പാകിസ്താനില്‍ ഇന്ന് പൊതു തിരഞ്ഞെടുപ്പിന് തുടക്കം

പാകിസ്താനില്‍ ഇന്ന് പൊതു തിരഞ്ഞെടുപ്പിന് തുടക്കം

ഇന്ന് പാക്കിസ്താനില്‍ പൊതുതിരഞ്ഞെടുപ്പിന് തുടക്കം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷയെ മുന്‍നിര്‍ത്തി രാജ്യത്ത് മൊബൈല്‍ സേവനങ്ങളും താത്കാലികമായി റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘

തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഡിയാല ജയിലില്‍ നിന്നും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി, മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചൗദരി പര്‍വേസ് ഇലാഹി, അവാമി മുസ്ലിം ലീഗ് തലവന്‍ ഷെയ്ഖ് റഷീദ്, മുന്‍ വാര്‍ത്താവിനിമയ മന്ത്രി ഫവാദ് ചൗദരി എന്നിവരും പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തിയത്.

വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടിങ്ങിനായുള്ള സമയം. വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നേക്കും, ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയായിരിക്കും.

336 സീറ്റുകളുള്ള പാകിസ്താന്‍ പാര്‍ലമെന്റില്‍ 266 സ്ഥാനാര്‍ത്ഥികളെ നേരിട്ടുള്ള വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെടും. അവശേഷിക്കുന്ന 70 എണ്ണം സംവരണസീറ്റാണ്. ഇതില്‍ 60 സീറ്റുകള്‍ സ്ത്രീകള്‍ക്കും 10 എണ്ണം മുസ്ലിം ഇതര സ്ഥാനാര്‍ത്ഥികള്‍ക്കുമാണ്. പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍ എന്‍), പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് (പിടിഐ), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന പാര്‍ട്ടികള്‍. ആകെ 44 പാര്‍ട്ടികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

2018 പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പിടിഐയായിരുന്നു അധികാരത്തിലെത്തിയത്. എന്നാല്‍ 2022ല്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ ഇമ്രാന്‍ പരാജയപ്പെടുകയായിരുന്നു.

മൂന്ന് തവണ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫാണ് സ്ഥാനാര്‍ഥികളില്‍ പ്രധാനി. 2018ലെ തിരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫ് മത്സരിച്ചിരുന്നില്ല. അഴിമതിയെ തുടര്‍ന്ന് ജയിലിലായിരുന്ന ഷെരീഫിനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് പിന്നാലെ ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലിം ലീഗ് നവാസായിരുന്നു (പിഎംഎല്‍-എന്‍) നിയന്ത്രണം ഏറ്റെടുത്തത്. ഷഹബാസും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കൂടാതെ നവാസിന്റെ മകള്‍ മറിയം നവാസ് ഷെരീഫ് മത്സരരംഗത്തുണ്ട്.

പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) തലവനായ ബിലാവല്‍ ഭൂട്ടൊയാണ് മറ്റൊരു സ്ഥാനാര്‍ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു പാര്‍ട്ടി. മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടേയും മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടേയും മകനാണ് ബിലാവല്‍. ജയസാധ്യത വിദൂരമാണെങ്കിലും ഭരണസഖ്യം സൃഷ്ടിക്കുന്നതില്‍ പിപിപി നിര്‍ണായകമാകുമെന്നാണ് പഠനം.

 

 

 

 

പാകിസ്താനില്‍ ഇന്ന് പൊതു തിരഞ്ഞെടുപ്പിന് തുടക്കം

Share

Leave a Reply

Your email address will not be published. Required fields are marked *