ഇന്ന് ഓട്ടിസം അവബോധ ദിനം. അറിവ് വേണ്ടത് നമുക്കാണ്.!

ഇന്ന് ഓട്ടിസം അവബോധ ദിനം. അറിവ് വേണ്ടത് നമുക്കാണ്.!

ലോക വ്യാപകമായി ഏപ്രില്‍ 2 ഓട്ടിസം അവബോധ ദിനമായി ആചരിച്ചുവരുന്നു. കുട്ടികളുടെ വളര്‍ച്ചയുമായി ബന്ധപെട്ടു നാം കേള്‍ക്കുന്ന വാക്കാണ് ഓട്ടിസം അഥവാ ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (ASD). സാമൂഹികമായ മുന്നേറ്റക്കുറവ്, രീതികളില്‍ ഉണ്ടാകുന്ന ആവര്‍ത്തനം, ആശയവിനിമയത്തിലും സംസാരിക്കുന്നതിലും കുറവ്/ താമസം എന്നിവയുമായുള്ള ബന്ധപ്പെട്ട വിവിധ അവസ്ഥകളെ സൂചിപ്പിക്കുന്നതിന്നാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.

ജനിതക സാഹചര്യങ്ങള്‍ മൂലം തലച്ചോറിലുണ്ടാകുന്ന ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ ആണ് ഓട്ടിസം. തലച്ചോറിലെ മിറര്‍ ന്യൂറോണ്‍സ് (mirror neurons) എന്ന കോശങ്ങളുടെ പ്രവര്‍ത്തന തകരാര്‍ മൂലമാണ് പലപ്പോഴും ഇത് ഉണ്ടാകുന്നത്.

ഓട്ടിസം എങ്ങനെ നേരത്തെ മനസ്സിലാക്കാം?

പ്രധാനമായും മൂന്നു കാര്യങ്ങളിലൂടെ കുട്ടികളിലെ ഓട്ടിസത്തെ തിരിച്ചറിയാം. ഒന്നാമതായി ആശയ വിനിമയത്തില്‍ ഉണ്ടാകുന്ന താമസം (language delay). അതായത് കുട്ടി വാക്കുകള്‍ ഉപയോഗിക്കുന്നതിനും സംസാരിക്കുന്നതിലും കാലതാമസം നേരിടുക. കുട്ടിയുടെ പേര് വിളിച്ചാലും ശ്രദ്ധിക്കാതിരിക്കുക, മുഖഭാവങ്ങളില്‍ യാതൊരുവിധ മാറ്റവും ഉണ്ടാകാതിരിക്കുക എന്നിവയാണ്.

രണ്ടാമതായി സാമൂഹിക വളര്‍ച്ചാ ഘട്ടങ്ങളില്‍ ഉണ്ടാകുന്ന താമസം (delay in oscial milestones) അതായത് മറ്റുള്ള കുട്ടികളുമായോ മുതിര്‍ന്നവരുമായോ ഇടപഴകുന്നതിന് വിമുഖത കാണിക്കുകയും എപ്പോഴും ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതിനും കളിക്കുന്നതിനും താത്പര്യം കാണിക്കുകയും ചെയ്യുക. ദിനചര്യയിലെ ചെറിയ മാറ്റങ്ങളില്‍ പോലും വളരെ അസ്വസ്ഥരാക്കുക, വെളിച്ചം, ശബ്ദം, വസ്ത്രം, കാലാവസ്ഥ എന്നിവയോട് കൂടുതല്‍ സെന്‍സിറ്റീവ് ആയിരിക്കുക എന്നിവയാണവ .

അടുത്തതായി മിക്ക കുട്ടികളും കാണുന്ന ഒരു ലക്ഷണമാണ് അവര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുക എന്നുള്ളത് (repetitive behaviours). ഉദാഹരണത്തിന് കളിപ്പാട്ടങ്ങള്‍ ഒരേ രീതിയില്‍ അടക്കിവെക്കുന്നത് പോലെയുള്ള പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കുക. വസ്തുക്കള്‍ നിരനിരയായി അടുക്കി വെക്കുക മുതലായവ. ഓട്ടിസം തിരിച്ചറിയുന്നതിനായി ഒരു പ്രത്യേക പരിശോധന മാര്‍ഗം ഇല്ലാത്തതിനാല്‍ ഈ കാര്യങ്ങളിലൂടെ ഒരു നിഗമനത്തിലേക്ക് നാം എത്തിച്ചേരുകയാണ് ചെയ്യുന്നത്.

എന്തുകൊണ്ടാണ് ഓട്ടിസം ഉണ്ടാവുന്നത്?

തലച്ചോറിനെ ബാധിക്കുന്ന എല്ലാ രോഗങ്ങളും ഓട്ടിസത്തിന് കാരണമാവാം, എന്നാല്‍ കണ്ടുപിടിക്കാന്‍ പറ്റാത്ത (idiopathic) കാരണങ്ങളാണ് സാധാരണയായിഉണ്ടാകുന്നത്. എന്നിരുന്നാലും, ഗര്‍ഭാവസ്ഥയിലെ പോഷകാഹാരക്കുറവ്, മാതാപിതാക്കളുടെ പ്രായം, ഗര്‍ഭ സമയത്തുണ്ടാകുന്ന അണുബാധകള്‍, ചില മരുന്നുകളുടെ ഉപയോഗം, മുതലായവ ഇതില്‍ ചിലതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നത് പലപ്പോഴും കണ്ടുപിടിക്കാന്‍ സാധിക്കില്ല.

ഓട്ടിസത്തിന്റെ ചികിത്സാരീതി.

ഓട്ടസത്തിന്റെ ചികിത്സാരീതികളെ പ്രധാനമായി രണ്ടായി വേര്‍തിരിക്കാം. ഒന്നാമതായി ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രത്യേക ട്രെയിനിങ്ങുകള്‍ നല്‍കുക. ഓട്ടിസം നേരത്തേ തിരിച്ചറിയുകയും സൈക്കോളജിക്കല്‍ ആയുള്ള ടെസ്റ്റുകളിലൂടെ ബുദ്ധിവളര്‍ച്ചയുടെ തലങ്ങളെ അറിയുകയും അവരുടെ കഴിവുകളെയും കുറവുകളെയും തിരിച്ചറിയുകയും, കഴിവുകളെ തിരിച്ചറിഞ്ഞ് വീട്ടില്‍ വച്ചുതന്നെ നല്‍കാവുന്ന ചികിത്സകള്‍ (Home based behavioural Therapy) ഒരുക്കുക എന്നതാണ്.

ഇതിന് ട്രെയിനിങ് ലഭിക്കുന്നതിനായി നല്ല സെന്ററുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പരിചരണം നല്‍കുന്നതിനായി പ്രത്യേക ടീം തന്നെ നിലവിലുണ്ടാവും. അതില്‍ പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് ബിഹേവിയറല്‍ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് എന്നിവരുള്‍പ്പെടുന്ന ടീം ഉണ്ടാവും. എല്ലാവരും ചേര്‍ന്ന് ട്രീറ്റ്‌മെന്റ് പ്ലാന്‍ ഉണ്ടാക്കിയതിനുശേഷം ആണ് ട്രെയിനിങ് ആരംഭിക്കുക.

രണ്ടാമതായി അനുബന്ധ ന്യൂറോളജിക്കല്‍ പ്രശ്‌നം ഉണ്ടെങ്കില്‍ (autistic spectrum diosrder) അതിന് ആവശ്യമായ ചികിത്സയും തേടേണ്ടതുണ്ട്. ഓരോ കുട്ടികളെയും ബാധിക്കുന്ന രോഗത്തിന്റെ അവസ്ഥ വ്യത്യാസപ്പെട്ടിരിക്കുന്നു, അതുകൊണ്ടുതന്നെ അവര്‍ക്ക് ലഭിക്കേണ്ട ചികിത്സയും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലര്‍ ചെറിയ പിന്തുണകൊണ്ട് തന്നെ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനു സാധിക്കുമ്പോള്‍, മറ്റു ചിലര്‍ക്ക് എല്ലാ സപ്പോര്‍ട്ടും നല്‍കിക്കൊണ്ടുതന്നെ ചികിത്സ മുന്നോട്ടു പോകേണ്ടതുണ്ട്. ഉദാഹരണത്തിന് ഓട്ടിസത്തോടൊപ്പം അപസ്മാര രോഗവും (പലപ്പോഴും ചെറിയ രീതിയിലുള്ള അപസ്മാര ബാധ ആയിരിക്കാം – കണ്ണുകളുടെ ചലനം, ഞെട്ടല്‍ പോലെയുള്ളവ) ഉള്ള കുട്ടികള്‍ക്ക് ഈ ഈ ജി പോലുള്ള പരിശോധനകള്‍ ചെയ്ത് ചികിത്സ നടത്തേണ്ടതാണ്.

ഓട്ടിസം ബാധയുള്ള ഓരോ കുട്ടിക്കും പേഴ്‌സണലൈസെഡ് അതായത് വ്യക്തിഗത പരിചരണം നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. അവരുടെ സ്വന്തം കാര്യങ്ങള്‍ അവരവര്‍ തന്നെ ചെയ്യത്തക്ക രീതിയില്‍ അവരെ പരിശീലിപ്പിച്ചെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം അര്‍ഹിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് എല്ലാവര്‍ക്കും ബുദ്ധി വളര്‍ച്ച കുറവാണ് എന്ന് വിചാരിക്കരുത്. നമ്മള്‍ തിരിച്ചറിയുന്ന, അവരില്‍ ഉറങ്ങിക്കിടക്കുന്ന കഴിവിനെ പുറത്തെടുത്താല്‍ ഒരുപക്ഷേ സാധാരണ കുട്ടികള്‍ ചചെയ്യുന്നതില്‍ ഉപരിയായി മികവുറ്റ രീതിയില്‍ പ്രതിഭ തെളിയിക്കാവുന്നതുമാണ്.

ചുരുക്കി പറഞ്ഞാല്‍ ഓട്ടിസം ബാധിതര്‍ക്ക് നല്‍കേണ്ട പിന്തുണ അവരുടെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതായതിനാല്‍, അവരെ പരിശീലിപ്പിക്കുന്ന സെന്റര്‍ തിരഞ്ഞെടുക്കുന്നതിലും ഏറ്റവും അധികം നിഷ്‌കര്‍ഷത പുലര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഏറ്റവും ക്ഷമയോടെയും ദീര്‍ഘകാല അടിസ്ഥാനത്തിലുമുള്ളതുമായ ഒരു പദ്ധതി തയ്യാറാക്കി വേണം അവരുടെ ചികിത്സ ആരംഭിക്കാന്‍. സാമൂഹിക കഴിവുകള്‍ക്കുള്ള പരിശീലനം: ഇത് ഗ്രൂപ്പുകളായി നടത്തുകയും ഓട്ടിസം ബാധിച്ച കുട്ടികളെ സാമൂഹിക സാഹചര്യങ്ങളിലൂടെ സഞ്ചരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഓട്ടിസം ചികിത്സയില്‍ രക്ഷിതാക്കള്‍ക്കുള്ള പരിശീലനമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ഓട്ടിസത്തെക്കുറിച്ച് എല്ലാം പഠിക്കുക, സ്ഥിരമായ ഒരു ഷെഡ്യൂളും ദിനചര്യയും ഉണ്ടാക്കുക, നിങ്ങളുടെ കുട്ടിയുടെ ഭാഷ മനസ്സിലാക്കുകയും ബുദ്ദിമുട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. അവരെ കൈയിലെടുക്കാന്‍ എല്ലായിപ്പോഴും പോസിറ്റീവ് തന്ത്രങ്ങള്‍ പ്രയോഗിക്കുക. മനസ്സിലാക്കുക, നിങ്ങള്‍ ഒറ്റക്കല്ല നിങ്ങളെപ്പോലെയോ അതിലും ബുദ്ദിമുട്ടേറിയതോ ആയ മാതാപിതാക്കള്‍ ഉണ്ട്, അവരുടെ സഹായം തേടുകയും, ആവശ്യമെങ്കില്‍ പ്രൊഫഷണല്‍ സഹായം തേടുകയും ചെയ്യുക.

തയാറാക്കിയത്:
Dr Smilu Mohanlal Consultant –
Pediatric Neurology
Aster Mims Kozhikode

SciSparc to initiate trial in autism spectrum disorder children

Share

Leave a Reply

Your email address will not be published. Required fields are marked *