ന്യൂഡല്‍ഹി: ‘ഡല്‍ഹി ചലോ’ സമരം,ഇന്ന് കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചനടത്തുന്ന സാഹചര്യത്തില്‍ കര്‍ഷക പ്രക്ഷോഭം ശക്തമല്ലെങ്കിലും പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സമരക്കാര്‍ റെയില്‍ പാളം തടഞ്ഞു. സമരക്കാരെ നേരിടാന്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന സന്നാഹങ്ങള്‍ക്കും അയവില്ല. ഇന്ന് വൈകുന്നേരം നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ടെ, നിത്യാനന്ദ് റായ് എന്നിവര്‍ഇന്നത്തെ ചര്‍ച്ചക്ക് ചണ്ഡീഗഢിലെത്തും. സമരരംഗത്തുള്ള സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും പ്രതിനിധികളുമായി ബുധനാഴ്ച വൈകീട്ട് ഓണ്‍ലൈനായി നടത്തിയ കൂടിക്കാഴ്ചയിലാണ് വ്യാഴാഴ്ച ചര്‍ച്ച നടത്താന്‍ തീരുമാനമുണ്ടായത്. വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചനടത്തണമെന്നും ഇതിനോടകം കര്‍ഷകര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സമരക്കാര്‍ റെയില്‍ പാളം തടസ്സപ്പെടുത്തിയതിനേത്തുടര്‍ന്ന് ട്രെയിന്‍ ഗാതാഗതംമുടങ്ങി. ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയര്‍പിച്ചാണ് ഭാരതീയ കിസാന്‍ യൂണിയന്‍ ഉഗ്രഹാന്‍ വിഭാഗം റെയില്‍ പാളങ്ങള്‍ തടസ്സപ്പെടുത്തിയത്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കുനേരെ പോലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ ഉപയോഗിക്കുന്നത് തുടരുകയാണ്. പഞ്ചാബില്‍ ഇന്റ
നെറ്റും നിരോധിച്ചു.ഡല്‍ഹിയെയും ഹരിയാനയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന രണ്ട് അതിര്‍ത്തികളും അടച്ച് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഹരിയാണയിലെ ടിക്രി, സിങ്കു അതിര്‍ത്തികള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണെങ്കിലും യുപിയിലെ ഗാസിപുര്‍ അതിര്‍ത്തിയിലൂടെ യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഗാസിപുര്‍ അതിര്‍ത്തിയിലെ ദേശീയപാതയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ഗതാഗതത്തെ ബാധിക്കുന്നുണ്ടെങ്കിലും ഇരുഭാഗത്തുമുള്ള പാതകള്‍ തുറന്നിട്ടുണ്ട്. വിവിധ പരീക്ഷകള്‍ നടക്കാനിരിക്കുന്നതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളിലടക്കമുള്ള വിദ്യാര്‍ഥികളോട് പരീക്ഷാകേന്ദ്രങ്ങളിലേക്ക് നേരത്തെ പുറപ്പെടണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
ഒരുകാരണവശാലും കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നാണ് പോലീസിന്റെ നിലപാട്. സുരക്ഷാഉദ്യേഗസ്ഥരുടെ വന്‍വിന്യാസമാണ് തലസ്ഥാനത്തുള്ളത്.