നിശ്ചലമായത് രണ്ടു മണിക്കൂര്‍, മെറ്റയുടെ നഷ്ടം 800 കോടി രൂപ

നിശ്ചലമായത് രണ്ടു മണിക്കൂര്‍, മെറ്റയുടെ നഷ്ടം 800 കോടി രൂപ

കാലിഫോര്‍ണിയ: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനരഹിതമായതില്‍ മാതൃകമ്പനിയായ മെറ്റയുടെ നഷ്ടം ഏകദേശം നൂറ് ദശലക്ഷം യുഎസ് ഡോളര്‍ (800 കോടി ഇന്ത്യന്‍ രൂപ). ഏകദേശം രണ്ടു മണിക്കൂറാണ് മെറ്റയുടെ ജനപ്രിയ ആപ്ലിക്കേഷനുകള്‍ കഴിഞ്ഞ ദിവസം ലഭ്യമല്ലാതായത്. ലോസാഞ്ചല്‍സ് ആസ്ഥാനമായ സ്വകാര്യനിക്ഷേപ സ്ഥാപനം വെഡ്ബുഷ് സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടര്‍ ഡാന്‍ ഇവെസിനെ ഉദ്ധരിച്ച് ഡെയ്ലി മെയ്ലാണ് മെറ്റയുടെ നഷ്ടത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ആഗോളതലത്തില്‍ സേവനങ്ങള്‍ ലഭ്യമല്ലാതായതോടെ മെറ്റയുടെ ഓഹരിമൂല്യത്തിലും ഇടിവുണ്ടായി. ഇന്നലെ മാത്രം 1.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയെയും ബാധിച്ചു. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം ചൊവ്വാഴ്ച വൈകിട്ട് സക്കര്‍ബര്‍ഗിന്റെ ആസ്തി 2.7 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 176 ബില്യണ്‍ ഡോളറായി. 2.2 ശതമാനത്തിന്റെ ഇടിവാണ് ആസ്തിയിലുണ്ടായത്. എന്നാലും ലോകത്തിലെ അതിസമ്പന്നപ്പട്ടികയിലെ നാലാം സ്ഥാനം സക്കര്‍ബര്‍ഗ് നിലനിര്‍ത്തി. ജെഫ് ബെസോസ്, ബെര്‍ണാര്‍ഡ് ആര്‍നോള്‍ട്ട്, ഇലോണ്‍ മസ്‌ക് എന്നിവരാണ് ആദ്യ മൂന്നു പേര്‍.

സാങ്കേതിക കാരണങ്ങളാലാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത് എന്നാണ് മെറ്റയുടെ വിശദീകരണം. ഇതേക്കുറിച്ചുള്ള വിശദമായ കുറിപ്പ് കമ്പനി പങ്കുവച്ചിട്ടില്ല. 2021ലും സമാനമായ പ്രതിസന്ധി മെറ്റ നേരിട്ടിരുന്നു. അന്ന് ഏഴു മണിക്കൂറാണ് മെറ്റ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. എന്നാല്‍ ഇത്തവണ രണ്ട് മണിക്കൂറിനകം പ്രശ്നങ്ങള്‍ പരിഹരിക്കാനായി.

യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്ട് (ഡിഎംഎ) നടപ്പാക്കുന്നതിന്റെ ഭാഗമായി വന്ന സാങ്കേതികപ്പിഴവാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ചയാണ് ഡിഎംഎ നടപ്പാക്കാനുള്ള സമയപരിധി. നിയമപ്രകാരം മെറ്റ അടക്കമുള്ള ടെക് ഭീമന്മാര്‍ തങ്ങളുടെ പ്രവര്‍ത്തനരീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതമായതിനെ കുറിച്ച് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സില്‍ എണ്‍പതിനായിരത്തിലേറെ പോസ്റ്റുകളാണ് പങ്കുവയ്ക്കപ്പെട്ടത്. ഇതിനിടെ മസ്‌ക് പോസ്റ്റ് ചെയ്ത ട്വീറ്റും ശ്രദ്ധിക്കപ്പെട്ടു. ‘നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നുവെങ്കില്‍ അതിനു കാരണം നിങ്ങളുടെ സര്‍വര്‍ പ്രവര്‍ത്തനക്ഷമമായതു കൊണ്ടാണ്’ – എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്.

 

നിശ്ചലമായത് രണ്ടു മണിക്കൂര്‍, മെറ്റയുടെ നഷ്ടം 800 കോടി രൂപ

 

Share

Leave a Reply

Your email address will not be published. Required fields are marked *