‘വോട്ടിന് കോഴ: നിര്‍ണായക വിധിയുമായി സുപ്രിം കോടതി, സ്വാഗതം ചെയ്ത് മോദി

‘വോട്ടിന് കോഴ: നിര്‍ണായക വിധിയുമായി സുപ്രിം കോടതി, സ്വാഗതം ചെയ്ത് മോദി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെയും നിയമസഭകളിലെയും സാമാജികര്‍ വോട്ടിനും പ്രസംഗത്തിനും കൈക്കൂലി വാങ്ങിയാല്‍ പ്രൊസിക്യൂഷന്‍ നടപടിയില്‍ നിന്ന് നിയമ പരിരക്ഷ ഉണ്ടാകില്ലെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഏകകണ്ഠമായി വിധി. വോട്ടിന് കൈക്കൂലി വാങ്ങിയ പി.വി. നരസിംഹ റാവു കേസില്‍ 1998ലെ അഞ്ചംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി വന്നിരിക്കുന്നത്. സാമാജികര്‍ക്ക് അത്തരം പരിരക്ഷ നല്‍കരുതെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് കൂടി കോടതി ശരി വച്ചു.

കോഴ വാങ്ങുന്നത് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്റില്‍നിന്ന് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നില്ല. പ്രസംഗത്തിനും വോട്ടിനും കോഴ വാങ്ങുന്നത് ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

1998ലെ വിധി ഭരണഘടനയുടെ 105, 194 അനുച്ഛേദത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 105, 194 അനുച്ഛേദങ്ങള്‍ പ്രകാരം പാര്‍ലമെന്റ് അംഗത്തിനും നിയമസഭാംഗത്തിനും അഴിമതി കേസുകളില്‍ ക്രിമിനല്‍ കോടതിയില്‍ പ്രൊസിക്യൂഷന്‍ നടപടിയില്‍ നിന്ന് പരിരക്ഷയുണ്ടെന്ന ഭൂരിപക്ഷ വിധിയോട് തങ്ങള്‍ ഏകകണ്ഠമായി വിയോജിച്ച് റദ്ദാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

വോട്ടിന് കൈക്കൂലി വാങ്ങിയ പി.വി നരസിംഹ റാവു കേസില്‍ സാമാജികര്‍ക്ക് നിയമ പരിരക്ഷ നല്‍കിയ സുപ്രിംകോടതി വിധി പൊതുജീവിതത്തിലും പാര്‍ലമെന്ററി ജനാധിപത്യത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് ഏഴംഗ ബെഞ്ച് വിധിച്ചു. അത്കൊണ്ടാണ് സുപ്രീംകോടതി ഈ വിധി പുന:പരിശോധിക്കുന്നതെന്നും വിധിയില്‍ തുടര്‍ന്നു.

അതേ സമയം, അഴിമതിക്ക് പ്രത്യേക പരിരക്ഷയില്ലെന്നും, കോഴ വാങ്ങി വോട്ടു ചെയ്യുന്ന എംപിമാരും എംഎല്‍എമാരും വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. സ്വാഗതം. സുപ്രീം കോടതിയുടെ മഹത്തായ വിധി, സംശുദ്ധമായ രാഷ്ട്രീയം ഉറപ്പാക്കുകയും വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

 

‘വോട്ടിന് കോഴ: നിര്‍ണായക വിധിയുമായി സുപ്രിം കോടതി, സ്വാഗതം ചെയ്ത് മോദി

 

Share

Leave a Reply

Your email address will not be published. Required fields are marked *