കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനായിരുന്ന നാരായന്റെ പേരില്‍ വചനം ബുക്‌സ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പ്രശസ്ത ദളിത് എഴുത്തുകാരനും, ചിന്തകനും, ആക്ടിവിസ്റ്റുമായ കെ.കെ.കൊച്ചിനെ തിരഞ്ഞെടുത്തതായി അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ പി.കെ.പാറക്കടവും ഡോ.പി.കെ.പോക്കറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഫെബ്രുവരി 2-ാം വാരം കോഴിക്കോട് വെച്ച് അവാര്‍ഡ് സമ്മാനിക്കും.
നാരായന്‍:
ആദിവാസി സമൂഹത്തില്‍ നിന്നും ആദ്യമായി മലയാള ഭാഷയില്‍ സാഹിത്യാവിഷ്‌കാരം നടത്തിയ നാരായന്റെ ആദ്യ നോവലായ കൊച്ചരെത്തി ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു മുതലായ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഊരാളിക്കുടി, തോല്‍ക്കുന്നവര്‍ ആരാണ്, വന്നലകള്‍, ഈ വഴിയില്‍ ആളേറെയില്ലേ, മുതലായ പന്ത്രണ്ടോളം നോവലുകളും, അഞ്ച് കഥാസമാഹാരങ്ങളും ഇറക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, എക്‌നോമിസ്റ്റ് ക്രോസ്സ് വേര്‍ഡ് ബുക്ക് അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ് സ്വാമി ആനന്ദ തീര്‍ത്ഥ അവാര്‍ഡ് മുതലായവ ലഭിച്ചിട്ടുണ്ട്.
കെ.കെ.കൊച്ചു:
കേരളത്തിലെയും ഇന്തയിലെയും ദളിത് കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനാണ് കെ.കെ.കൊച്ചു. കേരള ചരിത്രവും സമൂഹ രൂപീകരണവും, ദളിത് പാഠം, കലാപവും സംസ്‌കാരവും, ദേശീയതക്കൊരു ചരിത്ര പാഠം മുതലായ കൃതികള്‍ക്ക് പുറമെ ആത്മ കഥയായ ദളിതന്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കൃതിയാണ്.