എല്‍ ക്ലാസിക്കോയില്‍ ബാഴ്സയ്ക്ക് തോല്‍വി

എല്‍ ക്ലാസിക്കോയില്‍ ബാഴ്സയ്ക്ക് തോല്‍വി

മാഡ്രിഡ്: ഈ സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന് ജയം. ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ങാം നേടിയ ഗോളില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ സ്വന്തം മൈതാനത്ത് ബാഴ്സയെ പരാജയപ്പെടുത്തിയത്.

റയലിന്റെ മൈതാനത്ത് മികച്ച കളി പുറത്തെടുത്ത് രണ്ടു തവണ ലീഡെടുത്ത ബാഴ്സയ്ക്ക് ലാ ലിഗയിലെ ഗോള്‍ ലൈന്‍ സാങ്കേതികവിദ്യയുടെ അഭാവമാണ് സമനില നഷ്ടമാക്കിയത്. ഇതോടെ ബാഴ്സ പരിശീലകനെന്ന നിലയിലെ സാവി ഹെര്‍ണാണ്ടസിന്റെ അവസാന എല്‍ ക്ലാസിക്കോ പരാജയത്തിന്റേതായി.

കളിയുടെ ആറാം മിനിറ്റില്‍ തന്നെ ക്രിസ്റ്റ്യന്‍സണിലൂടെ ബാഴ്സ മുന്നിലെത്തി. റഫീഞ്ഞ്യ എടുത്ത കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ക്രിസ്റ്റിയന്‍സന്റെ ഗോള്‍.

പിന്നാലെ 17-ാം മിനിറ്റില്‍ വാസ്‌ക്വസിനെ കുബാര്‍സി ബോക്സില്‍ വീഴ്ത്തിയതിന് റയലിനുകൂലമായി പെനാല്‍റ്റി. കിക്ക് ലക്ഷ്യത്തിലെത്തിച്ച് വിനീഷ്യസ് ജൂനിയര്‍ റയലിനെ ഒപ്പമെത്തിച്ചു.

തുടര്‍ന്ന് 28-ാം മിനിറ്റിലായിരുന്നു ഗോള്‍ലൈന്‍ സാങ്കേതികവിദ്യയുടെ അഭാവത്തില്‍ ബാഴ്സയുടെ ഗോള്‍ നിഷേധിക്കപ്പെട്ടത്. റഫീഞ്ഞ്യയുടെ ക്രോസ് ലാമിന്‍ യമാല്‍ ഫ്ളിക് ചെയ്തത് റയല്‍ ഗോള്‍ ലുണിന്‍ തട്ടിയകറ്റും മുമ്പ് ഗോള്‍വര കടന്നിരുന്നു. എന്നാല്‍ വാര്‍ പരിശോധിച്ച റഫറി പന്ത് ഗോള്‍വര കടന്നെന്ന് സ്ഥീരീകരിക്കാന്‍ ഉതകുന്നതരത്തില്‍ ക്യാമറ ആംഗില്‍ ലഭ്യമല്ലെന്ന കാരണത്താല്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ബാഴ്സ വീണ്ടും മുന്നിലെത്തി. 69-ാം മിനിറ്റില്‍ ലാമിന്‍ യമാലിന്റെ ഷോട്ട് ലുണില്‍ തട്ടിയകറ്റിയത് ഫെര്‍മിന്‍ ലോപ്പസ് വലയിലാക്കുകയായിരുന്നു. 73-ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌ക്വസിലൂടെ റയല്‍ വീണ്ടും ഒപ്പമെത്തി. വിനീഷ്യസിന്റെ ക്രോസ് മികച്ചൊരു ഷോട്ടിലൂടെ വാസ്‌ക്വസ് വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് അവസാന മിനിറ്റുകളില്‍ ആക്രമണം കടുപ്പിച്ച റയല്‍ ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ തന്നെ ബെല്ലിങ്ങാമിലൂടെ വിജയഗോളും നേടി.

ജയത്തോടെ 32 മത്സരങ്ങളില്‍ നിന്ന് 81 പോയന്റുമായി റയല്‍ ഒന്നാം സ്ഥാനത്തെത്തി. ലീഡ് 11 പോയന്റാക്കി ഉയര്‍ത്തി. ആറു മത്സരങ്ങള്‍ മാത്രമാണ് ലീഗില്‍ ഇനി ഇരുവര്‍ക്കും ബാക്കിയുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *