വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. സര്‍വകലാശാല വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശി നസീഫ്, ആലപ്പുഴ സ്വദേശി അഭി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായരുടെ എണ്ണം 20 ആയി. നിലവില്‍ പ്രതിപ്പട്ടികയില്‍ ഇല്ലാത്തവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേര്‍. ഗൂഢാലോചനയിലും മര്‍ദനത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കാണിച്ചാണ് പൊലീസ് നടപടി.
നേരത്തെ പ്രതിപ്പട്ടികയിലുള്ള 18 പേരെയും പൊലീസ് പിടികൂടിയിരുന്നു. സിദ്ധാര്‍ഥന്റെ സഹപാഠിയും എസ്എഫ്ഐ ഭാരവാഹിയുമായ ഇടുക്കി സ്വദേശി അക്ഷയ്ക്കെതിരെ കുടുംബം പരാതി പറഞ്ഞിരുന്നുവെങ്കിലും പൊലീസ് പിടികൂടിയിട്ടില്ല. എന്നാല്‍ പ്രതി ചേര്‍ക്കാനാവശ്യമായ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. അക്ഷയ്യുടെ മൊഴിയെടുത്ത് വിട്ടയക്കുകയായിരുന്നു. സിദ്ധാര്‍ഥനെ മര്‍ദിക്കുന്നത് നേരില്‍ കണ്ടുവെന്നാണ് അക്ഷയ് മൊഴി നല്‍കിയതെന്നാണ് വിവരം. എന്നാല്‍ അക്ഷയ്യെ ദൃക്സാക്ഷിയാക്കുകയോ മാപ്പ് സാക്ഷിയാക്കുകയോ ചെയ്യരുതെന്നും മര്‍ദനത്തില്‍ കൃത്യമായ പങ്കാളിത്തമുണ്ടെന്നുമാണ് സിദ്ധാര്‍ഥന്റെ കുടുംബം കുറ്റപ്പെടുത്തുന്നത്. സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബി.വി.എസ്.സി വിദ്യാര്‍ഥിയായ അക്ഷയ്, കേസില്‍ പ്രതിയാണെന്നാരോപിച്ച് കുടുംബം രംഗത്തു വന്നതിനു പിന്നാലെയാണ് പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. സിദ്ധാര്‍ഥ് മരിച്ചതിന് ശേഷം കോളജ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ 31 പേരില്‍ അക്ഷയ് ഉള്‍പ്പെട്ടിരുന്നെങ്കിലും പൊലീസ് കണ്ടെത്തിയ 18 പ്രതികളില്‍ ഇയാള്‍ ഉണ്ടായിരുന്നില്ല.
അതേസമയം, പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്നാണ് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 18 പേര്‍ പലയിടങ്ങളില്‍ വെച്ച് സിദ്ധാര്‍ത്ഥനെ മര്‍ദിച്ചെന്നും റിപ്പോട്ടില്‍ പറയുന്നു. കൊലപാതക സാധ്യതയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സര്‍വകലാശാലയിലെ 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിംഗ് സ്‌കോഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അതിനിടെ, കേസില്‍ മുഖ്യപ്രതികളെന്ന് പൊലീസ് കണ്ടെത്തിയ സിന്‍ജോ ജോണ്‍സണ്‍, ആര്‍.എസ് കാശിനാഥന്‍, അമീന്‍ അക്ബര്‍ അലി, കെ അരുണ്‍, അമല്‍ ഇഹ്സാന്‍ എന്നിവരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മുഴുവന്‍ പ്രതികളുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, സിദ്ധാര്‍ഥന്റെ മരണത്തിലെ കേസ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാര്‍ഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിദ്ധാര്‍ഥന്റെ അച്ഛന്‍ ജയപ്രകാശ്, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ വ്യക്തമാക്കിയിരുന്നു.മകന്റെ മരണത്തിലെ സംശയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സിദ്ധാര്‍ഥന്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രിംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. എസ്എഫ്ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്നും ആള്‍ക്കൂട്ട കൊലപാതക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പോലെ സംസ്ഥാന സര്‍ക്കാരും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
സിദ്ധാര്‍ഥന്റെ മരണം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍, ആകെ 20 പേര്‍ കസ്റ്റഡിയില്‍