അങ്ങേയറ്റം പ്രയാസമേറിയ വാര്‍ത്തയാണ് വയനാട്ജില്ലയിലെ മാനന്തവാടിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറംലോകം കേട്ടത്. കാട്ടാന നാട്ടിലിറങ്ങി ഒരു ചെറുപ്പക്കാരന്റെ ജീവന്‍ കവരുകയായിരുന്നു. ബേലൂര്‍ മഖ്‌ന(ബോലൂര്‍ മോഴ) എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് മറ്റൊരാന സുല്‍ത്താന്‍ ബത്തേരിയിലിറങ്ങുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്തത്. പിന്നീടതിനെ മയക്ക് വെടിവെച്ച് പിടികൂടുകയും അത് കൊല്ലപ്പെടുകയും ചെയ്തു.
കാട്ടാനയുടെ ശല്യം വയനാട് ജില്ലയില്‍ പെരുകിയിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ജനവാസമേഖലയ്ക്കടുത്ത് ഇവ കൂട്ടമായാണ് പലയിടത്തും കഴിഞ്ഞു പോരുന്നത്. കാട്ടില്‍ നിന്ന് നാട്ടിലേക്കിറങ്ങുന്ന ആനകള്‍ അപകടകാരികളായി മാറുകയാണ്. കാട്ടാനകള്‍ മാത്രമല്ല, പന്നി, കടുവ, പുലി എന്നിവയെല്ലാം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ജനങ്ങളുടെ ജീവനും, കൃഷി നശിപ്പിക്കലും എല്ലാം വലിയ ഭീഷണിയാണ് വന്യ മൃഗങ്ങള്‍ സൃഷ്ടിക്കുന്നത്.
വന്യ മൃഗങ്ങലെ നിയന്ത്രിക്കാനായില്ലെങ്കില്‍ വലിയ ദുരന്തമാണ് നമ്മെ കാത്തിരിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കുകയും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവണം. വന്യമൃഗങ്ങളെ നിരീക്ഷിക്കാന്‍ ഒരു സ്ഥിരം സംവിധാനമുണ്ടാക്കണമെന്നും വനാതിര്‍ത്തികളില്‍ മതിലുകള്‍ നിര്‍മ്മിക്കണമെന്നുമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇക്കാര്യം വിദഗ്ധ പഠനത്തിന് ശേഷം ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ വലിയ സാമ്പത്തിക ചിലവു വരുമെങ്കില്‍ എല്ലാവരും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം കൂടി നേടിയെടുക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുകയും വേണം.