വനിതാ പ്രീമിയര്‍ ലീഗ് സീസണിലെ രണ്ടാം മത്സരത്തില്‍ താരമായി മലയാളി താരം സജന. ഡെല്‍ഹി ക്യാപിറ്റല്‍സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് ത്രസിപ്പിക്കുന്ന വിജയമാണ് നേടിയത്. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ സിക്‌സ് അടിച്ചു കൊണ്ട് മലയാളി താരം സജന സജീവന്‍ ആണ് മുംബൈ ഇന്ത്യന്‍സിനെ വിജയിപ്പിച്ചത്.
താന്‍ നേരിട്ട വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ പന്ത് തന്നെ സജന സിക്‌സിലേക്ക് എത്തിക്കുകയായിരുന്നു. വയനാട് സ്വദേശിയാണ് സജന. ഇന്ന് ഡെല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 172 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിനായി യാസ്തിക ബാട്ടിയയും ഹര്‍മന്‍പ്രീതും അര്‍ധ സെഞ്ച്വറി നേടി.
യാസ്തിക 45 പന്തില്‍ നിന്ന് 57 റണ്‍സും ഹര്‍മന്‍പ്രീത് 34 പന്തില്‍ 55 റണ്‍സും എടുത്തു. അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 12 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. ആദ്യ അഞ്ചു പന്തില്‍ നിന്ന് 7 റണ്‍സ് എടുക്കാനെ മുംബൈക്ക് ആയുള്ളൂ. അലിസ് കാപ്‌സി എറിഞ്ഞ അവസാന പന്ത് നേരിടാന്‍ എത്തിയ സജന താന്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് പറത്തി വിജയം ഉറപ്പിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഡെല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്‌കോര്‍. മുംബൈ ഇന്ത്യന്‍സിന് എതിരെ 20 ഓവറില്‍ 171-5 എന്ന് സ്‌കോര്‍ നേടാന്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനായി. അലിസ് കാപ്‌സിയുടെ മികച്ച ഇന്നിംഗ്‌സ് ആണ് ഡെല്‍ഹിക്ക് കരുത്തായത്. 53 പന്തില്‍ നിന്ന് 75 എടുക്കാന്‍ കാപ്‌സിക്ക് ആയി. 3 സിക്‌സും 9 ഫോറും അവര്‍ നേടി.
24 പന്തില്‍ 42 റണ്‍സ് എടുത്ത ജമീമയും ഡെല്‍ഹിക്ക് ആയി തിളങ്ങി. ജമീമ 2 സിക്‌സും 5 ഫോറും അടിച്ചു. തുടക്കത്തില്‍ 25 പന്തില്‍ നിന്ന് 31 റണ്‍സ് എടുത്ത മെഗ് ലാന്നിംഗും നല്ല പ്രകടനം കാഴ്ച വെച്ചു. 1 റണ്‍ എടുത്ത ഷഫാലി ഇന്ന് നിരാശപ്പെടുത്തി.