സോണിയ ഗാന്ധി രാജ്യസഭയിലേക്ക്, ഇന്ന് പത്രിക സമര്‍പ്പണം

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്, ഇന്ന് പത്രിക സമര്‍പ്പണം

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയും മുന്‍ അധ്യക്ഷയുമായ സോണിയ ഗാന്ധി രാജ്യ സഭയിലേക്ക്. ഇന്ന് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്നിക്, അജയ് മാക്കന്‍, സല്‍മാന്‍ ഖുര്‍ഷിദ്, കെസി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമാണ് സോണിയ ഗാന്ധി രാജ്യ സഭയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനുള്ള സമയപരിധി നാളെവരെയാണ്. ഇന്ന് തന്നെ സ്ഥിരീകരണം ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതിനായി സോണിയ ഗാന്ധി ഇന്ന് ജയ്പൂരില്‍ എത്തും.

22 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി അഞ്ച് തവണ ലോക്സഭാ എംപിയായിട്ടുണ്ട്. സോണിയ ഗാന്ധിയുടെ ഉത്തര്‍പ്രദേശിലെ റായ്ബറേലി ലോക്സഭാ സീറ്റ് മകളും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാദ്രക്ക് നല്‍കുമെന്നാണ് കരുതുന്നത്. എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം സംബന്ധിച്ച് നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

രാജ്യസഭയിലേക്കുള്ള സോണിയ ഗാന്ധിയുടെ പ്രവേശനം ഇത് ആദ്യമാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1964 ഓഗസ്റ്റ് മുതല്‍ 1967 ഫെബ്രുവരി വരെ രാജ്യസഭയില്‍ അംഗമായിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തന്റെ മണ്ഡലത്തില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താന്‍ കഴിയാത്തതിനാല്‍ രാജ്യസഭയിലേക്ക് മാറാനുള്ള സോണിയാ ഗാന്ധിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യസഭാ സീറ്റിനായുള്ള കോണ്‍ഗ്രസിന്റെ പട്ടികയില്‍ മറ്റാരൊക്കെയുണ്ട് എന്നത് വ്യക്തമല്ല. മുന്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. 56 രാജ്യസഭാ സീറ്റുകളില്‍ മധ്യപ്രദേശില്‍ നിന്നുള്ള ഒന്ന് ഉള്‍പ്പെടെ ഒമ്പത് സീറ്റുകളെങ്കിലും കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 

 

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്,
ഇന്ന് പത്രിക സമര്‍പ്പണം

 

Share

Leave a Reply

Your email address will not be published. Required fields are marked *