മതേതരത്വം മരീചികയാവുമ്പോള്‍

മതേതരത്വം മരീചികയാവുമ്പോള്‍

നെല്ലിയോട്ട് ബഷീര്‍

 

മാതൃരാജ്യത്തിന്റെ എഴുപത്തി അഞ്ചാം റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു കഴിഞ്ഞപ്പോള്‍ വസ്തുതാപരമായ ചില തിരിച്ചറിവുകളിലേക്ക് ഇന്ത്യന്‍ ജനത എത്തിപ്പെടുകയാണ്.ഭരണഘടനയില്‍ മൂല്യശോഷണം വന്നിരിക്കുന്നു എന്ന് വിലയിരുത്തുന്ന ഒരു ജനസഞ്ചയത്തെയാണ് നമുക്കു കാണാന്‍ കഴിയുന്നത്. ‘ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണം അന്ത:രംഗം’ എന്ന വള്ളത്തോളിന്റെ വരി ‘ലജ്ജിച്ച് തല താഴ്ത്തണം’ എന്ന് മാറ്റിയെഴുതേണ്ടിയിരിക്കുന്നു.മതേതര, ജനാധിപത്യ, റിപ്പബ്ലിക് ആയാണ് നമ്മുടെ ഭരണഘടന രാജ്യത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഒരാശയത്തെ മൂര്‍ത്തരൂപമാക്കി മാറ്റിയത് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു, ഡോ. ബി.ആര്‍.അംബേദ്കര്‍, ഡോ രാജേന്ദ്രപ്രസാദ് തുടങ്ങിയ പ്രഗല്‍ഭരായ വ്യക്തികളാണ്. ഇന്ത്യ മതേതര, ജനാധിപത്യ, റിപ്പബ്ലിക് ആയി വളര്‍ന്നുവരണമെന്നതു നെഹ്റുവിന്റെ കാഴ്ചപ്പാടായിരുന്നു. അതിനുവേണ്ട എല്ലാ വ്യവസ്ഥകളും നമ്മുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യ ആധുനിക രാഷ്ട്രമായി വളര്‍ന്നുവരണം എന്നതായിരുന്നു നെഹറുവിന്റെ ലക്ഷ്യം.

വൈവിധ്യങ്ങളാണ് ഇന്ത്യ എന്ന രാജ്യത്തെ സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഒരുമിച്ചു നിര്‍ത്തുന്നത്. പലതരം ഭാഷകള്‍, സംസ്‌കാരം, ഭൂപ്രകൃതി, ഭക്ഷണം, വസ്ത്രരീതി, മതം, ജീവിതശൈലി അങ്ങനെ തുടങ്ങി എല്ലാംകൊണ്ടും ഇന്ത്യാ ഉപഭൂഖണ്ഡം വൈവിധ്യങ്ങളാല്‍ സമൃദ്ധമാണ്. ഇത്രയും വൈവിധ്യങ്ങള്‍ കൊണ്ട് ഒരു രാജ്യം മുന്നോട്ട് പോകുന്നത്, അവിടുത്തെ ജനങ്ങള്‍ക്ക് തുല്യത ഉറപ്പാക്കുന്നതെല്ലാം ഇന്ത്യയ്ക്ക് ഒരു ഭരണഘടനയുണ്ട് എന്നത് കൊണ്ട് മാത്രമാണ്. ഇന്‍ക്ലൂസീവ്‌നെസ്സ് എന്നത് തന്നെയാണ് ഭരണഘടനയുടെ കാതല്‍. എല്ലാ വിഭാഗം ആളുകളെയും ഭരണഘടന അതിന്റെ കീഴില്‍ ഉള്‍കൊള്ളുന്നുണ്ട്.

നമ്മുടെ പുതിയ തലമുറയ്ക്കു സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ അതു നയിച്ച ഗാന്ധിജി ഉള്‍പ്പെടെയുള്ള സമരസേനാനികളെക്കുറിച്ചോ നെഹ്റുവിന്റെ ദര്‍ശനത്തെക്കുറിച്ചോ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചോ ഒന്നുംതന്നെ വ്യക്തമായ കാഴ്ചപ്പാടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. നമ്മുടെ വിദ്യാഭ്യാസ രീതിയുടെ കുഴപ്പം കൊണ്ടായിരിക്കാം ഇത്. രാജ്യത്തിന്റെ പൂര്‍വചരിത്രത്തെക്കുറിച്ചു വലിയ പിടിപാടില്ലാത്തവരാണു പുതിയ തലമുറ എന്ന് പറണ്ടേതില്ലല്ലോ. പുതുതലമുറയില്‍ പലരും ‘മോശം സ്വാധീനത്തിന്റെ’ ഇരകളാകുന്നുണ്ട്. നമ്മുടെ മനസ്സ് സങ്കുചിതമായി മാറുന്നോയെന്നാണു സംശയം. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി രാജ്യത്തെ ജനങ്ങളെയെല്ലാം ഒരുമിപ്പിച്ചിരുന്നു. വൈകാരികമായ ഒരുമിപ്പിക്കലായിരുന്നു അത്. വൈകാരികൈക്യം ഉണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ രാജ്യത്തെ ജനങ്ങളെല്ലാം ഒന്നാണ്, ആരും ഭിന്നരല്ല എന്ന ആശയത്തിലൂന്നി വികാരപരമായ ഒരുമ സൃഷ്ടിക്കാന്‍ ഗാന്ധിജിക്കു സാധിച്ചു.

അന്നുണ്ടാക്കിയ വൈകാരികൈക്യം ഇന്നു നഷ്ടപ്പെടുന്നോ എന്നു സംശയമുണ്ട്. മതത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിഭജിക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഇടുങ്ങിയ, വിഭാഗീയ ചിന്താഗതി ശക്തിപ്പെടുന്നു. ഇതര മതത്തിനെ ഒതുക്കാനുള്ള പ്രവണതയുള്‍പ്പെടെ ഇപ്പോള്‍ കൂടുതലായി കാണാനുണ്ട്. നെഹ്‌റു ഉള്‍പ്പെടെയുള്ളവര്‍ കാണിച്ചുതന്ന പാതയില്‍നിന്ന് ഇന്ത്യന്‍ സമൂഹം മാറുന്നോ എന്ന സംശയമുണ്ട്. ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. മതേതരത്വത്തിന്റെ പാതയില്‍നിന്നു നമുക്കു മാറാന്‍ സാധ്യമല്ല. ഇക്കാര്യം പുതുതലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. തികച്ചും മതേതരത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യയ്ക്കു നിലനില്‍ക്കാന്‍ കഴിയൂ. ഭരണകൂടത്തിനു മതമില്ല എന്നതാണു മതേതരത്വത്തിന്റെ അടിസ്ഥാനം. ഭരണകൂടം ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നുള്ളതാണത്.

എല്ലാ മതങ്ങള്‍ക്കും തുല്ല്യ പ്രധാന്യം നല്‍കുകയും രാജ്യത്ത് ഒരു ഔദ്യോഗിക മതം ഇല്ലാതിരിക്കുകയും ചെയ്താല്‍ അതിനെയാണ് മതേതര രാഷ്ട്രം എന്ന് പറയുന്നത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്.ഇന്ത്യയില്‍ മതേതരത്വം എന്ന ആശയം മതങ്ങളോടുള്ള നിസംഗത എന്ന അര്‍ത്ഥത്തിലല്ല ഉപയോഗിക്കുന്നത്. മറിച്ച് എല്ലാ മതങ്ങളോടും തുല്യമായി പെരുമാറുക എന്നതാണ് അര്‍ത്ഥമാക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരം വിവേചനം കാണിക്കുന്നത് ഭരണഘടന കര്‍ശനമായിത്തന്നെ നിരോധിച്ചിരിക്കുന്നു. മതേതരത്വം എന്ന പദം ഇന്ത്യന്‍ ഭരണഘടനയിലെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത് 1976-ല്‍ 42-ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ്.

‘ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും; അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും;അവരുടെയെല്ലാവരുടെയുമിടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും സുനിശ്ചിതമാക്കിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാല്‍ നമ്മുടെ ഭരണഘടന നിര്‍മ്മാണസഭയില്‍ ഈ 1949 നവംബര്‍ 26-ാം ദിവസം ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു….’

ഭരണഘടന നിലവില്‍ വരുന്നത് 1950 ജനവരി 26നാണ്.ഭരണഘടന സ്വീകരിക്കപ്പെട്ട നവമ്പര്‍ 26 ന് ഇന്ത്യയില്‍ ദേശീയ ഭരണഘടനാ ദിനവും ദേശീയ നിയമ ദിനവുമായി ആചരിക്കുന്നു.ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന സമയത്ത് 395 അനുഛേദങ്ങളും (Article), 8 പട്ടികകളും (schedule), 22 ഭാഗങ്ങളും (part) ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് 445 ആര്‍ട്ടിക്കിളുകളും,12 പട്ടികകളും, 25 ഭാഗങ്ങളുമായി മാറിയിട്ടുണ്ട്. 1929 ഡിസംബര്‍ 31 അര്‍ദ്ധരാത്രി ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പാസാക്കിയ പൂര്‍ണ്ണ സ്വരാജ് തീരുമാനത്തെ തുടര്‍ന്ന് 1930 ജനുവരി 26 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യദിനമായി ആഘോഷിക്കുകയുണ്ടായി. ഇതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് പിന്നീട് ജനുവരി 26ന് റിപ്പബ്ലിക് ദിനമായി ജനുവരി 26 തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ സംസ്‌കാര സമ്പന്നതയും സഹിഷ്ണുതയുമുള്ള ഒരു ജനതയുടെ ജീവിതമാണ് നമുക്ക് മുമ്പില്‍ ചുരുളഴിയുന്നത്. ‘നാനാത്വത്തില്‍ ഏകത്വം’ ഈ സംസ്‌കാരത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നു. വ്യത്യസ്തമാര്‍ന്ന ജാതിമത ഇസങ്ങളാല്‍ സമ്പന്നമായ ഭാരതം ഒരുമയില്‍ എന്നും മുന്‍പന്തിയില്‍ തന്നെയായിരുന്നു.
ജൈന-ബുദ്ധ തത്വങ്ങള്‍ അലയടിച്ച മണ്ണില്‍ സര്‍വ്വമത സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി നന്മയറിയാനും ഉള്‍കൊള്ളാനും താല്‍പര്യം കാണിച്ചവരാണ് പുരാതന ഭാരതീയര്‍. വേദങ്ങളും ഉപനിഷത്തുകളും ഐതിഹാസിക ഗ്രന്ഥങ്ങളും ജന്മം കൊണ്ട മണ്ണില്‍ ജൈനനും ബുദ്ധനും ശ്രീശങ്കരാചാര്യരും തങ്ങളുടെ പാദസ്പര്‍ശം കൊണ്ട് ചരിത്രമെഴുതിച്ചേര്‍ത്തു. പില്‍കാലത്ത് പുതിയ ചരിത്രതാളുകള്‍ തുന്നിക്കൂട്ടി മുഗള്‍ചക്രവര്‍ത്തിമാരും മാതൃകാ ജീവിതം സമ്മാനിച്ചു. മിഷനറിമാരും തങ്ങളുടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഇവരെല്ലാം ഒന്നായി ഒട്ടനവധി മാഹാത്ഭുതങ്ങളും സൗധങ്ങളും നമ്മുടെ വിരിമാറില്‍ പണിതുയര്‍ത്തി. എന്നാല്‍ ആധുനിക ഇന്ത്യാചരിത്രം നമുക്ക് മുന്നില്‍ തുറന്നുവെക്കുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാര്‍ന്ന മതാന്ധത ബാധിച്ച കാഴ്ചപ്പാടാണ്.

മഹാത്മാ ഗാന്ധി ഒരിക്കല്‍ പറഞ്ഞിട്ടുള്ള ഒരു കാര്യം പ്രത്യേകമായി ഓര്‍മിക്കേണ്ടതുണ്ട്. ‘രാഷ്ട്രീയവും മതവും ഒരിക്കലും യോജിക്കാന്‍ പാടില്ല. രാഷ്ട്രീയം വേറെ, മതം വേറെ. മതത്തിനെ രാഷ്ട്രീയത്തില്‍ കലര്‍ത്തരുത്’ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വളരെ ദീര്‍ഘവീക്ഷണത്തോടെ പറഞ്ഞതാണിത്. ഇത്രയധികം മതങ്ങളും വൈവിധ്യങ്ങളുമുള്ള ഈ രാജ്യത്ത് അതാപത്താണെന്ന് അദ്ദേഹം മനസ്സിലാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയം നടത്തുക വഴി, രാജ്യത്ത് അന്ത:ഛിദ്രം വളര്‍ത്തുകയും ഐക്യം തകര്‍ക്കുകയും ചെയ്യുമെന്നു ഗാന്ധിജിക്ക് അറിയാമായിരുന്നു. മതങ്ങളുടെ അതിപ്രസരം, രാഷ്ട്രീയത്തില്‍ മതങ്ങള്‍ക്കുള്ള സ്വാധീനം എന്നിവ കുറച്ചുകൊണ്ടുവരികയാണു വാസ്തവത്തില്‍ വേണ്ടത്. ഇത്രയധികം മതങ്ങളുള്ള രാജ്യത്ത് മതത്തെ രാഷ്ട്രീയത്തിലേക്കും തിരിച്ചും കൊണ്ടുവരുന്നതു ജനങ്ങള്‍ തമ്മില്‍ വിഘടിക്കാനും ഐക്യബോധം തകരാനും കാരണമാകും. അതിനാലാണ്, ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ രാജ്യം ഏതു വഴിയാണു പോകേണ്ടതെന്ന നേരത്തേ തീരുമാനിച്ചത്. മതേതരത്വം വെറുമൊരു വാക്കല്ല,ഭരണഘടനയുടെ ജീവനാഡിയാണ്.

മതം പോലെയുള്ള കാര്യങ്ങളിലാണു രാഷ്ട്രീയ പാര്‍ട്ടികള്‍ ഊന്നല്‍ നല്‍കുന്നത്. ഏറ്റവും എളുപ്പത്തില്‍ മനുഷ്യനെ ആകര്‍ഷിക്കാന്‍ കഴിയുന്ന കാര്യവും തൊട്ടാല്‍ പൊള്ളുന്നതും മതമാണ്. മതങ്ങള്‍ക്കു പ്രാമുഖ്യവും സ്വാധീനവുമുള്ള രാജ്യമാണല്ലോ നമ്മുടേത്. മതങ്ങള്‍ സൃഷ്ടിച്ച അന്ധവിശ്വാസത്തിന്റെ വലയത്തില്‍ ഇപ്പോഴും കിടക്കുകയാണു നാം. ഇവയെ യുക്തിപരമായി നോക്കിക്കാണാനുള്ള മാനസികാവസ്ഥ നമുക്കുണ്ടായിട്ടില്ല. മതത്തിന്റെ ഉപരിതലത്തില്‍ മാത്രം നിലനില്‍ക്കുന്ന കാര്യങ്ങളെയാണ് നാം സ്വീകരിക്കുന്നത്. വളരെ ആഴത്തിലേക്കു പോയി മതത്തിന്റെ പോസ്റ്റീവായതും മനുഷ്യന്റെ ധാര്‍മിക നിലവാരം ഉയര്‍ത്തുന്നതുമായ കാര്യങ്ങളെക്കുറിച്ചു നമ്മള്‍ ചിന്തിക്കാറില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉതകുന്ന നിലയിലുള്ള കാര്യങ്ങള്‍ മതത്തില്‍നിന്നെടുക്കും. മതങ്ങളെ, മതവിശ്വാസങ്ങളെ, മതാചാരങ്ങളെ ഉയര്‍ത്തിപ്പിടിച്ച് അതാണ് മതം എന്ന തെറ്റിദ്ധാരണ ജനങ്ങളുടെ മനസ്സിലുണ്ടാക്കും.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉപാധിയായാണു മതങ്ങളെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൊണ്ടുനടക്കുന്നത്. രാഷ്ട്രത്തലവന്മാരായാലും പ്രധാനമന്ത്രിമാരായാലും മറ്റു ഭരണത്തലവന്മാരായാലും അവരെല്ലാം അവരവരുടെ മതങ്ങളുടെ ആചാരങ്ങളില്‍ പൂര്‍ണമായി പങ്കുകൊണ്ട്, മതവിശ്വാസികളുടെ മനസ്സില്‍ നല്ല അഭിപ്രായമുണ്ടാക്കും. ഇതിന് മറ്റ് അര്‍ത്ഥതലങ്ങള്‍ കൂടിയുണ്ട്. മതേതര ഇന്ത്യയ്ക്ക് തെറ്റായ സന്ദേശം നല്‍കാനാണ് ഇത് ഉപകരിക്കുന്നത്. ക്ഷേത്രമുണ്ടാക്കുന്നതാണ്,ആരാധനാലയം ഉണ്ടാക്കുന്നതാണു മതം എന്നു ജനങ്ങളെക്കൊണ്ടു വിശ്വസിപ്പിച്ച്, അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണു പാര്‍ട്ടികള്‍.മനുഷ്യരെ ഏറ്റവും കൂടുതലായി സ്വാധീനിക്കുന്ന രണ്ടു സംഗതികളാണു മതവും രാഷ്ട്രീയവും. ഇവ നെഗറ്റീവായ പാതയിലൂടെ സഞ്ചരിച്ചാല്‍ എന്തായിരിക്കും അവസ്ഥ? അതിന്റെ ഫലമാണ് നമ്മള്‍ കാണുന്ന പ്രശ്‌നങ്ങളൊക്കെ. മാറിയിരുന്ന് അതിനെപ്പറ്റി ചിന്തിക്കാന്‍ നമുക്കു കഴിയുന്നില്ല. അതിന്റെ ചുഴിയില്‍പ്പെട്ടിരിക്കുകയാണ്,ഒരു സമൂഹമാകെ ഈ ചുഴിയില്‍ കിടന്നു കറങ്ങുമ്പോള്‍ അതില്‍നിന്നു രക്ഷപ്പെടുകയെന്നതു വലിയ പ്രയാസമാണ്. ആ രീതിയിലൊരു ഉണര്‍വ് രാജ്യത്തിനുണ്ടാകണം.

നമ്മളെല്ലാം ഒന്നാണ് എന്ന ഐക്യബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകണം. ആരും ആരേക്കാളും മികച്ചവരല്ല, ആരും ആരേക്കാളും മോശവാന്മാരുമല്ല, എല്ലാവരും ഒരുപോലെയാണ് എന്ന ചിന്താഗതി നമ്മുടെ മനസ്സില്‍ വളര്‍ന്നുവന്നേ പറ്റൂ. ഈ ചിന്ത വളര്‍ത്തിയെടുക്കുക എന്നതാണു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദൗത്യം. പക്ഷേ, ആ ദൗത്യം നിറവേറ്റാന്‍ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊന്നിനും കഴിയുന്നില്ലെന്നതു പരിതാപകരമാണ്. എല്ലാവരും അവരവരുടേതായ അജണ്ടകള്‍ കൊണ്ട്, കൊച്ചുകൊച്ചു രാഷ്ട്രീയം കളിച്ച് മുന്നോട്ടുനീങ്ങുന്നു എന്നേയുള്ളൂ. ആര്‍ക്കും ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടില്ലാതെ മുന്നോട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

പല മതങ്ങളുള്ള രാജ്യമാണിത്. ഒരു മതരാഷ്ട്രമായി മാറിയാല്‍, ഒരു മതത്തിനു പ്രാമുഖ്യവും മറ്റു മതങ്ങള്‍ക്കു രണ്ടാംതരം പദവിയും കൊടുക്കുന്ന സംവിധാനമാകും അത്. അങ്ങനെ വന്നാല്‍ രാജ്യത്തിന്റെ വൈകാരിക ഐക്യം നഷ്ടപ്പെട്ടുപോകും. ജനങ്ങള്‍ക്ക് ഒന്നിക്കാന്‍ പറ്റാതെ വരും. ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിനും രാജ്യത്തിനും പുരോഗതി കൈവരിക്കാന്‍ കഴിയാത്ത അവസ്ഥയാകും. മതരാഷ്ട്രമെന്നതു പ്രായോഗികമായി നടപ്പാക്കാന്‍ സാധിക്കുന്ന കാര്യമല്ല. മതേതരത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ രാജ്യത്തിനു മുന്നോട്ടുപോകാനാകൂ…. നിലനില്‍പുള്ളൂ…. എന്ന തിരിച്ചറിവ് പുതുതലമുറയ്ക്ക് ഉണ്ടാകണം. പുതിയ തലമുറ ചില ഇടുങ്ങിയ ചിന്താഗതികളുടെ ഇരകളായി മാറുന്നുണ്ട്. ഇത്തരം ചിന്തകള്‍ അവരുടെ മനസ്സില്‍ പ്രഭാവം ചെലുത്തുന്നുണ്ട് എന്നതു സത്യമാണ്. അത് അപകടത്തിലേക്കു വഴി തെളിക്കുന്നതാണ്. ആ അപകടത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍, യുവതലമുറയുടെ മനസ്സില്‍ മതേതരത്വ ആശയം വേരൂന്നിയേ പറ്റൂ.
അങ്ങനെയൊരു ചിന്താഗതി നമ്മുടെ നാട്ടില്‍ വളര്‍ന്നുവരുന്നതായിട്ടാണു കാണുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഈ സമൂഹം വിഭജിക്കപ്പെടുന്നു എന്നൊരു തോന്നലുണ്ടാകുന്നുണ്ട്. ന്യൂനപക്ഷ മതവിശ്വാസികളുടെ മനസ്സില്‍ ഭയാശങ്കകളാണ്. ഭൂരിപക്ഷ മതത്തിന്റെ അക്രമാത്മക സ്വഭാവം കൂടിക്കൂടി വരുന്നത് അസ്വസ്ഥത ഉളവാക്കുന്നു. ഇതിന്റെ രാഷ്ട്രീയവശങ്ങളെക്കുറിച്ചു കൂടുതല്‍ പറയുന്നില്ല. ഇതുപക്ഷേ സമൂഹത്തിന് ആപല്‍ക്കരമാണ് എന്നു പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഈ രാജ്യം ഒരുമിച്ചു നില്‍ക്കേണ്ടത് ഏവരുടെയും ആവശ്യമാണ്. രാജ്യത്തിന്റെ ഐക്യത്തെ പരിരക്ഷിക്കാന്‍ ഓരോ പൗരനും പ്രതിജ്ഞാബദ്ധമാണ്. അതു കൊണ്ടു തന്നെയാണ് ഭരണഘടന സംരക്ഷിക്കപ്പെടണം എന്നത് ഓരോ പൗരനും ചിന്തിക്കേണ്ട, സ്വയം ഒരുപാട് തവണ ചോദിക്കേണ്ട ചോദ്യമായി മാറിയിരിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്തില്‍ നിന്നും തീവ്ര ദേശീയന്ന ഫാസിസ്റ്റ് ഭരണകൂടത്തിലേക്കുള്ള ചുവടുവെപ്പുകളാണ് നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്.ഭരണകൂടത്തിന്റെ ഇച്ചയ്ക്കനുസരിച്ച് അവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടി മാത്രം നടപ്പിലാക്കുന്ന ഭരണഘടനാ ഭേദഗതികള്‍ ആണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി. ഭരണഘടനാ ധാര്‍മ്മിക (Constitutional morality) എന്താണെന്നും, എന്താണ് ഭരണഘടനാ രാഷ്ട്രീയം എന്നും മനസ്സിലാക്കിയാല്‍ മാത്രമേ ഭാവിയില്‍ ഇന്ത്യയില്‍ വരാന്‍ പോകുന്ന എല്ലാത്തരം രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലും ഒരു പൗരന്‍ എന്ന നിലയ്ക്ക് ഒരു വ്യക്തിക്ക് കൃത്യമായ അഭിപ്രായങ്ങളും നിലപാടുകളും എടുക്കാന്‍ കഴിയൂ.ഭരണഘട

 

നാ ഭേദഗതികള്‍ ഇനിയും വന്നുകൊണ്ടിരിക്കും. അതെല്ലാം ഭരണഘടന വിരുദ്ധമാണോ എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ അറിയണമെന്നുണ്ടെങ്കില്‍ ഭരണഘടനയെ കൃത്യമായി അറിയുക എന്നത് തന്നെയാണ് മാര്‍ഗ്ഗം. ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും ഒരു ഇന്ത്യന്‍ പൗരനെന്ന നിലയ്ക്ക് എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒന്നാണ്. നമ്മള്‍ വളരണം,വികസിക്കണം, മറ്റു രാജ്യങ്ങളുടെ മുന്‍പിലെത്തണം എന്നതു നമ്മുടെ സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടണമെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ഒന്നിച്ചുനിന്നേ പറ്റൂ.

മാറികൊണ്ടിരിക്കുന്ന ലോകത്തില്‍ മനുഷ്യത്വം പാടെ നശിക്കുകയും മാനുഷിക മൂല്യങ്ങള്‍ക്ക് വിലപറയുകയും ചെയ്യുമ്പോള്‍ മതേതര സ്നേഹികള്‍ ഒന്നിക്കേണ്ടതായിട്ടുണ്ട്. അതിനായി നമ്മുടെ പിതാമഹന്‍മാര്‍ കാത്തുസൂക്ഷിച്ച സ്നേഹവും സൗഹാര്‍ദവും വീണ്ടുമിവിടെ വളര്‍ത്തിയെടുക്കണം. മാത്രവുമല്ല വിദ്യാഭ്യാസം കൊണ്ട് ശക്തരായ പ്രതികരണ ശേഷിയുള്ള തലമുറയെ കെട്ടിപടുക്കാനും സാധ്യമാകേണ്ടതുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി മുന്നോട്ട്വെച്ച ‘സമത്വ സുന്ദരമായ ഇന്ത്യ’ എന്ന ആശയം കൂടുതല്‍ മികവുറ്റതാക്കാന്‍ നാം ആര്‍ജിക്കുന്ന വിദ്യക്ക് സാധിക്കണം. മതേതര സുന്ദര ഭാരതം കെട്ടിപ്പടുക്കുവാനും ബഹുസ്വരത നിലനിര്‍ത്തുവാനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.

 

 

 

മതേതരത്വം മരീചികയാവുമ്പോള്‍

 

നെല്ലിയോട്ട് ബഷീര്‍
Share

Leave a Reply

Your email address will not be published. Required fields are marked *