കാസര്‍കോട്ടെ മോക്‌പോളിലെ ആരോപണം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിശദമായ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞു. കലക്ടറും റിട്ടേണിങ് ഓഫിസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മോക് പോളിലൂടെ ബിജെപിക്ക് അധികവോട്ട് ലഭിച്ചിട്ടില്ലെന്നും
വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഒളിക്കാനില്ലെന്നും കമ്മിഷന്റെ അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു.
അതേസമയം മോക്‌പോളിന്റെ ആദ്യ മൂന്ന് റൗണ്ടിലാണ് പ്രശ്‌നമുണ്ടായതെന്ന് കാസര്‍കോട്ടെ യുഡിഎഫ് ഏജന്റ് ചെര്‍ക്കള നാസര്‍ പറഞ്ഞു. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഒരു വോട്ട് വീതം ചെയ്തപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ഒരുവോട്ട് അധികം ലഭിച്ചുവെന്നും അവസാന റൗണ്ടില്‍ പ്രശ്‌നം പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിപാറ്റ് എണ്ണുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഇത്തരമൊരു സംഭവം ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.