കൊച്ചി/ഇടുക്കി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധം. നേര്യമംഗലം കാഞ്ഞിരവേലിയില്‍ കൊല്ലപ്പെട്ട ഇന്ദിര(70)യുടെ മൃതദേഹവുമായാണ് കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവര്‍ പ്രതിഷേധിച്ചത്. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നേരിട്ടെത്താതെ പോസ്റ്റുമോര്‍ട്ടത്തിനടക്കം മൃതദേഹം വിട്ടുനില്‍കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രദേശത്തെ വാഹനഗതാഗതം തടസ്സപ്പെടുത്തിയാണ് പ്രതിഷേധം നടക്കുന്നത്.
കൃഷിയിടത്തില്‍ കൂവ വിളവെടുക്കുന്നതിന് ഇടയില്‍ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണപ്പെട്ടത്. തൊട്ടടുത്ത് റബ്ബര്‍ ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികാണ് ആനയെ ഓടിച്ച് ഇന്ദിരയെ ആശുപത്രിയിലെത്തിച്ചത്. ഈ വര്‍ഷം അഞ്ചാമത്തെയാളാണ് ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. എറണാകുളത്തിന്റെയും ഇടുക്കിയുടെ അതിര്‍ത്തിപ്രദേശമാണ് കാഞ്ഞിരവേലി.
ഇരു ജില്ലകളിലെയും ആര്‍ആര്‍ടികള്‍ തമ്മില്‍ ധാരണയില്ലാത്തത് ആനയെ പ്രതിരോധിക്കുന്നതില്‍ തടസ്സമാകുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം, വന്യജീവി ആക്രമണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇടുക്കിയില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ഒമ്പതാം തീയതിയാണ് യോഗം.