ന പേര് ചേര്‍ത്ത് ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ്. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ വിളിക്കൂവെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി.
‘രണ്ട് ദിവസമായി ”ഗാന്ധി’ എന്ന പേര് കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്നന സകല മനുഷ്യരും കഴിഞ്ഞ രണ്ട് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്.
നെഹ്‌റു കുടുംബത്തിന്റെ ജെനിറ്റിക്‌സില്‍ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാന്‍ കഴിയുമോ. അക്കാര്യത്തില്‍ എനിക്ക് നല്ല സംശയമുണ്ട്.രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്നുമായിരുന്നു’ അന്‍വറിന്റെ പ്രസംഗം.