ബ്രേക്കില്‍ കാല് വെച്ചാണോ യാത്ര? ഇങ്ങനെയൊക്കെ ചെയ്താല്‍ പോക്കറ്റ് കാലിയാകും

ബ്രേക്കില്‍ കാല് വെച്ചാണോ യാത്ര? ഇങ്ങനെയൊക്കെ ചെയ്താല്‍ പോക്കറ്റ് കാലിയാകും

ഇന്ത്യയില്‍ ഭൂരിഭാഗം ആളുകളും ഇപ്പോഴും യാത്രകള്‍ക്കായി ടൂവീലറുകളെയാണ് ആശ്രയിക്കുന്നത്. നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന മൈലേജ് ബൈക്കിന് കിട്ടുന്നുണ്ടോ എന്ന് ആരോടെങ്കിലും ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം. നമുക്ക് ചുറ്റുമുള്ള എല്ലാവര്‍ക്കും ബൈക്ക് ഓടിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല.

കാര്‍ ഓടിക്കുന്നതിനേക്കാള്‍ അല്‍പ്പം ബുദ്ധിമുട്ടാണ് ബൈക്ക് ഓടിക്കാന്‍ എന്നത് തന്നെ കാരണം. ടൂവീലര്‍ ലൈസന്‍സുള്ളവരും സ്ഥിരമായി ബൈക്ക് ഓടിക്കുന്നവരും വരെ ചില പിഴവുകള്‍ വരുത്താറുണ്ട്. ഇതുകൊണ്ടാണ് മുകളില്‍ പറഞ്ഞ പോലെ ബൈക്കിന്റെ മൈലേജ് കുറയാന്‍ ഒരു കാരണം. ബൈക്ക് ഓടിക്കുമ്പോള്‍ നാം വരുത്തുന്ന ചെറിയ പിഴവുകള്‍ ഇന്ധനക്ഷമതയെ ബാധിക്കുന്നുവെന്ന് പറയാം. നിങ്ങളുടെ ബൈക്കിന്റെ മൈലേജ് കുറയ്ക്കുന്ന ചില തെറ്റായ ശീലങ്ങളും അത് തിരുത്താനുള്ള മാര്‍ഗവും പറഞ്ഞുതരാം.

ബ്രേക്കില്‍ കാലുവെച്ച് യാത്ര ചെയ്യരുത്: കാറില്‍ ക്ലച്ച് എന്ന പോലെ ബൈക്കില്‍ ബ്രേക്ക് ഫൂട്റെസ്റ്റാക്കി വെക്കുന്ന ചിലരുണ്ട്. ഇരുചക്ര വാഹനം ഓടിക്കുന്ന സമയത്തും ബ്രേക്കില്‍ കാലുവെച്ച് സഞ്ചരിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുക. പെട്ടെന്ന് എന്തെങ്കിലും കുറുകെ ചാടിയാല്‍ സഡന്‍ ബ്രേക്കിംഗിന്റെ സമയത്ത് ഇത് ഒരുപക്ഷേ ഉപകരിച്ചേക്കാം. എന്നാല്‍ എപ്പോഴും ബ്രേക്കില്‍ കാല്‍ വയ്ക്കുന്നത് ബ്രേക്കിന് നേരിയ മര്‍ദം നല്‍കുന്നു. ഇത് ബ്രേക്ക് എന്‍ഗേജ് ചെയ്തിടും.

നിങ്ങള്‍ എഞ്ചിന് കൂടുതല്‍ പവര്‍ നല്‍കിയാലും അത് ചക്രങ്ങളിലേക്ക് മുഴുവനായി എത്തിച്ചേരില്ല. ബ്രേക്ക് അപ്ലൈ ആയിക്കിടക്കുന്ന സാഹചര്യത്തില്‍ നിങ്ങളുടെ വാഹനത്തിന് ഉദ്ദേശിച്ച വേഗതയില്‍ പോകാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ ഇന്ധനം ചെലവാകുകയും ചെയ്യും. ദിവസവും ചെറിയ ദൂരം മാത്രം പോകുന്നവര്‍ക്ക് ഇത് അറിയാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ദീര്‍ഘദൂര യാത്ര ചെയ്യുമ്പോള്‍ വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കും.

ശരിയായ വേഗതയില്‍ ഗിയര്‍ മാറ്റുക: നിങ്ങളുടെ ബൈക്കിന് നല്ല മൈലേജ് ലഭിക്കണമെന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ട സംഗതികളില്‍ ഒന്നാണിത്. ബൈക്ക് ഓടിക്കുന്ന സമയത്ത് ശരിയായ വേഗതയില്‍ ഗിയര്‍ മാറ്റേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ അധികം തിരക്കില്ലാത്ത ഹൈവേ പോലുള്ള റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ടോപ് ഗിയറില്‍ പോകുക. ഉയര്‍ന്ന വേഗതയില്‍ ടോപ് ഗിയറില്‍ പോകുമ്പോള്‍ എഞ്ചിനില്‍ അധികം സമ്മര്‍ദ്ദം വരില്ല.

അതേസമയം വണ്ടി അല്‍പ്പം വേഗത കുറച്ച് പോകേണ്ട സാഹചര്യം വരുമ്പോള്‍ താഴ്ന്ന ഗിയറിലേക്ക് തട്ടുക. കുറഞ്ഞ വേഗതയില്‍ ഉയര്‍ന്ന ഗിയറില്‍ യാത്ര ചെയ്യുന്നത് എഞ്ചിനെ ബാധിക്കും. മാത്രമല്ല ചെറിയ ഗിയറില്‍ നന്നായി ത്രോട്ടില്‍ കൊടുക്കുന്നതും ഇന്ധനം കത്തിത്തീരാന്‍ ഇടയാക്കും. അതുകൊണ്ട് ശരിയായ വേഗതയില്‍ ഗിയര്‍ മാറ്റാന്‍ ശ്രമിക്കുക. ഇങ്ങനെ ചെയ്താല്‍ തന്നെ മൈലേജ് കൂടുന്നതായി കാണാം.

ടയര്‍ പ്രഷര്‍: ഒട്ടുമിക്ക ബൈക്ക് ഉടമകളും കാര്യമായി ഗൗനിക്കാത്ത സംഗതിയാണ് അടുത്തത്. ടയര്‍ പ്രഷറിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കൃത്യമായ ഇടവേളകളില്‍ ടയര്‍ പ്രഷര്‍ പരിശോധിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ചിലര്‍ പെട്രോള്‍ നിറക്കാന്‍ പമ്പില്‍ എത്തുമ്പോള്‍ ഓര്‍മ വന്നാല്‍ മാത്രം എയര്‍ നിറയ്ക്കുന്നവരാണ്. ചിലര്‍ ഏറെ നാള്‍ ടയര്‍ പ്രഷര്‍ പരിശോധിക്കാറേ ഇല്ല. എന്നാല്‍ രണ്ട് ദിവസത്തിലൊരിക്കല്‍ ടയര്‍ പ്രഷര്‍ പരിശോധിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്.

ടയര്‍ പ്രഷറും വാഹനത്തിന്റെ മൈലേജും തമ്മില്‍ ബന്ധമുണ്ട്. ടയര്‍ പ്രഷര്‍ കുറവാണെങ്കില്‍ മൈലേജ് കുറയും. ടയറില്‍ എയര്‍ കുറവാണെങ്കില്‍ നമ്മള്‍ വണ്ടി എത്ര വേഗത്തില്‍ വേഗത്തിലാക്കിയാലും അതിനൊത്ത വേഗത്തില്‍ ടയര്‍ കറങ്ങാന്‍ പ്രയാസമായിരിക്കും. ഇത് തറയില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാല്‍ തന്നെ മൈലേജിനെ നേരിട്ട് ബാധിക്കുമെന്ന് ഓര്‍ക്കുക. അതുകൊണ്ട് വണ്ടിയുടെ ടയര്‍ പ്രഷര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പാക്കുക.

മുകളില്‍ പറഞ്ഞ പലതും നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളായിരിക്കാം. എന്നാല്‍ വളരെ കൃത്യമായ രീതിയില്‍ ബൈക്ക് ഓടിക്കുന്നവര്‍ വളരെ കുറവാണ്. മുകളില്‍ പറഞ്ഞവയില്‍ ടയര്‍ പ്രഷറിന്റെ കാര്യം പലരും അത്ര കാര്യമായി എടുക്കാറില്ല. എന്നാല്‍ നമ്മള്‍ തീരേ ഗൗനിക്കാത്ത കാര്യങ്ങള്‍ വരെ മൈലേജ് കുറയാന്‍ കാരണമാവുന്നുവെന്ന് മറക്കരുത്. ബൈക്കിന് മൈലേജ് കുറവാണെന്ന് പരാതിപ്പെടുന്ന ഒരു സുഹൃത്ത് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഈ ലേഖനം അയച്ച് കൊടുക്കുമല്ലോ.

ബ്രേക്കില്‍ കാല് വെച്ചാണോ യാത്ര? ഇങ്ങനെയൊക്കെ ചെയ്താല്‍ പോക്കറ്റ് കാലിയാകും

Share

Leave a Reply

Your email address will not be published. Required fields are marked *