പാഠപുസ്തകത്തില്‍ ഭരണഘടനയുടെ ആമുഖം, തൊഴില്‍ വിദ്യാഭ്യാസം ലിംഗനീതിയും പഠിപ്പിക്കും; പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം

പാഠപുസ്തകത്തില്‍ ഭരണഘടനയുടെ ആമുഖം, തൊഴില്‍ വിദ്യാഭ്യാസം ലിംഗനീതിയും പഠിപ്പിക്കും; പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുതിയ പാഠപുസ്തകങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. 10 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന പാഠപുസ്തകങ്ങളാണ് മാറുന്നത്.

എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടന ആമുഖം ചേര്‍ത്തിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ക്ലാസ്സിലെ എല്ലാ പുസ്തകങ്ങള്‍ക്കും പ്രവര്‍ത്തന പുസ്തകം അഥവാ ആക്ടിവിറ്റി ബുക്ക് തയ്യാറാക്കും. അഞ്ചാം ക്ലാസ്സു മുതല്‍ കലാ വിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് പാഠപുസ്തകങ്ങള്‍ ഉണ്ടാകും. ആദ്യമായാണ് ഇത്തരത്തില്‍ ഒരു ക്രമീകരണം നടപ്പിലാക്കിയത്. കഴിഞ്ഞ 16 വര്‍ഷമായി അറിവിന്റെ തലത്തില്‍ വന്ന വളര്‍ച്ച, ശാസ്ത്ര സാങ്കേതിക രംഗത്ത് വന്ന കുതിപ്പ്, വിവരവിനിമയ രംഗത്ത് സാങ്കേതിക രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയാണ് പുതിയ പുസ്തകം തയ്യാറാക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റല്‍ പതിപ്പും പ്രസിദ്ധീകരിക്കും. കായികരംഗം, മാലിന്യ പ്രശ്‌നം, ശുചിത്വം, പൗരബോധം, തുല്യനീതി മുന്‍നിര്‍ത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച പോക്‌സോ നിയമങ്ങള്‍, കൃഷി, ജനാധിപത്യ മൂല്യങ്ങള്‍, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്.

5 മുതല്‍ 10 വരെ തൊഴില്‍ വിദ്യാഭ്യാസം നല്‍കും.പാഠപുസ്തക പരിഷ്‌കരണത്തെ തുടര്‍ന്ന് അധ്യാപക പുസ്തകങ്ങള്‍ വികസിപ്പിക്കും. തുടര്‍ന്ന് അധ്യാപകര്‍ക്ക് നല്ല പരിശീലനവും നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ദേശീയതലത്തില്‍തന്നെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമാണ് കേരളം. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് കേരളം പിന്തുടരുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്.

പാഠപുസ്തകങ്ങളില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നത് ഇത്തവണത്തെ സവിശേഷതയാണ്. അടുത്ത അധ്യയന വര്‍ഷത്തിനായി സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് പുതിയ പാഠപുസ്തകങ്ങള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

പാഠപുസ്തകത്തില്‍ ഭരണഘടനയുടെ ആമുഖം, തൊഴില്‍ വിദ്യാഭ്യാസം ലിംഗനീതിയും പഠിപ്പിക്കും; പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം

Share

Leave a Reply

Your email address will not be published. Required fields are marked *