കോഴിക്കോട്: സീസണ് കാലങ്ങളില്‍ അമിതമായ വിമാന കൂലി ഈടാക്കി വിമാനക്കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് നിസംഗതയാണുള്ളതെന്ന് കെ.മുരളീധരന് എം.പി പറഞ്ഞു. ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രവാസി ഭാരതി ദിനാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും വിമാന നിരക്ക് കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയംഗമായ താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ വിമാനക്കമ്പനികള്‍ നഷ്ടത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ലാഭമുണ്ടാക്കാന്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കണോ എന്ന് ചോദിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. ക്രിസ്തുമസ്, പെരുന്നാള്‍, ഓണം സീസണിലാണ് കൊള്ളയടി കൂടുന്നത്.
സംസ്ഥാനത്ത് പ്രവാസികളുടെ സംരഭങ്ങളോട് ഇപ്പോഴും ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന് നിഷേധാത്മകനിലപാടാണ്. ഇത് തിരുത്താന്‍ തയ്യാറായാല്‍ കൂടുതല്‍ പ്രവാസി സംരംഭം ഉണ്ടാകുമെന്നദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികള്‍ക്കുള്ള സഹായ വിതരണം, രോഗികള്‍ക്കുള്ള സഹായ വിതരണം, പീപ്പിള്‍സ് റിവ്യൂ സപ്ലിമെന്റ് പ്രകാശനം അദ്ദേഹം നിര്‍വ്വഹിച്ചു. പി.ടി.എ.റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.മുസ്തഫ, പി.സുനില്‍ ബാബു, രൂപേഷ് കോളിയോട്ട്, എം.ഫിറോസ് ഖാന് എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.പി.ടി.നിസാര്‍, എം.വി.കുഞ്ഞാമു, കെ.ടി.വാസുദേവന്‍, പി.കെ.ജയചന്ദ്രന്, ജോയ്പ്രസാദ് പുളിക്കല്‍, ആര്.ജയന്ത്കുമാര്‍, പി.അനില്‍ ബാബു എന്നിവര്‍ സംസാരിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും, കോയട്ടി മാളിയേക്കല്‍ നന്ദിയും പറഞ്ഞു.