ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വികസനത്തിന്റെ ഭാഗമായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ കേന്ദ്ര സര് കേന്ദ്ര സര്ക്കാാര് ലക്ഷ്യമിടുന്നു. കേന്ദ്രത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മിഷന് 10,000 കോടിയുടെ പദ്ധതി ഇതിനായി താമസിയാതെ കാബിനറ്റിന്റെ മുമ്പിലവതരിപ്പിക്കുമെന്നും ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞു. രാജ്യത്തിന് സ്വന്തമായി ഒരു എഐ വികസിപ്പിക്കാനും രാജ്യത്തിന്റെ കമ്പ്യൂട്ടേഷണല്‍ ശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കമ്പ്യൂട്ട്-ആസ്-എ-സര്‍വീസ് വാഗ്ദാനം ചെയ്യാനുമാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞമാസമാണ് പ്രധാനമന്ത്രി സര്‍ക്കാരിന്റെ എഐ ദൗത്യം പ്രഖ്യാപിച്ചത്. രാജ്യത്തിനകത്ത് എഐ കംപ്യൂട്ടിങ് ശക്തി ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കും ആരോഗ്യം, കാര്‍ഷികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ എഐ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിന് കീഴില്‍ രാജ്യത്ത് സ്ഥാപിക്കും. ഇതിന്റെ ഭാഗമായി 10000 നും 30000 നും ഇടയില്‍ എണ്ണംവരുന്ന ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ ഒരുക്കും. കൂടാതെ പിഎസ്യു സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് (സി-ഡാക്) വഴി 100-2000 ജിപിയുകള്‍ അധികമായി തയ്യാറാക്കുമെന്നും ചന്ദ്രശേഖര്‍ നേരത്തെ പറഞ്ഞിരുന്നു.
നൂതന എഐ സാങ്കേതിക വിദ്യകളുടെ പ്രവര്‍ത്തനത്തിന് ശക്തിയേറിയ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ ആവശ്യമാണ്. എഐയുടെ ശേഷി നിര്‍ണയിക്കുന്നതില്‍ വലിയ കംപ്യൂട്ടിങ് ശക്തിയും ആവശ്യമുണ്ട്.
രാജ്യത്തെ എഐ വികാസത്തിനായി സര്‍ക്കാരിന്റെ ഇടപെടലോടൂകൂടി കംപ്യൂട്ടിങ് ശേഷി ആര്‍ജിച്ചെടുക്കാനും അത് രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ഉപയോഗപ്പെടുത്താന്‍ അവസരം നല്‍കാനും രാജ്യത്തെ എഐ വികാസം ത്വരിതപ്പെടുത്താനുമാണ് എഐ മിഷന് ലക്ഷ്യമിടുന്നത്.
രാജ്യത്ത് കംപ്യൂട്ടിങ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യകമ്പനികള്‍ക്ക് വിവിധ ഇന്‍സെന്റീവുകള്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.കംപ്യൂട്ടിങ് ശേഷി വികസിപ്പിക്കുന്നതിനൊപ്പം ഡാറ്റാ സെറ്റുകള്‍ നിര്‍മിക്കുന്നതിനും അവ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്.
എഐ രംഗത്ത് വികസന ലക്ഷ്യവുമായി കേന്ദ്രം