ന്യൂഡല്‍ഹി: നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ പത്തു ദിവസത്തെ സമയം സുപ്രീം കോടതി അനുവദിച്ചു.ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്നാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
എന്‍.ഐ.എയുടെ അഭിഭാഷകന്‍ ആയിരുന്ന മനു, നിരവധി പ്രമാദമായ കേസുകളില്‍ അന്വേഷണ ഏജന്‍സിക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷകന്‍ എം.ആര്‍. അഭിലാഷും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മനു അധികാര സ്ഥാനത്ത് ഇരുന്ന വ്യക്തി ആണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ തന്നെ മനു പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തൊഴില്‍മേഖലയിലെ സശത്രുക്കള്‍ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു മനുവിന്റെ വാദം.
കീഴടങ്ങിയാല്‍ അന്ന് തന്നെ മനുവിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും, അന്ന് തന്നെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചാല്‍ താന്‍ പ്രോസിക്യൂട്ടറായിരുന്ന കേസിലെ പ്രതികള്‍ ജയിലില്‍ തന്നെ ഉപദ്രവിക്കാനിടയുണ്ടെന്നും വ്യക്തമാക്കി.എന്നാല്‍ സര്‍ക്കാരും പരാതിക്കാരിയും ഈ വാദത്തെ എതിര്‍ത്തിരുന്നു.
പീഢന കേസ്;മുന്‍ ഗവണ്‍മെന്റ് പ്ലീഡറിന്റെ
മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി