തിരുവനന്തപുരം: മനുഷ്യ – വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായി ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനെ നിയോഗിക്കും. തുടര്‍ച്ചായി വന്യജീവി ആക്രമണങ്ങളില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ രൂപവത്കരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയാണ് സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ മറ്റൊരു സമിതിയും ഉണ്ടാകും. പ്രാദേശിക ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കും.
വന്യജീവി സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ തദ്ദേശസ്വയംരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ജാഗ്രതാ സമിതികള്‍ നിലവിലുണ്ട്. ജാഗ്രതാ സമിതികളായിരിക്കും പ്രാദേശിക തലത്തില്‍ വന്യജീവി സംഘര്‍ഷം തടയുന്നതിനുള്ള നടപടികള്‍ തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും. ഇവര്‍ ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ കൂടി നിര്‍ദേശപ്രകാരമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. അടിയന്തര സാഹചര്യങ്ങളില്‍ ഈ സമിതി നടപടികള്‍ സ്വീകരിച്ച് ജില്ലാസമിതിയുടെ സാധൂകരണം തേടിയാല്‍ മതിയാകും.
പ്രകൃതിദുരന്ത സമയങ്ങളില്‍ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച ഒരുക്കുന്ന നിരീക്ഷണ സംവിധാനത്തിനു സമാനമായി, വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ചുമതലയില്‍ ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ മതിയായ വാര്‍ത്താവിനിയമ സങ്കേതങ്ങള്‍ ഒരുക്കും. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ സമയാസമയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ആധുനിക വിവര-വിനിമയ സംവിധാനങ്ങള്‍ സജ്ജമാക്കും. ഇവിടങ്ങളില്‍ താത്ക്കാലിക വാച്ചര്‍മാരെ നിയോഗിക്കും.
വന്യജീവി ആക്രമണത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാര തുക എത്രയും വേഗം നല്‍കുന്നതിന് വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തും. ഇതിന്റെ പുരോഗതി വനം വകുപ്പ് സെക്രട്ടറി വിലയിരുത്തണം. ഇതിലേക്ക് ആവശ്യമായി വരുന്ന ചെലവുകളെ ട്രഷറി നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കിഫ്ബി വഴി ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 100 കോടി രൂപയ്ക്കു പുറമെ 110 കോടി രൂപ കൂടി (ആകെ 210 കോടി രൂപ) കിഫ്ബി മുഖാന്തരം അനുവദിക്കാന്‍ നടപടി സ്വീകരിക്കും.