സംഗീത കുലപതിക്ക് പ്രണാമം

സംഗീത കുലപതിക്ക് പ്രണാമം

മലയാള സംഗീത ചക്രവാളത്തിലെ ഏറ്റവും ശ്രദ്ധേയനായ ഗായകനും, സംഗീത സംവിധായകനുമായ കെ.ജി.ജയനും അരങ്ങൊഴിഞ്ഞു. സംഗീത ലോകത്തിലെ ഇരട്ട നക്ഷത്രങ്ങളായിരുന്നു കെ.ജി.ജയനും, അദ്ദേഹത്തിന്റെ സഹോദരനായ കെ.ജി.വിജയനും. 1988ലായിരുന്നു കെ.ജി.വിജയന്റെ വിയോഗം. ജയനും വിജയനും ചേര്‍ന്ന കൂട്ടുകെട്ട് നിരവധി ഭക്തി ഗാനങ്ങള്‍ക്ക് ഈണമിട്ടു. തമിഴ്, മലയാളത്തിലായി 30ഓളം സിനമകള്‍ക്ക് ഇവര്‍ സംഗീതം നല്‍കി. നിറകുടം എന്ന ചിത്രത്തിലെ നക്ഷത്ര ദീപങ്ങള്‍ തിളങ്ങി, തെരുവ് ഗീതത്തിലെ ഹൃദയം ദേവാലയം എന്നീ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി. വളരെ പ്രയാസപ്പെട്ടാണ് ഈ സഹോദരന്മാര്‍ സംഗീത ലോകത്തേക്ക് എത്തിപ്പെടുന്നത്. സംഗീത പഠനത്തിന് സാമ്പത്തിക പ്രയാസം നേരിടുകയുണ്ടായി. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവാണ് സംഗീത പഠനത്തിന് സാമ്പത്തിക സഹായം നല്‍കിയത്. ഡോ.ബാലമുരളികൃഷ്ണയുടെ കീഴില്‍ സഹോദരന്മാര്‍ സംഗീതം അഭ്യസിച്ചു. പിന്നീട് ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കാണുകയും അദ്ദേഹത്തിന്റെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ചലച്ചിത്ര മേഖലയില്‍ എത്തിപ്പെടുകയും സിനിമകള്‍ക്ക് സംഗീതം പകരുകയും ചെയ്തു.

മലയാളിയുടെ മനസ്സില്‍ ഈശ്വര ഭജനം നിറച്ചതില്‍ ഈ സഹോദരന്മാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കവി രമേശന്‍ നായരുമായി ചേര്‍ന്ന് ചെയ്ത ഭക്തിഗാന ആല്‍ബങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി. കര്‍ണ്ണാടക സംഗീതത്തിലുള്ള അറിവിന്റെ ആഴമാണ് ഇരുവരുടെയും സംഗീത സംവിധാനത്തിന്റെ അടിസ്ഥാനം. രാഗങ്ങളെ സാമാന്യ ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ അവര്‍ പാട്ടുകളില്‍ സന്നിവേശിപ്പിച്ചു. യേശുദാസിന്റെ ശബ്ദത്തിലൂടെ ഇവരുടെ ഗാനങ്ങളെല്ലാം മലയാളികള്‍ ഏറ്റുവാങ്ങി. സംഗീത ലോകത്ത് പകരം വെയ്ക്കാനില്ലാത്ത സഹോദര കൂട്ടുകെട്ടില്‍ കെ.ജി.ജയനും കൂടി മറയുമ്പോള്‍ മലയാളിക്കിത് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ്. മലയാളികളെല്ലാം മൂളിയിരുന്ന അനശ്വര ഗാനങ്ങള്‍ സമ്മാനിച്ചാണ് കെ.ജി.ജയനും മടങ്ങുന്നത്.

സംഗീത ലോകത്ത് ചെമ്പൈയുടെയും, ബാലമുരളികൃഷ്ണയുടെയും അനുഗ്രഹം ലഭിച്ച ഈ സംഗീതജ്ഞനും മടങ്ങുമ്പോള്‍ നമുക്ക് ബാക്കിയാകുന്നത് അവര്‍ സമ്മാനിച്ച അനശ്വര സംഗീത ശില്‍പ്പങ്ങളാണ്. സംഗീത കുലപതിക്ക് പ്രണാമം.

 

 

സംഗീത കുലപതിക്ക് പ്രണാമം

Share

Leave a Reply

Your email address will not be published. Required fields are marked *