കോഴിക്കോട്: ഇന്ന് രാജ്യത്ത് നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി വന്‍ വിജയം നേടുമെന്നും ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ ഇലക്ഷന്‍ എക്‌സ്‌ചേഞ്ച് കണക്റ്റിങ് ലീഡേഴ്‌സ് പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 102 സീറ്റിലാണ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 2009ല്‍ പ്രതിപക്ഷത്തിന് 42 സീറ്റാണ് ലഭിച്ചത്. ഇക്കുറി 102ല്‍ ഭൂരിപക്ഷവും ഇന്ത്യാ മുന്നണി നേടും.
രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇന്ത്യാ മുന്നണി മതേതര, ജനാധിപത്യത്തിനായി ശക്തമായ പോരാട്ടമാണ് നടത്തുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ ബിജെപി ഭരണത്തിനെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും. രാജ്യത്ത് ബിജെപി ഭരണം അവസാനിപ്പിക്കാന്‍ ഇന്ത്യാ മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് കോണ്‍ഗ്രസ് വലിയ പരിഗണനയാണ് നല്‍കിയത്. ജയ സാധ്യത പരിശോധിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടുള്ളത്.
നരേന്ദ്ര മോദിയുടെ ജനവിരുദ്ധ-വര്‍ഗ്ഗീയ രാഷ്ട്രീയത്തിനറുതി വരുത്തി, രാജ്യത്തെ രക്ഷിക്കാനും ജനങ്ങളെ ഒന്നിപ്പിക്കാനുമുള്ള പോരാട്ടമാണ് നടക്കുന്നത്. 2009ല്‍ ബിജെപിക്ക് 35% വോട്ടാണ് ലഭിച്ചത്. 65 ശതമാനം വോട്ടുകള്‍ ഭിന്നിക്കുകയുണ്ടായി. ബിജെപിക്കെതിരെ 65%ത്തിന്റെ ജന പിന്തുണ വിഭജിക്കപ്പെട്ടതാണ് മോദി അധികാരത്തില്‍ വരാനിടയാക്കിയത്. അത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് വലിയ ഇടപെടലാണ് നടത്തിയിട്ടുള്ളത്.
ബിജെപി തെറ്റായ പ്രചാരണമാണ് നടത്തുന്നത്. 400ലധികം സീറ്റുകള്‍ നേടുമെന്ന പ്രചരണം ജനങ്ങളെ കബളിപ്പിക്കാനാണ്. വാസ്തവത്തില്‍ ബിജെപിയുടെ ഗ്രാഫ് താഴോട്ടാണ്.
കേരളത്തില്‍ യുഡിഎഫ് 20ല്‍ 20ഉം നേടും. പിണറായി സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് നിലനില്‍ക്കുന്നത്. പിണറായി മന്ത്രി സഭയിലെ ഒറ്റ മന്ത്രിമാരും പ്രചാരണത്തിനില്ല. മുഖ്യ മന്ത്രി മന്ത്രിമാരെ പിന്‍വലിച്ചിരിക്കുകയാണ്. അതിന് കാരണം ഇടതു സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുന്നുണ്ടെന്നുള്ള സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തലാണ്. സിപിഎം അണികളിലും ഭരണ വിരുദ്ധ വികാരമുണ്ട്. അവര്‍ നിര്‍ജീവമാണ്.
മുഖ്യമന്ത്രി പ്രസംഗിക്കുന്നത് കേട്ടാല്‍ മോദി പ്രസംഗിക്കുന്നത് പോലെ തോന്നും. അദ്ദേഹം രാഹുലിനെയും കോണ്‍ഗ്രസിനെയുമാണ് അക്രമിക്കുന്നത്. അദ്ദേഹത്തിന്റെ പത്ര സമ്മേളനം കേട്ടാല്‍ ബിജെപി ഓഫീസില്‍ നിന്നും തയ്യാറാക്കി കൊടുക്കുന്നതാണെന്ന് തോന്നും. ബിജെപിയെയും മോദിയെയും സന്തോഷിപ്പിക്കലാണ് മുഖ്യമന്ത്രിയുടെ ജോലി. പിണറായി വിജയന്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിട്ടുണ്ടോ? കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഇന്ത്യാ മുന്നണിയിലെ എല്ലാ മുഖ്യ മന്ത്രിമാരും പ്രതിഷേധിക്കാനെത്തിയപ്പോള്‍ പിണറായി വിജയനെ കണ്ടില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് ആഗ്രഹിക്കുന്നവരാണ് മോദിയും പിണറായിയും. സ്വര്‍ണ്ണക്കടത്ത് കേസ് ആവിയായി. ലാവ്‌ലിന്‍ കേസ് 38 തവണയാണ് മാറ്റിവെച്ചത്. വിദേശത്ത് നിന്ന് പണംകൊണ്ട് വന്ന് ഫെറ ലംഘനം നടത്തിയ ലൈഫ് മിഷന്‍ കേസ് ആവിയായി. ഇതെല്ലാം പിണറായി വിജയനെ രക്ഷിക്കാന്‍ ബിജെപി നല്‍കിയ സഹായമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ കടത്തിയ കുഴല്‍ പണ കേസ് ആവിയായി. ഇപ്പോഴത്തെ മാസപ്പടി കേസിലും ഒന്നുമുണ്ടാവാന്‍ പോകുന്നില്ല. കേന്ദ്ര ഏജന്‍സികള്‍ എല്‍ഡിഎഫിനെ ദ്രോഹിക്കുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ബിജെപി, സിപിഎമ്മിന് നല്‍കുന്ന സഹായമാണത്.
ഇത്തവണയും ബിജെപി കേരളത്തില്‍ എക്കൗണ്ട് തുറക്കില്ല. കോണ്‍ഗ്രസ് ദേശീയ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും വരും ദിവസങ്ങളില്‍ കേരളത്തില്‍ പ്രചാരണത്തിനെത്തും.
സൈബര്‍ ഇടങ്ങളില്‍ നിന്നുണ്ടാവുന്ന അക്രമണം ന്യായീകരിക്കാനാവില്ല. കെ.കെ.രമക്കും, ഉമാ തോമസിനും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ കേരള സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് അദ്ദേഹം ചോദിച്ചു. സൈബര്‍ ആക്രമണം ഏറ്റവുമധികം നേരിടേണ്ടി വന്ന ഒരാളാണ് ഞാന്‍. വടകരയില്‍ പരാജയ ഭീതി പൂണ്ടതിനാലാണ് വ്യക്തിഗത ആക്ഷേപം എന്ന് പ്രചാരണം നടത്തി സഹതാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായ ഘട്ടത്തില്‍ കോവിഡ് കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് ഇനിയും വിമര്‍ശിക്കും.
മഹാരാഷ്ട്രയില്‍ 2009ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്. തനിക്ക് എഐസിസി ചുമതല നല്‍കിയ മഹാരാഷ്ടയില്‍ ഇക്കുറി 30 സീറ്റ് നേടുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്‌ക്ലബ്ബ് സെക്രട്ടറി പി.എസ്.രാഗേഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എം.ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കെ.സി.അബു, അഡ്വ.പി.എം.നിയാസ്, ആദം മുന്‍സി എന്നിവരും സംബന്ധിച്ചു.