പരിശുദ്ധ പ്രണയത്തെ ദൃഢമാക്കാന്‍ ഒരു വാലന്റൈസ് ഡേ കൂടി

പരിശുദ്ധ പ്രണയത്തെ ദൃഢമാക്കാന്‍ ഒരു വാലന്റൈസ് ഡേ കൂടി

പ്രണയത്തോളം പവിത്രവും, നിര്‍്മ്മലവുമായ മറ്റൊരു വികാരം മനുഷ്യര്‍ക്കിടയിലില്ല. പരിധികളില്ലാത്ത സ്‌നേഹം പരസ്പരം കൈമാറുന്നത് തന്നെയാണ് പ്രണയം. അതില്‍ വിട്ടുവീഴ്ചകളും, കൈമാറലുകളും, തിരിച്ചറിയലുകളും എല്ലാം ഉള്‍പ്പെടുന്നു. പ്രണയിക്കുന്നവര്‍ പരസ്പരം ഹൃദയം കൈമാറിയും സമ്മാനങ്ങള്‍ നല്‍കിയും പരിശുദ്ധ പ്രണയത്തെ കൂടുതല്‍ ദൃഢമാക്കുന്ന ദിനം. ലോകമെമ്പാടും വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന അസുലഭ നിമിഷം.
പ്രണയം പറയാന്‍ ഇതില്‍പ്പരം അനുയോജ്യമായ മറ്റൊരു ദിനമില്ല. എന്തുകൊണ്ടാണ് പ്രണയത്തിനായി ഇത്തരമൊരു പ്രത്യേക ദിനം ഉണ്ടാക്കിയിരിക്കുന്നത് ? ഈ ദിനത്തിന്റെ പ്രസക്തി എന്ത്? ഇത്തരം സംശയങ്ങള്‍ എല്ലാവരിലും ഉണ്ടാവാം.

പണ്ട് റോം ഭരിച്ചിരുന്ന ക്ലോഡിയസ് ചക്രവര്‍ത്തിയുടെ കാലത്ത് കത്തോലിക്ക സഭയുടെ ബിഷപ്പ് വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ കുടുംബത്തെക്കുറിച്ച് മാത്രമേ ചിന്തിക്കൂ എന്നും യുദ്ധത്തില്‍ വേണ്ടത്ര താല്‍പര്യം അവര്‍ കാണിക്കില്ലെന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു.

എന്നാല്‍ ബിഷപ്പ് വാലന്‍ന്റൈന്‍ പരസ്പരം സ്‌നേഹിക്കുന്നവരുടെ വികാരം മനസിലാക്കി രഹസ്യമായി അവരുടെ വിവാഹം നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. എന്നാല്‍ ബിഷപ്പ് വാലന്‍ന്റൈന്‍, ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തില്‍ ആയി. ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു.അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടുപോകുന്നതിന് മുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് ”ഫ്രം യുവര്‍ വാലന്‍ന്റൈന്‍” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിന് ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മ്മയ്ക്കായി ഫെബ്രുവരി 14ന് ലോകമെമ്പാടും വാലന്‍ന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.

പ്രണയം എന്നും കൈമാറാം. എന്നാല്‍ പ്രണയത്തിനും പ്രണയിക്കുന്നവര്‍ക്കുമുള്ള അംഗീകാരമാണ് ഈ ദിവസം. സത്യത്തില്‍ ഒരു ദിവസമല്ല, ഒരാഴ്ച നീളുന്ന ഒരു ആഘോഷമാണിത്. ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് വാലന്റൈന്‍ വീക്ക്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. ഘട്ടം ഘട്ടമായി പ്രണയം പറയുകയാണ് ഓരോ ദിവസത്തിലും ചെയ്യേണ്ടത്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, അവസാനം വാലന്റൈന്‍സ് ഡേ ഇതാണ് ഒരാഴ്ചയോളം നീളുന്ന ആഘോഷം.

പല രാജ്യത്തും വ്യത്യസ്ത രീതികളിലാണ് വാലന്റൈന്‍സ് ഡേ ആഘോഷിക്കാറുള്ളത്. ലോകമെമ്പാടും ഒരുപോലെ ആഘോഷിക്കുന്ന ഈ ദിനത്തിന് നമ്മള്‍ പോലും അറിയാത്ത രഹസ്യ ആചാരങ്ങള്‍ ചില രാജ്യങ്ങളില്‍ നടക്കുന്നുണ്ട്. ജപ്പാന്‍, നോര്‍വ്വേ, ഫിലിപ്പീന്‍സ്, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍ വിചിത്രമായ ചില ആചാരങ്ങള്‍ നടത്തി വരുന്നത്.

ജപ്പാനില്‍ വിവാഹാഭ്യര്‍ത്ഥനയില്‍ ചോക്ലേറ്റാണ് പ്രധാനം. പെണ്‍കുട്ടിയാണ് ചോക്ലേറ്റ് തന്റെ പ്രണയ സൂചനയായി ആണ്‍കുട്ടിയ്ക്ക് നല്‍കുന്നത്. വൈറ്റ് ഡേ എന്നാണ് ഈ ദിവസം ജപ്പാനില്‍ അറിയപ്പെടുന്നത്.

ഡെന്‍മാര്‍ക്കിലെ ആചാരം വളരെ വ്യത്യസ്തമാണ്. ചില നമ്പറുകളും ഡോട്ടുകളും ഉപയോഗിച്ച് ആണ്‍കുട്ടിയ്ക്ക് പറയാനുള്ളത് ഒരു കവിത പോലെയാക്കി നല്‍കുന്നു. എന്നാല്‍ ഇതാരാണ് നല്‍കിയതെന്ന് പെണ്‍കുട്ടി കണ്ടെത്തണം. ആ കത്ത് ആരുടേതാണെന്ന് കണ്ട് പിടിച്ചാല്‍ ആ പ്രണയം വിജയിച്ചു.

സ്ലോവേനിയയില്‍ സ്പ്രിങ് ഫെസ്റ്റിവല്‍ എന്ന പേരിലാണ് വാലന്റൈന്‍സ് ദിനം അറിയപ്പെടുന്നത്. മാര്‍ച്ച് 12ന് സെന്റ്. ജോര്‍ജസ് ഡേയിലാണ് സ്ലോവേനിയയില്‍ പ്രണയദിനം ആഘോഷിക്കുന്നത്.

എസ്റ്റോണിയയില്‍ വാലന്റൈന്‍സ് ഡേ പ്രണയദിനമല്ല. ഫ്രണ്ട്ഷിപ്പ് ഡേ ആണെന്ന് വേണമെങ്കില്‍ പറയാം. പ്രണയിക്കുന്നവര്‍ മാത്രമല്ല, കൂട്ടുകാരും വീട്ടുകാരും ചേര്‍ന്നാണ് ഇവിടെ ഈ ദിനം ആഘോഷിക്കുന്നത്.

അതുപോലെ ഫിലിപ്പീനില്‍ ഫെബ്രുവരി 14 എന്ന് പറയുന്നത് വിവാഹ ദിനം കൂടിയാണ്. മനോഹരമായ ഒരു സ്ഥലം കണ്ടെത്തി കാമുകിയെയും കൂട്ടി ചെന്ന് വിവാഹം കഴിക്കുന്നതാണ് ഈ നാട്ടിലെ വാലന്റൈന്‍സ് ഡേയുടെ പ്രത്യേകത. ഇത്തരത്തില്‍ വീലന്റൈന്‍സ് ഡേ പല രാജ്യങ്ങളിലും പലപല രീതിയിലാണ് ആഘോഷിക്കുന്നത്.

എന്നാല്‍ ഒരു സത്യം പറയട്ടെ, പ്രണയം പറയാന്‍ ഈ ദിനത്തിലേക്ക് കാത്തിരിക്കേണ്ട ആവശ്യമില്ല ,ഒരു വര്‍ഷത്തിന് 365 ദിവസങ്ങളുണ്ട്. എന്നാല്‍ പ്രണയിക്കുന്നവര്‍ക്ക് എന്നും ഈ ദിനം സ്‌പെഷ്യലാണ് എന്നതാണ് സത്യം. പങ്കാളിയെ പരസ്പരം മനസിലാക്കാനും, അറിയാനും, മനസ് തുറന്ന് സംസാരിക്കാനും ഈ ദിനം നിങ്ങളുടെ ഭാവി പ്രണയ ജീവിതം കൂടുതല്‍ മനോഹരമാക്കട്ടെ.

 

 

 

 

പരിശുദ്ധ പ്രണയത്തെ ദൃഢമാക്കാന്‍
ഒരു വാലന്റൈസ് ഡേ കൂടി

 

Share

Leave a Reply

Your email address will not be published. Required fields are marked *