അഗ്‌നി ദഹനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി, ഖാസി ഫൗണ്ടേഷന്‍ സ്‌നേഹക്കൂട്ടൊരുക്കി

അഗ്‌നി ദഹനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി, ഖാസി ഫൗണ്ടേഷന്‍ സ്‌നേഹക്കൂട്ടൊരുക്കി

 

കോഴിക്കോട്ടെ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ വര്‍ഷവും റമദാന്‍ 22 ഒരു ദുരന്ത സ്മൃതിയുടെ ദിനമാണ്.ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാല്‍ പള്ളി വൈദേശികാക്രമണം നേരിട്ടതിന്റെ ഓര്‍മ്മ ദിനമാണിന്ന്.
മലബാറിലെ പ്രാചീന വാണിജ്യ നഗരമായിരുന്ന കോഴിക്കോട് വൈദേശിക വണിക്ക് പ്രവരന്മാര്‍ അധിവസിച്ച കാലം.ഭരണ നിപുണരും, നീതിമാന്മാരുമായ സാമൂതിരിയുടെ പുകള്‍ പെറ്റ കാലം കൂടിയായിരുന്നു അന്ന്.
കോഴിക്കോട് നഗരത്തില്‍ ബിസിനസിനായി വന്ന വിദേശികളില്‍ പ്രമുഖര്‍ അറബികള്‍ തന്നെയായിരുന്നു. അവര്‍ സാമൂതിരിമാരുമായി കച്ചവട ബന്ധം കൂടി ഉണ്ടായിരുന്നു. ബിസിനസിലൂടെ അറബികള്‍ നേടിയെടുത്ത സംഭല്‍ സമൃദ്ധിയും കൈവരിച്ച നേട്ടങ്ങളും ഇതര വൈദേശികരെ സാമൂതിരിയുടെ നാടിനെ ഏറെ ആകര്‍ഷിപ്പിച്ചു. അങ്ങനെയാണ് ഡച്ചുകാരും പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരും പിന്നീട് ബിസിനസ് ആവശ്യത്തിന്നായി നഗരത്തിലേക്ക് കടന്ന് വരുന്നത്.

അറബികളുടെ കച്ചവട കുത്തക തകര്‍ത്തു വ്യാപാരം സ്വന്തമാക്കാന്‍ യൂറോപ്യന്‍ ശക്തികളായ പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും ഇംഗ്ലീഷുകാരും മത്സരിക്കാന്‍ തുടങ്ങിയപ്പോള്‍ പശ്ചിമതീരം എന്നും അടര്‍ക്കളമായി മാറി.എല്ലാ ഘട്ടത്തിലും അറബികളോട് ആഭിമുഖ്യം കാണിച്ച് അറബികളെ സഹായിച്ചിരുന്ന സാമൂതിരിക്കെതിരെ അവര്‍ എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തി. അറബികളോടുള്ള എതിര്‍പ്പിനാല്‍ അവര്‍ മുസ്ലിംങ്ങള്‍ക്കും മുസ്ലിം ദേവാലയങ്ങള്‍ക്കുമെതിരെ തിരിഞ്ഞു.
കണ്ണില്‍ കണ്ട നിരവധി ദേവാലയങ്ങള്‍ അവര്‍ ആക്രമിച്ചു. ആ കൂട്ടത്തില്‍ നഗരത്തിന്റെ അഭിമാനമായി പരിലസിച്ച ചരിത്ര പ്രസിദ്ധമായ മിശ്കാല്‍ പള്ളിയും അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗല്‍ നാവികപ്പട അഗ്‌നിക്കിരയാക്കി. കല്ലായി പുഴ വഴിയായിരുന്നു അവര്‍ കടന്ന് വന്നത്.

ഹിജ്‌റ 915 റമസാന്‍ 22 (1510 ജനുവരി 3 ) ന് നടന്ന
ഈ ആക്രമണത്തെ മുസ്ലിംകളോടൊപ്പം ചെറുത്ത് നിന്നത് നായര്‍ പടയാളികള്‍ കൂടിയായിരുന്നു.
പിന്നീട് ഇതിന്റെ പ്രതികാരമെന്നോണം ഇംഗ്ലീഷുകാരുടെ ചാലിയം കോട്ട മുസ്ലിം പടയാളികളും സാമൂതിരിയുടെ നായര്‍ പടയാളികളും ആക്രമിക്കുകയും, അതിന്റെ മരത്തടികള്‍ ഉപയോഗിച്ചാണ് പള്ളിയുടെ മിമ്പറ ഉള്‍പ്പെടെയുള്ള തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍ നിര്‍മ്മിച്ചത് എന്നുമാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മാനവികതയുടെയും സ്‌നേഹത്തിന്റെയും മായാത്ത ആ ഓര്‍മ്മ പുതുക്കുകയാണ് മറ്റൊരു റമസാന്‍ 22 ന്.

മാനവികതയുടെ ഉജ്ജ്വലമായ ഈ സംഭവത്തിന്റെ ഓര്‍മ്മ പുതുക്കി ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ തിരുവണ്ണൂരിലുള്ള സാമൂതിരിയുടെ വസതിയില്‍ സ്‌നേഹക്കൂട്ടൊരുക്കി.മിശ്കാല്‍ പള്ളിയിലെ നിലവിലെ മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫിയുടെ നേതൃത്വത്തില്‍ സാമൂതിരിയുടെ ഭവനത്തിലെത്തിയ ഖാസി ഫൗണ്ടേഷന്‍ ഭാരവാഹികളെയും മിശ്കാല്‍ പള്ളി ഭാരവാഹികളെയും സാമൂതിരി കെ.സി. ഉണ്ണി അനുജന്‍ രാജയും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ചടങ്ങിന്ന് സാക്ഷിയായി മേയര്‍ ഡോ. ബീനാ ഫിലിപ്പ് വിശിഷ്ടാതിഥിയായി സംബന്ധിച്ചു.
മനുഷ്യര്‍ തമ്മിലുള്ള വിഭാഗീയതയും അകല്‍ച്ചയും നമ്മുടെ രാജ്യത്ത് വര്‍ദ്ദിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം മഹനീയമായ ചടങ്ങുകളുടെ ആവശ്യകത വര്‍ദ്ധിച്ചു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രരേഖ അനാവരണം ചെയ്ത ഫ്രെയിം അടങ്ങുന്ന ഉപഹാരം ഖാസിയും മിശ്കാല്‍ പള്ളി സെക്രട്ടറി എന്‍.ഉമ്മറും ചേര്‍ന്ന് സാമൂതിരിപ്പാടിന്ന് സമ്മാനിച്ചു. ഫൗണ്ടേഷന്‍ സ്ഥാപക അംഗം സി.എ.ഉമ്മര്‍കോയ സാമൂതിരിയെ പുടവ അണിയിച്ചു.
ഫൗണ്ടേഷന്‍ പുറത്തിറക്കുന്ന ഖാസി സ്മൃതി സോവനീര്‍ മേയര്‍ ബീനാ ഫിലിപ്പ് സാമൂതിരി രാജക്ക് കൈമാറി.
റംസാനിന്റെ ഭാഗമായി നോമ്പ് തുറയ്ക്കുള്ള ഡ്രൈ ഫ്രൂട്ട്‌സ് വിഭവങ്ങള്‍ സാമൂതിരി രാജ ഖാസി പരമ്പര അംഗവും ഖാസി നാലകത്തിന്റെ ചെറുമകനുമായ എം.വി.റംസി ഇസ്മായിലിന്ന് സമ്മാനിച്ചു. ചടങ്ങില്‍ ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
പി മമ്മത് കോയ, ആര്‍.ജയന്ത് കുമാര്‍,വി.പി. മായിന്‍ കോയ, കെ.വി.ഇസ്ഹാഖ് ടി.ആര്‍.രാമവര്‍മ്മ, എന്‍.സി.അബ്ദുള്ളക്കോയ, എന്‍.ഉമ്മര്‍,എം.അബ്ദു
ല്‍ ഗഫൂര്‍,കെ.പി.മമ്മത് കോയ,എ.വി. സെക്കീര്‍ എന്നിവര്‍ സംസാരിച്ചു.
എം.വി.റംസി ഇസ്മായില്‍ സ്വാഗതവും പി.ടി. ആസാദ് നന്ദിയും പറഞ്ഞു.

 

അഗ്‌നി ദഹനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി,
ഖാസി ഫൗണ്ടേഷന്‍ സ്‌നേഹക്കൂട്ടൊരുക്കി

Share

Leave a Reply

Your email address will not be published. Required fields are marked *