മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ വലിയ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി തൃശൂര്‍ നസീര്‍ പറഞ്ഞു. പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാവും. മണ്ഡലം കുത്തകയാക്കി വെച്ചവര്‍ക്ക് തിരിച്ചടിയാണ് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ഫലം. വികസനത്തിന്റെ കാര്യത്തില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലം ഒരടിപോലും മുന്നോട്ട് പോയിട്ടില്ല. മലപ്പുറം ടൗണിലെ കെ.എസ്.ആര്‍.ടി.സി ബസി സ്റ്റാന്റിന്റെ അവസ്ഥ തന്നെ ഏറ്റവും വലിയ ഉദാഹരണം. ഒരു വ്യവസായം ആരംഭിക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. നാട്ടില്‍ തൊഴില്‍ സാധ്യതയില്ലാത്തതിനാലാണ് യുവജനങ്ങള്‍ വിദേശത്തേക്ക് പോകുന്നത്. പ്രവാസ ജീവിതത്തില്‍ കഠിനാധ്വാനം ചെയ്ത് കുടുംബവും, നാടും സംരക്ഷിക്കുന്ന പ്രവാസി സമൂഹത്തെ ഇടത്, വലത്, ബിജെപി മുന്നണികള്‍ വഞ്ചിക്കുകയാണ്. പ്രവാസികളില്‍ നിന്ന് പിരിച്ചെടുക്കുന്ന തുക പോലും കേന്ദ്ര സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിനായി ചിലവഴിക്കുന്നില്ല. പ്രവാസികളെ കാശ് പിഴിയാനുള്ള ഉപകരണമാക്കി മാറ്റുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നതെന്നദ്ദേഹം കുറ്റപ്പെടുത്തി. തന്റെ വിജയം ജനങ്ങള്‍ ഉറപ്പാക്കിയാല്‍ മലപ്പുറത്ത് അന്താരാഷ്ട്ര സ്റ്റേഡിയം, പ്രവാസികളുടെ ക്ഷേമത്തിനായി പ്രത്യേക പ്രൊജക്ട്, രോഗികള്‍ക്കും വൃദ്ധരായവര്‍ക്കും സാമ്പത്തിക സഹായവും, മരുന്നും, അന്താരാഷ്ട്ര നിലവാരത്തിലുള്ള സാംസ്‌കാരിക കേന്ദ്രം, മലപ്പുറത്തിന്റെ ടൂറിസം വികസനം, വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതി എന്നിവ നടപ്പിലാക്കാന്‍ വേണ്ടി ശക്തമായി ഇടപെടും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, ഉന്നത വിദ്യഭ്യാസ സ്ഥാപനം ആരംഭിക്കല്‍ എന്നിവയും നടപ്പാക്കാന്‍ പരിശ്രമിക്കും.
ജാതി-മത-വര്‍ഗ്ഗീയ ചിന്തകള്‍ക്കതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന അന്താരാഷ്ട്ര സാംസ്‌കാരിക മഹോത്സവം മലപ്പുറത്ത് രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യവസായം കൊണ്ട്‌വരലാണ് മുഖ്യമെന്നും, യുവജനങ്ങള്‍ക്കും, പ്രവാസികള്‍ക്കും അത് ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളുടെ കപട വാഗ്ദാനങ്ങള്‍ കേട്ട് ജനങ്ങള്‍ മടുത്തിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ അഡ്രസ്സ് ചെയ്യാന്‍ രാഷ്ട്രീയ നേതൃത്വത്തിന് നേരമില്ല. ജയിച്ച് പോകുന്നവര്‍ അഞ്ച് വര്‍ഷം കൂടുമ്പോഴാണ് വീണ്ടും ജനങ്ങളെ കാണാനെത്തുന്നത്. തന്നെ ജയിപ്പിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ അവര്‍ക്കായി പ്രവര്‍ത്തിക്കും.
തെരുവ് നായ ശല്യത്തിനെതിരെയും വോട്ടിംഗ് മെഷീന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും തൃശൂര്‍ നസീര്‍ നടത്തിയ ഇടപെടലുകള്‍ മാധ്യമ ശ്രദ്ധ നേടിയതാണ്. ഇതിന് മുന്‍പ് കോഴിക്കോട്ടും, വയനാട്ടിലും അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.