തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളേയും നിലപാടുകളേയുമാണ് ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കേണ്ടത്. അല്ലാതെ നിലവാരമില്ലാത്ത, മാന്യതയ്ക്ക് നിരക്കാത്ത പ്രചാരണ രീതികളല്ല. ഏറ്റവും ദൗര്‍ഭാഗ്യകരമായ ചില കാര്യങ്ങളാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തിലുണ്ടായിട്ടുള്ളത്. ഈ പ്രവണത മുളയിലേ നുള്ളുകയും, ഇത്തരം വൃത്തികെട്ട, ഹീനമായ പ്രചാരണം നടത്തിയവരെ പിടികൂടി, കര്‍ശനമായ ശിക്ഷ ഉറപ്പാക്കുകയും വേണം. സ്ഥാനാര്‍ത്ഥികളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന്കയറുക, അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുക എന്നിത്യാദി കാര്യങ്ങളാണ് അവിടെ നടന്നത്. തനിക്കെതിരെ വ്യക്തിത്വ ഹത്യ നടക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ശൈലജ ടീച്ചറുടെ പാര്‍ട്ടി തന്നെ സംസ്ഥാനം ഭരിക്കുന്ന സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ വൈകുന്നതെന്ത്‌കൊണ്ടാണ്.
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുമ്പോള്‍ പോലീസ് കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയല്ല വേണ്ടത്. മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കുകയാണ് വേണ്ടത്. ഇന്ത്യാ രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ഈ രാജ്യത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയും, എല്ലാ മതങ്ങളും സാഹോദര്യത്തോടെ കഴിയുന്ന ബഹുസ്വരത ചോദ്യം ചെയ്യപ്പെടുകയും, ഭരണഘടന പോലും വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ശരിയായ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ട ഘട്ടത്തില്‍ അതിനെയെല്ലാം വഴിതിരിച്ചു വിടുന്നതും ഒരു തരത്തിലും മാതൃകയാക്കാവുന്നതല്ലാത്ത ഇത്തരം നിലവാരമില്ലാത്ത കാര്യങ്ങളുടെ പിന്നാലെ പോകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
കെ.കെ.ശൈലജയ്‌ക്കെതിരായി സൈബര്‍ ആക്രമണമുണ്ടെന്ന് ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ തന്നെ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഉന്നയിച്ചിരുന്നെങ്കിലും അതും പോലീസ് വിലക്കെടുത്തില്ല എന്ന് വേണം ഈ സംഭവം ഇപ്പോഴും നീറിപുകയാന്‍ കാരണം. തിരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടത്. സൈബര്‍ മേഖലയില്‍ നടത്തുന്ന വിലകുറഞ്ഞ അഭ്യാസങ്ങള്‍ നമ്മുടെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ അന്തസ് കെടുത്താന്‍ സമ്മതിക്കരുത്. പോലീസ് ഈ വിഷയത്തില്‍ തുടക്കത്തിലേ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും, കുറ്റവാളികളെ പിടികൂടി, പൊതുജന ശ്രദ്ധയില്‍ കൊണ്ട് വരികയും ചെയ്തിരുന്നുവെങ്കില്‍ രാഷ്ട്രീയത്തിലെ ഇത്തരം പുഴുക്കുത്തുകള്‍ അവസാനിക്കുമായിരുന്നു.