മോളി, പടിയിറങ്ങുന്നത് രാജ്യത്തിന് വേണ്ടി മെഡല്‍ ഉയര്‍ത്തിപ്പിടിച്ച്‌

മോളി, പടിയിറങ്ങുന്നത് രാജ്യത്തിന് വേണ്ടി മെഡല്‍ ഉയര്‍ത്തിപ്പിടിച്ച്‌

സ്പോര്‍ട്സിനോട് പ്രത്യേക ആഭിമുഖ്യമൊന്നുമില്ലാത്ത ആ പെണ്‍കുട്ടി യാദൃശ്ചികമായാണ് ഫുട്ബോള്‍ ക്യാമ്പിലെത്തുന്നത്. അതിന് നിമിത്തമായത് സഹോദരിയായിരുന്ന ബേബി റീത്തയായിരുന്നു. നല്ലൊരു ഫുട്ബോള്‍ താരമായിരുന്ന ബേബി റീത്തയാണ് മോളിയെ 1988ല്‍ കോഴിക്കോട് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫുട്ബോള്‍ ക്യാമ്പിലേക്കെത്തിക്കുന്നത്. സ്പോര്‍ട്സിനോട് ആഭിമുഖ്യമില്ലാതായതിനൊരു മറുവശമുണ്ട്. പഠിച്ചത് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു. അവിടെ ബാസ്‌ക്കറ്റ്ബോള്‍ മാത്രമാണ് പരിശീലിപ്പിച്ചിരുന്നത്. ഫുട്ബോള്‍ ക്യാമ്പില്‍ കായികാധ്യാപകനായിരുന്ന ദേവസിക്കുട്ടി സാറിന്റെ കീഴില്‍ പന്ത് തട്ടാനാരംഭിച്ചു. പ്രീഡിഗ്രി കഴിഞ്ഞ ഉടനെ ലഭിച്ച ഈ പരിശീലനം മനസില്‍ സ്പോര്‍ട്സിനോടുള്ള അഭിനിവേശം ആളിപ്പടര്‍ത്തി. ക്യാമ്പ് കഴിഞ്ഞതോടെ ജില്ലാ ഫുട്ബോള്‍ ടീമിലേക്ക് സിലക്ഷന്‍ കിട്ടി. ഫുട്ബോള്‍ തട്ടിക്കളിക്കുമ്പോഴാണ് മോളി തന്റെ വഴി ഇതല്ലെന്ന് തിരിച്ചറിയുന്നത്. ആ ചുവടുകള്‍ നീങ്ങിയത് പവര്‍ലിഫ്റ്റിംഗിലേക്കായിരുന്നു. 1988ല്‍ സംസ്ഥാന തലത്തില്‍ മത്സരിച്ചപ്പോള്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനക്കാരിയായി.

1988 മുതല്‍ 98വരെ സംസ്ഥാന പവര്‍ലിഫ്റ്റിംഗ് ടീമിന്റെ അമരത്ത് പ്രവര്‍ത്തിച്ചു. 1989 മുതല്‍ മെഡല്‍വേട്ടയും ആരംഭിച്ചു. 1989ല്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ന്ന് നാഷണല്‍ ടീമിലേക്ക് സിലക്ഷന്‍ ലഭിച്ചു. നാഷണല്‍ ലെവലില്‍ 1990 മുതല്‍ മെഡല്‍ വിന്നറാണ് മോളി 1988മുതല്‍ ഇക്കാലയളവ് വരെ കോഴിക്കോട്ടെ സാമൂഹിക സാംസ്‌കാരിക സ്‌പോര്‍ട്‌സ് രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവും ലോക കേരള സഭ അംഗവുമായ പികെ കബീര്‍ സലാല പിന്തുണയും മോളി പറഞ്ഞു. അക്കാലത്ത് ഏറെ പ്രചാരം ഇല്ലാതിരുന്ന പല സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്കും പികെ കബീര്‍ സലാലയുടെ നിരന്തരമായ ഇടപെടല്‍ മൂലം മുഖ്യധാര സ്‌പോര്‍സ് ഇനങ്ങളായി മാറാനും അവയിലെ കായിക താരങ്ങള്‍ക്ക് ജില്ലാ സംസ്ഥാന നാഷണല്‍ ലെവലുകളില്‍ മത്സരിക്കാനും രാജ്യത്തിന്റെ അഭിമാന താരങ്ങളായി മാറാനും വഴിയൊരുക്കിയിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡോ.എ നീലലോഹിതദാസ് നാടാര്‍ കായിക മന്ത്രി ആയിരിക്കുമ്പോള്‍ 20 പേര്‍ക്ക് വര്‍ഷത്തില്‍ സ്‌പോര്‍ട്‌സില്‍ നിന്നും നേരിട്ട് നിയമനംകൊടുക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ 1991ലാണ് മോളിക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ എല്‍ഡിക്ലാര്‍ക്കായി നിയമനം ലഭിക്കുന്നത്.

തിരുവനന്തപുരത്തെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലായിരുന്നു പ്രഥമ നിയമനം. 1991ല്‍ നാഷണല്‍ മീറ്റില്‍ നാഷണല്‍ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഇന്റര്‍ നാഷണല്‍ മത്സരത്തിന് സിലക്ഷന്‍ കിട്ടി. 1993ല്‍ സ്വീഡനിലായിരുന്നു ഇന്റര്‍നാഷണല്‍ മീറ്റ് നടന്നത്. പോകാന്‍ പണമില്ല, എഴുപത്തയ്യായിരം രൂപ വേണം. യാതൊരു മാര്‍ഗ്ഗവുമില്ല. പോകേണ്ടെന്ന് തീരുമാനിച്ചു. അപ്പോഴാണ് അന്നത്തെ കോഴിക്കോട് ഡിഐജിയായിരുന്ന സോമരാജന്‍ സാറിനെ കണ്ട് വിവരം ധരിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞു.

മോളി ഒരിക്കലും പുറകോട്ട് നില്‍ക്കരുത്. ഒരപക്ഷേ എഴുതി തരാന്‍ പറഞ്ഞു.അതുപ്രകാരം അദ്ദേഹത്തിനപേക്ഷ കൊടുത്തു. സാര്‍ മുന്‍കൈയെടുത്ത് ഗവണ്‍മെന്റിലേക്കെഴുതി സര്‍ക്കാര്‍ പണം അനുവദിച്ചു. അങ്ങനെയാണ് സ്വീഡനില്‍ ഇന്റര്‍ നാഷണല്‍ മല്‍സരത്തില്‍ പങ്കെടുക്കാനായത്. പിന്നീട് ജപ്പാനിലും (1995) സൗത്ത് ആഫ്രിക്കയിലും (1997) പങ്കെടുക്കുവാന്‍ അവസരം ലഭിച്ചു. സ്വീഡനിലെ മത്സരത്തില്‍ പ്രതീക്ഷിച്ചപോലെ പെര്‍ഫോം ചെയ്യാനായില്ല. കാലാവസ്ഥയിലെ മാറ്റം, ടീമിന്റെ സപ്പോര്‍ട്ട് കുറവും ഇതിനൊരു കാരണമായിരുന്നു. 1992,93,94ലാണ് നാഷണല്‍ ചാമ്പ്യനാവുന്നത്. മെഡല്‍ നേടിയെന്ന് മാത്രമല്ല നാഷണല്‍ ലെവലില്‍ പുതിയ റിക്കോര്‍ഡും കൂടി സ്ഥാപിക്കുകയായിരുന്നു മോളി. ഇന്ത്യാ-ഏഷ്യാ, പവര്‍ലിഫ്റ്റിംഗില്‍ മൂന്ന് തവണ പങ്കെടുക്കുകയും മൂന്നു തവണയും വെള്ളിമെഡല്‍ രാജ്യത്തേക്കെത്തിക്കുകയും ചെയ്തു ഈ സ്പോര്‍ട്സ് താരം. 1993 മുതല്‍ ദേശീയ ചാമ്പ്യന്‍ 1994ല്‍ നാല് സംസ്ഥാന റെക്കോര്‍ഡ് സ്‌ട്രോങ് വുമണ്‍ ഓഫ് കേരളപട്ടം അതേ വര്‍ഷം കേരള പവര്‍ ലിഫ്റ്റിങിന്റെ ചരിത്രത്തില്‍ മൂന്ന് ദേശീയ റെക്കോര്‍ഡോടെ സ്‌ട്രോങ് വുമണ്‍ ഓഫ് ഇന്ത്യ പട്ടവും കരസ്ഥമാക്കി. സ്‌ട്രോങ് വുമണ്‍ ഓഫ്് കേരള, ഇന്ത്യ എന്നീ പദവികള്‍ നേടിയ പ്രഥമ വനിതകൂടിയാണ് മോളി.

1998ലാണ് നാഷണല്‍ ലെവല്‍ മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നത്. ഇതിനിടയില്‍ 1996ല്‍ ജിവി രാജ അവാര്‍ഡും മോളിയെ തേടിയെത്തി. തന്റെ ഇഷ്ട ഇനമായ പവര്‍ ലിഫിറ്റിംഗില്‍ മത്സരിക്കുന്നതോടൊപ്പം നമ്മുടെ അഭിമാനമായ കേരള പൊലീസിലും സ്തുത്യര്‍ഹ സേവനം നടത്താന്‍ മോളിക്കായി. 33 വര്‍ഷമായി അവര്‍ സേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്നു. ഇപ്പോള്‍ വടകര റൂറല്‍ എസ്പി ഓഫീസില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് മോളി. എല്‍ഡിക്ലാര്‍ക്കായി സേവനമാരംഭിച്ച മോളിക്ക് ഉന്നത പദവിയിലെത്താനും, സംതൃപ്തിയോടെ പടിയിറങ്ങാനും സാധിച്ചത് അവര്‍ തന്റെ കഴിവിന്റെ പരമാവധി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിനാലാണ് രാഷ്ട്രത്തിനും സംസ്ഥാനത്തിനും, വരും തലമുറക്കും മാതൃകാ വ്യക്തിത്വമാവുന്നത്. പുതു തലമുറക്ക് മോളിക്ക് കൊടുക്കാനുള്ള സന്ദേശവും ഇതു തന്നെയാണ്. വളരെ പോസിറ്റീവായി അവസരങ്ങളെ സ്വീകരിക്കുക, കഠിനാധ്വാനവും, അര്‍പ്പണ മനോഭാവവും ഉണ്ടെങ്കില്‍ വിജയം വന്നണയുക തന്നെ ചെയ്യും. അച്ഛന്‍ ടി വേലുക്കുട്ടി ആര്‍മിയില്‍ ഹോക്കി പ്ലയെറും അമ്മാവന്‍ ഇ ഗംഗാദരന്‍ ആര്‍മിയില്‍ ഫുട്ബോള്‍ പ്ലയെറും മൂത്ത സഹോദരന്‍ ടി മോഹന്‍രാജ് ഗ്വാളി യോര്‍ റയെണ്‍സിലും തുടര്‍ന്ന് എഫ്‌സിഐ ലും ഫുട്‌ബോള്‍ പ്ലയെറായിരുന്നു.

ഈ മാസം 2024 ഫെബ്രുവരി 29ന്ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്ന മോളിക്ക് ഭാവി കാലവും തന്റെ തട്ടകമായ പവര്‍ ലിഫ്റ്റിംഗില്‍ തന്നെ സാന്നിധ്യമറിയിക്കാനാണ് താല്‍പ്പര്യം. ജില്ല പവര്‍ലിഫ്റ്റിങ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം ,സംസ്ഥാന പവര്‍ ലിഫ്റ്റിങ് സെലക്ഷന്‍ കമ്മിറ്റി അംഗം ദേശീയ പവര്‍ ലിഫ്റ്റിങ് റഫറി കാറ്റഗറി വണ്‍ എന്നീ നിലകളിലും അവര്‍ സ്‌പോര്‍ട്‌സ് രംഗത്ത് സജീവ സാന്നിധ്യമാണ്.

ഒഫീഷ്യലായി തുടരുന്നതോടൊപ്പം സാമൂഹിക സാംസ്‌കാരിക മേഖലകളായ കാമരാജ് ഫൗണ്ടേഷന്‍ ഇന്ത്യാ ജില്ലാ പ്രവര്‍ത്തക സമിതിയംഗം, കോഴിക്കോട് ജില്ലാ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി മെമ്പര്‍, കോഴിക്കോട് അഗ്രികള്‍ച്ചറിസ്റ്റ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് (കാംകോ) സൊസൈറ്റി, ജില്ലാ സഹകരണ ആശുപത്രി അംഗം എന്നീ നിലകളിലും പ്രവര്‍ത്തന നിരതയായി മോളി നമുക്കിടയിലുണ്ട്. മോളിയുടെ സേവനം കായിക കേരളത്തിനും നാടിനും കരുത്താവട്ടെ.

 

 

മോളി, പടിയിറങ്ങുന്നത് രാജ്യത്തിന് വേണ്ടി മെഡല്‍ ഉയര്‍ത്തിപ്പിടിച്ച്‌

Share

Leave a Reply

Your email address will not be published. Required fields are marked *