കോഴിക്കോട് എന്‍ ഐ ടിയിലെ സഹപാഠികള്‍ സിവില്‍ സര്‍വീസ് നേടിയതും ഒരുമിച്ച്

കോഴിക്കോട് എന്‍ ഐ ടിയിലെ സഹപാഠികള്‍ സിവില്‍ സര്‍വീസ് നേടിയതും ഒരുമിച്ച്

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ ഒരേ ബാച്ചിലെ മൂന്ന് പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയിലെ വിജയവും ഒരുമിച്ച്. 2015-19 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് അപൂര്‍വ നേട്ടം കൈവരിച്ചത്.

ഫെബിന്‍ ജോസ് തോമസ്, ഷില്‍ജ ജോസ്, അമൃത സതീപന്‍ എന്നിവരാണ് വിജയത്തിലും സൗഹൃദം കാത്തുസൂക്ഷിച്ചത്. ഇവരില്‍ ഫെബിനും ഷില്‍ജയും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലും അമൃത ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലുമാണ് ബി ടെക് പൂര്‍ത്തിയാക്കിയത്.

ഇപ്പോള്‍ നാഗ്പൂരിലെ നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്സില്‍ പരിശീലനം നേടുന്ന ഫെബിന്‍ യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 133-ാം റാങ്ക് കരസ്ഥമാക്കി. ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഫെബിന്‍ 2022 പരീക്ഷയിലും സിവില്‍ സര്‍വീസ് നേടിയിരുന്നു. കഴിഞ്ഞ തവണ 254-ാം റാങ്ക് നേടിയ ഫെബിന്‍ നിലവില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസസില്‍ (ഇന്‍കം ടാക്‌സ്) ട്രെയിനിങിലാണ്.

സിവില്‍ സര്‍വീസ് എന്നത് ഒന്‍പതാം ക്ലാസുമുതലുള്ള തന്റെ സ്വപ്നമാണ് എന്നും ആ സ്വപ്നത്തിന് ചിറകുകള്‍ വന്നത് എന്‍ഐടിസിയിലെ മൂന്നാമത്തെയും നാലാമത്തെയും വര്‍ഷങ്ങളിലായിരുന്നു എന്നും ഫെബിന്‍ പറഞ്ഞു. ഗൗരവമായ പഠനത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ ലൈബ്രറിയില്‍ സ്ഥിരമായി പത്രങ്ങളും പുസ്തകങ്ങളും വായിക്കാന്‍ ധാരാളം സമയം ചിലവഴിച്ചിരുന്നതായും സമാന സ്വപ്നങ്ങളുള്ള സുഹൃത്തുക്കളുടെ പിന്തുണ ആഗ്രഹത്തിന് ആക്കം കൂട്ടി എന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അമൃത സതീപന്‍ ആദ്യ ശ്രമത്തിലാണ് സിവില്‍ സര്‍വീസ് നേട്ടം കൈവരിച്ചത്. ഒഡീഷയിലെ വേദാന്ത അലൂമിനിയത്തില്‍ നിന്ന് ടെക്നിക്കല്‍ അനലിസ്റ്റന്റ് ജോലി രാജിവെച്ചതിന് ശേഷമാണ് അമൃത തയ്യാറെടുപ്പ് തുടങ്ങിയത്.

സ്‌കൂള്‍ കാലം മുതലുള്ള സിവില്‍ സര്‍വീസ് സ്വപ്നം കരുത്താര്‍ജ്ജിച്ചത് എന്‍ ഐ ടി സി കാലഘട്ടത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും ഇത്തരം നിര്‍ണായക പ്രവര്‍ത്തനങ്ങളില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പങ്ക് മനസിലാക്കാനും കഴിഞ്ഞതോടെയാണെന്ന് അമൃത പറഞ്ഞു. ആത്മവിശ്വാസം, ആശയവിനിമയത്തിനുള്ള കഴിവുകള്‍ തുടങ്ങിയവ വളര്‍ത്തിയെടുക്കുന്നതില്‍ എന്‍ഐടിസി നിര്‍ണായക പങ്ക് വഹിച്ചതായും കാമ്പസിലെ സമാന ചിന്താഗതിക്കാരായ നിരവധി ആളുകളുടെ സഹവാസം തന്റെ സ്വപ്നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിച്ചു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ബാംഗ്ലൂരിലെ ടെക് സിസ്റ്റംസില്‍ മെക്കാനിക്കല്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഷില്‍ജ ജോസ്, സുഹൃത്തുക്കളായ അമൃതയ്ക്കും ഫെബിനും ഒപ്പം സിവില്‍ സര്‍വിസ് നേടാനായതിന്റെ സന്തോഷത്തിലാണ്. ”ഞങ്ങളുടെ ക്യാമ്പസ് ദിവസങ്ങളില്‍ എല്ലാവരും തന്നെയും അമൃതയെയും ഇരട്ടകള്‍ എന്നാണ് വിളിച്ചിരുന്നത് എന്നും സിവില്‍ സര്‍വീസ് തയ്യാറെടുപ്പിനാവശ്യമായ പിന്തുണ സഹപാഠിയായ ഫെബിന്‍ തന്നിരുന്നു എന്നും ഷില്‍ജ പറഞ്ഞു.

കോഴിക്കോട് എന്‍ ഐ ടിയിലെ വിവിധ ബാച്ചുകളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിവില്‍ സര്‍വീസ് നേട്ടം എന്‍ഐടിസിയുടെ കിരീടത്തിലെ പൊന്‍ തൂവലാണെന്നും എന്‍ ഐ ടി സി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.

പല പൂര്‍വ്വ വിദ്യാര്‍ത്ഥികളും നിലവില്‍ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് മേഖലയിലും മറ്റ് സിവില്‍ സര്‍വീസ് മേഖലകളിലും സേവനം ചെയ്യുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍, അലുംനി, കോര്‍പ്പറേറ്റ് റിലേഷന്‍സ് ഡീന്‍ പ്രൊഫ. എം കെ രവി വര്‍മ്മ പറഞ്ഞു.

 

 

കോഴിക്കോട് എന്‍ ഐ ടിയിലെ സഹപാഠികള്‍
സിവില്‍ സര്‍വീസ് നേടിയതും ഒരുമിച്ച്

 

Share

Leave a Reply

Your email address will not be published. Required fields are marked *