ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി ഏഴു വിക്കറ്റുകള്‍ നഷ്ടം

ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി ഏഴു വിക്കറ്റുകള്‍ നഷ്ടം

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ്. 3 വിക്കറ്റ് മാത്രം ശേഷിക്കേ ഇന്ത്യയ്ക്ക് ഇനിയും 112 റണ്‍സ് കൂടി വേണം വിജയത്തിലേക്ക എത്താന്‍. നാല് വിക്കറ്റ് വീഴ്ത്തിയ ടോം ഹാര്‍ട്ട്ലിയാണ് ഇന്ത്യയെ തകര്‍ത്തത്.

231 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് 15 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റാണ് നഷ്ടമായത്.

39 റണ്‍സെടുത്ത ക്യാപ്റ്റനെ ഹാര്‍ട്ട്ലി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് കെ.എല്‍ രാഹുലും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്‌കോര്‍ 95 വരെയെത്തിച്ചു. പിന്നാലെ 17 റണ്‍സെടുത്ത അക്ഷറിനെയും ഹാര്‍ട്ട്ലി പുറത്താക്കി. വൈകാതെ 22 റണ്‍സെടുത്ത രാഹുലിനെ മടക്കി ജോ റൂട്ട് ഇന്ത്യയെ തീര്‍ത്തും പ്രതിരോധത്തിലാക്കി. രവീന്ദ്ര ജഡേജയെ (2) റണ്ണൗട്ടാക്കി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് ഇന്ത്യയെ ആറിന് 119 എന്ന നിലയിലാക്കി. പിന്നാലെ 13 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ജാക്ക് ലീച്ചും പുറത്താക്കിയതോടെ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടു.

നേരത്തേ രണ്ടാം ഇന്നിങ്‌സില്‍ 420 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മുന്നില്‍വെച്ചത് 231 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു. മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഒലി പോപ്പിന് ഇരട്ട സെഞ്ചുറിയിലേക്കെത്താന്‍ സാധിക്കാതിരുന്നത് ഇംഗ്ലണ്ടിന് നിരാശയായി. 278 പന്തില്‍ നിന്ന് 21 ബൗണ്ടറിയടക്കം 196 റണ്‍സെടുത്ത പോപ്പിന്റെ കുറ്റിതെറിപ്പിച്ച് ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

നേരത്തേ ആറു വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 28 റണ്‍സെടുത്ത റെഹാന്‍ അഹമ്മദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഒലി പോപ്പിനൊപ്പം നിര്‍ണായകമായ 64 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ ടോം ഹാര്‍ട്ട്‌ലിയെ കൂട്ടുപിടിച്ച് എട്ടാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ പോപ്പിനായി. 34 റണ്‍സെടുത്ത ഹാര്‍ട്ട്‌ലിയെ പുറത്താക്കി അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

190 റണ്‍സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. ഓപ്പണര്‍ സാക് ക്രൗളിയുടെ വിക്കറ്റാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. 31 റണ്‍സെടുത്ത താരത്തെ അശ്വിന്‍ രോഹിത്തിന്റെ കൈയിലെത്തിച്ചു. നിലയുറപ്പിച്ച ബെന്‍ ഡക്കറ്റിന്റെ ഊഴമായിരുന്നു അടുത്തത്. ഒലി പോപ്പിനൊപ്പം 68 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് പിന്നാലെ ബുംറ ഡക്കറ്റിന്റെ കുറ്റി തെറിപ്പിച്ചു. 52 പന്തില്‍ നിന്ന് 47 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ നിലയുറപ്പിക്കും മുമ്പ് ജോ റൂട്ടിനെ (2) മടക്കി ബുംറയും ജോണി ബെയര്‍സ്റ്റോയെ (10) പുറത്താക്കി ജഡേജയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സിനെ (6) മടക്കി അശ്വിനും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.

എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച ഒലി പോപ്പ് – ഫോക്സ് സഖ്യം 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 81 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഫോക്സിനെ മടക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

 

 

 

ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി
ഏഴു വിക്കറ്റുകള്‍ നഷ്ടം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *