ഊരാളുങ്കല്‍ സൊസൈറ്റി ശതാബ്ദിയാഘോഷത്തിനു 13-നു തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഊരാളുങ്കല്‍ സൊസൈറ്റി ശതാബ്ദിയാഘോഷത്തിനു 13-നു തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 13-നു വൈകിട്ട് 3 30-നു വടകര മടപ്പള്ളി ജിവിഎച്ച്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ചേരുന്ന മഹാസമ്മേളനത്തില്‍ സഹകരണ – തുറമുഖ വകുപ്പു മന്ത്രി വി. എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, പൊതുമരാമത്ത് – ടൂറിസം മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്, വനം – വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, പ്രശസ്ത സാഹിത്യകാരന്മാരായ ടി. പത്മനാഭന്‍, എം. മുകുന്ദന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
എംപി മാരായ കെ. മുരളീധരന്‍, എം. കെ രാഘവന്‍, എളമരം കരീം, ബിനോയ് വിശ്വം, പി. ടി. ഉഷ, എംഎല്‍എമാരായ കെ. കെ. രമ, ടി. പി. രാമകൃഷ്ണന്‍, കെ. പി. കുഞ്ഞമ്മത്കുട്ടി മാസ്റ്റര്‍, ഇ. കെ. വിജയന്‍, കാനത്തില്‍ ജമീല, കെ. എം. സച്ചിന്‍ ദേവ്, തോട്ടത്തില്‍ രവീന്ദ്രന്‍, പി. ടി. എ. റഹീം, ഡോ. എം. കെ. മുനീര്‍, ലിന്റോ ജോസഫ്, അഹമ്മദ് ദേവര്‍കോവില്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി തുടങ്ങിയ ജനപ്രതിനിധികളും മുന്‍ മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്, സി. കെ. നാണു തുടങ്ങിയവരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളും ആശംസകള്‍ അര്‍പ്പിക്കും.
ചീഫ് സെക്രട്ടറി വി. വേണു, സഹകരണസെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി. വി. സുഭാഷ്, കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് ഏഷ്യ പെസഫിക് റീജ്യണല്‍ ഡയറക്ടര്‍ ബാലു ജി അയ്യര്‍, മഹാരാഷ്ട്ര ലേബര്‍ കോ- ഓപ്പറേറ്റീവ് ഫെഡറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് കുസാല്‍ക്കര്‍, നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ദിലീപ് ഭായ് സംഘാനി തുടങ്ങിയവര്‍ ആശംസകള്‍ നേരും.
യുഎല്‍സിസിഎസ് ചെയര്‍മാനും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ രമേശന്‍ പാലേരി സ്വാഗതവും യുഎല്‍സിസിഎസ് മാനേജിങ് ഡയറക്ടര്‍ എസ്. ഷാജു നന്ദിയും ആശംസിക്കുന്ന പരിപാടി കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച് ശരത്ത് ഈണം പകര്‍ന്ന് എം. ജി. ശ്രീകുമാര്‍ ആലപിച്ച സ്വാഗതഗാനത്തോടെയാണ് ആരംഭിക്കുക. ഊരാളുങ്കല്‍ സൊസൈറ്റിയെപ്പറ്റി ഡോ. റ്റി. എം. തോമസ് ഐസക്കും പ്രൊഫ. മിഷേല്‍ വില്യംസും ചേര്‍ന്നെഴുതിയ അക്കാദമികഗ്രന്ഥമായ ‘ബില്‍ഡിങ് ഓള്‍ട്ടര്‍നേറ്റീവ്സി’ന്റെ പരിഷ്‌ക്കരിച്ച ശതാബ്ദിപ്പതിപ്പും സൊസൈറ്റിയുടെ ചരിത്രം പറയുന്ന ‘ഊരാളുങ്കല്‍: കഥകളും കാര്യങ്ങളും’ (മനോജ് കെ. പുതിയവിള) എന്ന പുസ്തകവും വേദിയില്‍ പ്രകാശനം ചെയ്യും.
സൊസൈറ്റിയുടെ മാര്‍ഗ്ഗദീപമായ ഗുരു വാഗ്ഭടാനന്ദന്റെ ജീവിതത്തിലെ സുപ്രധാനമുഹൂര്‍ത്തങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളും കോര്‍ത്തിണക്കി സുസ്ഥിരവികസനത്തിന്റെ കലാത്മകാവിഷ്‌ക്കാരമായ ((Artistic Narratives in Sustainable Social Development) ‘കളേഴ്‌സ് ഓഫ് റെസിലിയന്‍സ്’ എന്ന പ്രദര്‍ശനവും ഉദ്ഘാടന നഗരിയില്‍ ഒരുക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രമുഖചിത്രകാരന്മാരുടെ ആവിഷ്‌ക്കാരങ്ങളാണു ചിത്രപ്രദര്‍ശനത്തില്‍ ഉള്ളത്.
ഉദ്ഘാടനസമ്മേളനത്തിനുശേഷം അതേ വേദിയിലും മടപ്പള്ളി കോളേജ് ഗ്രൗണ്ടിലും കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രതാരം റിമ കല്ലിങ്കല്‍ നയിക്കുന്ന മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെ ‘നെയ്ത്ത്’ എന്ന നൃത്തവിസ്മയത്തോടെ വൈകിട്ട് 6-ന് കലാസന്ധ്യയ്ക്കു തുടക്കമാകും. തുടര്‍ന്ന് അതേ വേദിയില്‍ ഏഴുമണിക്കു നടക്കുന്ന ‘മെലഡി നൈറ്റ്’ സംഗീതനിശയില്‍ ജി. വേണുഗോപാല്‍, അഫ്സല്‍, മഞ്ജരി, സയനോര, നിഷാദ്, രേഷ്മ രാഘവേന്ദ്ര, ശ്രീദേവി കൃഷ്ണ, അരവിന്ദ് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. മടപ്പള്ളി കോളെജ് ഗ്രൗണ്ടിലെ വേദിയില്‍ രാത്രി 8 മുതല്‍ ശിവമണി, സ്റ്റീഫന്‍ ദേവസ്സി, ആട്ടം കലാസമിതി എന്നിവര്‍ ചേര്‍ന്നു മ്യൂസിക് ഫ്യൂഷന്‍ ഒരുക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായി ശതാബ്ദിലോഗോ ചലച്ചിത്രതാരം മോഹന്‍ലാലും ബ്രോഷര്‍ തെന്നിന്‍ഡ്യന്‍ താരവും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജും യുഎല്‍സിസിഎസ് ന്യൂസ് ലെറ്റര്‍ വ്യവസായമന്ത്രി പി. രാജീവും പ്രകാശനം ചെയ്തു. കെഎല്‍എഫില്‍ സൊസൈറ്റി ചെയര്‍മാനും എഴുത്തുകാരന്‍ എം. മുകുന്ദനുമായുള്ള സഭാഷണവും സംഘടിപിച്ചിരുന്നു.
സമ്മേളനനഗരിയില്‍ സംഘടിപ്പിക്കുന്ന ‘കളേഴ്‌സ് ഓഫ് റെസിലിയന്‍സ്’ പ്രദര്‍ശനത്തിനുള്ള മൂന്നു ദിവസത്തെ ചിത്രരചനാക്യാമ്പും ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി നടക്കുന്നുണ്ട്. ഫെബ്രുവരി 8, 9, 10 തീയതികളില്‍ ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിലാണ് ക്യാമ്പ്. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ രമേശന്‍ പാലേരി, മാനേജിംഗ് ഡയറക്ടര്‍ ഷാജു.എസ്, വടകര മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണും പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാനുമായ ബിന്ദു.കെ.പി പങ്കെടുത്തു.

 

 

ഊരാളുങ്കല്‍ സൊസൈറ്റി ശതാബ്ദിയാഘോഷത്തിനു 13-നു തുടക്കം
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Share

Leave a Reply

Your email address will not be published. Required fields are marked *