കേരളത്തില്‍ ഇടതു മുന്നണി മത്സരിക്കുന്നത് ബിജെപിയെ സഹായിക്കാന്‍; പി.എം.എ.സലാം

കേരളത്തില്‍ ഇടതു മുന്നണി മത്സരിക്കുന്നത് ബിജെപിയെ സഹായിക്കാന്‍; പി.എം.എ.സലാം

കോഴിക്കോട്: 2019ല്‍ എന്‍ഡിഎ മുന്നണി 35% വോട്ട് നേടി പാര്‍ലമെന്റില്‍ 75% സീറ്റുകള്‍ കരസ്ഥമാക്കിയത്, ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ച 65% വോട്ട് ഭിന്നിച്ചതിനാലാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ.പി.എം.എ.സലാം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ ഇലക്ഷന്‍ എക്‌സ്‌ചേഞ്ച് കണക്റ്റിങ് ലീഡേഴ്‌സ് പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 65% വോട്ടര്‍മാരും ജനാധിപത്യവും, മതേതരത്വവുമാഗ്രഹിക്കുന്നവരാണ്. അവരെ ഒന്നിപ്പിക്കലാണ് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള വഴിയെന്ന തിരിച്ചറിവിലാണ് ഇന്ത്യാ മുന്നണി തിരഞ്ഞെടുപ്പ് പോരാട്ടം നടത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ സമൂഹം ഹൈന്ദവ സമൂഹമാണ്. ജനസംഖ്യയിലെ 80% വരുന്ന അവരില്‍ 30%ത്തിന്റെ പിന്തുണ മാത്രമാണ് ബിജെപിക്കുള്ളത്. ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പരത്തുന്ന ബിജെപിയെ മഹാഭൂരിപക്ഷം ഹൈന്ദവ സമൂഹവും ഇഷ്ടപ്പെടുന്നില്ല. ഹൈന്ദവ സമൂഹം രാജ്യത്തിന്റെ മഹത്തായ പൈതൃകവും സാഹോദര്യവും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

ഉത്തര്‍ പ്രദേശില്‍ 2019ല്‍ ഒരു സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അഖിലേഷ് യാദവും, കോണ്‍ഗ്രസും ചേര്‍ന്ന് ബിജെപിക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ വലിയ വിജയം യുപിയില്‍ ഇന്ത്യാ മുന്നണി നേടും. ബീഹാറില്‍ 9 തവണയാണ് നിതീഷ് കുമാര്‍ കൂറുമാറിയത്. ഇക്കുറി അദ്ദേഹം മാറിയപ്പോള്‍ കൂടെ ജനങ്ങള്‍ പോയിട്ടില്ല. തേജസ്വി യാദവും, കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും ചേര്‍ന്ന് ബീഹാറില്‍ വലിയ മുന്നേറ്റമുണ്ടാക്കും. മഹാരാഷ്ട്രയില്‍ എന്‍സിപിയും, ശിവസേനയും, കോണ്‍ഗ്രസും സംയുക്തമായാണ് ബിജെപിയെ നേരിടുന്നത്. അവിടെയും അധികം സീറ്റുകള്‍ നേടും. ബിജെപിയുടെ കോട്ടയായ ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പോലും രാജിവെച്ച് കോണ്‍ഗ്രസിലേക്ക് വരുകയാണ്. കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന, കേരളം എന്നിവിടങ്ങളില്‍ ബിജെപി പ്രതിനിധാനം ചെയ്യുന്ന ഭരണഘടനാ വിരുദ്ധ ശക്തികള്‍ ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടും.

കോണ്‍ഗ്രസില്ലാതെ ബിജെപിയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് സിപിഎം കേരളത്തില്‍ പറയുന്നു. കോണ്‍ഗ്രസ് പരാജയപ്പെടണമെന്ന് സിപിഎം പറഞ്ഞാല്‍ അത് ബിജെപിയെ സഹായിക്കലാണ്. സിപിഎം പുറത്ത് മത്സരിക്കുന്നത് കോണ്‍ഗ്രസുമായും, തമിഴ്‌നാട്ടില്‍ ലീഗുമായും സഹകരിച്ചാണ്.

2014ലും മോദി ഇതുപോലുള്ള പല പ്രഖ്യാപനങ്ങളും നടത്തിയിരുന്നു. 410 രൂപയുണ്ടായിരുന്ന പാചക വാതകത്തിന്റെ വില കുറയ്ക്കും. ഇന്ന് വില 1200 രൂപയാണ്. 55 രൂപയുണ്ടായിരുന്ന പെട്രാളിന് ഇന്ന് 106 രൂപയാണ്. വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരന്റെയും എക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കും. 15 ലക്ഷം പോയിട്ട് 15 നയാ പൈസ കിട്ടിയോ? മോദി പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ചു. സബ്‌സിഡികള്‍ ഇല്ലാതാക്കി. നോട്ട് നിരോധിക്കുമ്പോള്‍ പറഞ്ഞത് കള്ളപ്പണം തിരിച്ച്പിടിക്കുമെന്നാണ്. റിസര്‍വ്വ് ബാങ്ക് പറയുന്നത് 99% പണവും തിരിച്ചെത്തിയെന്നാണ്. നോട്ട് നിരോധനം കൊണ്ട് ജനങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ വിവരണാതീതമാണ്.

7 വര്‍ഷമായുള്ള പിണറായി വിജയന്റെ ഭരണം ജനം മടുത്തിരിക്കുകയാണ്. തൃക്കാക്കരയിലും, പുതുപ്പള്ളിയിലും ജനങ്ങള്‍ പിണറായിക്ക് മറുപടി നല്‍കിയിട്ടുണ്ട്. പിണറായി വിജയന്റെ സിപിഎം അല്ല യഥാര്‍ത്ഥ സിപിഎം എന്ന് പാര്‍ട്ടി അണികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് രാജ്യത്ത് ഒരു റോളുമില്ല. എള്ള് ഉണക്കുന്നത് എണ്ണക്ക് വേണ്ടിയാണ്. കൂട്ടത്തില്‍ കുറുഞ്ചാത്തനും ഉണങ്ങും അത്രയേഉള്ളൂ.

കോണ്‍ഗ്രസ് മത്സരിക്കുന്നത് ബിജെപിയെ പരാജയപ്പെടുത്താനാണ്. ബിജെപി മത്സരിക്കുന്നത് രാജ്യത്തിന്റെ ഐക്യവും, പൈതൃകവും തകര്‍ക്കാനാണ്. ഇന്ത്യാ മുന്നണിയുടെ രൂപീകരണ വേളയില്‍ സിപിഎം മുന്നിലുണ്ടായിരുന്നു . ഏകോപന സമിതിയില്‍ സിപിഐ അംഗമായി. എന്നാല്‍ സിപിഎം വിട്ടു നിന്നു. കേരളത്തില്‍ എല്‍ഡിഎഫ് മത്സരിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്നും പി.എം.എ.സലാം കൂട്ടിച്ചേര്‍ത്തു.

പ്രസ്‌ക്ലബ്ബ് സെക്രട്ടറി പി.എസ്.രാഗേഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എം.ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് ട്രഷറര്‍ പി.വി.നജീബും സംബന്ധിച്ചു.

 

 

 

 

കേരളത്തില്‍ ഇടതു മുന്നണി മത്സരിക്കുന്നത്
ബിജെപിയെ സഹായിക്കാന്‍; പി.എം.എ.സലാം

Share

Leave a Reply

Your email address will not be published. Required fields are marked *