സുപ്രിംകോടതിയില്‍ മാപ്പ് പറഞ്ഞ് പതഞ്ജലി
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ഗ്രൂപ്പ് സുപ്രിംകോടതിയില്‍ മാപ്പുപറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ കോടതി അലക്ഷ്യ നോട്ടീസിന് മറുപടി നല്‍കാത്തതിന് പതഞ്ജലി ഗ്രൂപ്പിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
കനത്ത നടപടിയിലേക്ക് നീങ്ങിയ കോടതി ഏപ്രില്‍ രണ്ടിന് കോടതിയില്‍ ഹാജരാകാന്‍ രാംദേവിനോടും പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാല്‍കൃഷ്ണയോടുംആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
നിയമവാഴ്ചയോട് തങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ട്. ക്ഷമിക്കണം, ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കമ്പനി പറഞ്ഞു.
ഔഷധ ചികിത്സകള്‍ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുര്‍വേദിനെതിരെ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇരുവരും നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയത്.