റോമ: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണികിനെ അട്ടിമറിച്ച് ലാസിയോ. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരുഗോളിനാണ് കീഴടക്കിയത്. 69ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഇമ്മൊബിലെയാണ് ഇറ്റാലിയന്‍ ക്ലബിനായി വിജയഗോള്‍ നേടിയത്. ഇതോടെ സ്വന്തംമൈതാനത്ത് നടക്കുന്ന രണ്ടാംപാദ ക്വാര്‍ട്ടര്‍ ബയേണിന് ജീവന്‍മരണപോരാട്ടമായി.
67ാം മിനിറ്റില്‍ അപകരമായ ഫൗള്‍ ചെയ്തതിന് ബയേണ്‍ പ്രതിരോധ താരം ഉപമെക്കാനോ റെഡ്കാര്‍ഡ് വഴങ്ങി പുറത്തായതോടെ അവസാന മിനിറ്റുകളില്‍ പത്തുപേരുമായാണ് സന്ദര്‍ശകര്‍ കളിച്ചത്. ബോക്സില്‍ ലാസിയോ താരത്തെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഇറ്റാലിയന്‍താരം അനായാസം വലയിലാക്കി. നേരത്തെ ബുണ്ടെസ് ലീഗയിലെ അവസാന മത്സരത്തിലും ബയേണ്‍ തോല്‍വി വഴങ്ങിയിരുന്നു. ബയേണ്‍ ലെവര്‍കൂസനാണ് തോല്‍പിച്ചത്. ഇതോടെ ബുണ്ടെസ് ലീഗ കിരീട പ്രതീക്ഷക്കും മങ്ങലേറ്റിരുന്നു. തോല്‍വിയെ തുടര്‍ന്ന് പരിശീലകന്‍ തോമസ് തുഹേലിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. ടീമിന്റെ മോശം ഫോമിനെതിരെ ആരാധകര്‍ സാമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
മറ്റൊരു മത്സരത്തില്‍ റിയല്‍ സോസിഡാഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പി.എസ്.ജി കീഴടക്കി. 58-ാം മിനിറ്റില്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയും 70-ാം മിനിറ്റില്‍ ബ്രാഡ്ലി ബാര്‍കോളയും ആതിഥേയര്‍ക്കായി ലക്ഷ്യംകണ്ടു. 21ന് പുലര്‍ച്ചെ 1.30ന് നടക്കുന്ന മത്സരത്തില്‍ പി.എസ്.വി, ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനേയും ഇന്റര്‍ മിലാന്‍ അത്ലറ്റികോ മാഡ്രിഡിനേയും നേരിടും.