കൈവെട്ടുകേസ് പ്രതി സവാദ് എന്‍ ഐ എ പിടിയിലായത് താമസം മാറാന്‍ ഒരുങ്ങുന്നതിനിടെ

കൈവെട്ടുകേസ് പ്രതി സവാദ് എന്‍ ഐ എ പിടിയിലായത് താമസം മാറാന്‍ ഒരുങ്ങുന്നതിനിടെ

കണ്ണൂര്‍: പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സവാദ് എന്‍ ഐ എ പിടിയിലായത് താമസം മാറാന്‍ ഒരുങ്ങുന്നതിനിടെ.എട്ടുവര്‍ഷമാണ് സവാദ് കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞത്.കാസര്‍കോട്ടുനിന്ന് വിവാഹം കഴിച്ചശേഷം കണ്ണൂര്‍ വളപട്ടണത്തെ മന്ന എന്ന സ്ഥലത്തേക്കാണ് സവാദ് ആദ്യം എത്തിയതെന്ന വിവരം എന്‍ഐഎയ്ക്ക് ലഭിച്ചു. വളപട്ടണത്ത് മാത്രം അഞ്ചുവര്‍ഷം ഇയാള്‍ ഒളിവില്‍ കഴിഞ്ഞു. അതിനുശേഷം ഇരിട്ടിയിലെ വിളക്കോട് രണ്ടുവര്‍ഷവും താമസിച്ചു. ഇതിനുശേഷമാണ് മട്ടന്നൂരിലെ ബേരത്തെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. ഇവിടെവെച്ചാണ് ബുധനാഴ്ച പൂലര്‍ച്ചെ സവാദിനെ എന്‍ഐഎ സംഘം അറസ്റ്റുചെയ്തത്.

ഒളിവില്‍ കഴിയാന്‍ ഇയാള്‍ക്ക് ആരൊക്കെയാണ് സഹായം നല്‍കിയതെന്ന കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ അറിവോടെയാണ് ഇയാള്‍ ഒളിവുജീവിതം നയിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ വ്യക്തമാക്കി. ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ബന്ധുവിനെയാണ് ഇയാള്‍ വിവാഹം കഴിച്ചതെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഷാജഹാന്‍ എന്ന പേരിലായിരുന്നു ഇയാള്‍ പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞത്. ബേരത്തും വിളക്കോടും താമസിക്കുന്ന സമയത്താണ് മരപ്പണി ചെയ്തുതുടങ്ങിയത്. ഇതിന് സഹായിച്ചതും മരപ്പണിയില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നത് എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്നുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലേക്കും അന്വേഷണം നീണ്ടേക്കും. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കും.

ഒരുസ്ഥലത്തും അധികനാള്‍ താമസിക്കുന്ന രീതി സവാദിനുണ്ടായിരുന്നില്ല. ഏറ്റവും ഒടുവില്‍ താമസിച്ചിരുന്ന ബേരത്തുനിന്നും ഇയാള്‍ താമസം മാറ്റാന്‍ തീരുമാനിച്ചിരുന്നു. കാസര്‍കോട് സ്വന്തമായി വീട് വാങ്ങാന്‍ അഡ്വാന്‍സും നല്‍കിയിരുന്നു. ഇക്കാര്യം ഇയാള്‍ അയല്‍ക്കാരോട് പറയുകയും ചെയ്തിരുന്നു. കാസര്‍കോടേക്ക് മാറുന്നതിന് തൊട്ടുമുമ്പാണ് ബുധനാഴ്ച എന്‍ഐഎ സംഘം വാടക വീട് വളഞ്ഞ് അതീവരഹസ്യമായി സവാദിനെ അറസ്റ്റുചെയ്തത്.

മകളുടെ ജനനസര്‍ട്ടിഫിക്കറ്റിലൂടെയാണ് തിരിച്ചറിഞ്ഞത്.

സവാദിനെ പിടികൂടാന്‍ എന്‍.ഐ.എ.ക്ക് തുണയായത് ഇളയകുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റാണ്. ഷാജഹാന്‍ എന്നപേരിലാണ് സവാദ് അറിയപ്പെട്ടിരുന്നതെങ്കിലും ഒമ്പതുമാസംമുമ്പ് ജനിച്ച കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ സവാദ് എന്നപേരാണ് ചേര്‍ത്തിരുന്നത്. ആധാര്‍കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍കാര്‍ഡ് എന്നിവയിലും സവാദ് എന്നാണ് ചേര്‍ത്തിരുന്നത്. ഇവ വീട്ടില്‍നിന്ന് എന്‍.ഐ.എ. സംഘം പിടിച്ചെടുത്തു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതോടെ വരുമാനം മുടങ്ങിയ സവാദ്, ഏഴെട്ടുമാസംമുമ്പ് തൊഴില്‍തേടി കണ്ണൂരിലെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം കിട്ടിയിരുന്നു. മുമ്പ് എന്‍.ഐ.എ.യില്‍ ജോലിചെയ്തിരുന്ന ചില പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ണൂരില്‍ നിരീക്ഷണം ശക്തമാക്കി. ഏതാനുംദിവസംമുമ്പ് ഒരാള്‍ വീടിനെക്കുറിച്ച് കൃത്യമായ വിവരം നല്‍കി. പക്ഷേ, പേര് ഷാജഹാന്‍ ആണെന്നത് അന്വേഷണസംഘത്തെ കുഴക്കി. ഇവിടെ കുഞ്ഞുണ്ടെന്ന് മനസ്സിലാക്കിയ സംഘം നഗരസഭയിലെ ജനനസര്‍ട്ടിഫിക്കറ്റ് പരിശോധിക്കുകയും ഈ വീട്ടുവിലാസത്തിലുള്ളയാള്‍ സവാദാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ചൊവ്വാഴ്ചയായിരുന്ന ഈ സ്ഥിരീകരണം. അന്നുവൈകീട്ട് രണ്ടുകാറുകളിലായി അഡീഷണല്‍ എസ്.പി. സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ 12 എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍നിന്ന് പുറപ്പെട്ടു. വീടുകണ്ടെത്തിയ ആള്‍ ഇവരോടൊപ്പം ചേര്‍ന്നു. പുലര്‍ച്ചെ മൂന്നരയോടെ വീട്ടിലെത്തി.

ഏറെനേരം കതകില്‍ മുട്ടിയപ്പോള്‍ ഭാര്യയാണ് വാതില്‍ തുറന്നത്. ഭര്‍ത്താവിനെ വിളിക്കാന്‍ പറഞ്ഞപ്പോള്‍ സവാദ് എത്തി. പേരുചോദിച്ചപ്പോള്‍ ഷാജഹാന്‍ എന്നുപറഞ്ഞു. ജോസഫിന്റെ കൈവെട്ടിയപ്പോള്‍ കൂടെയുണ്ടായിരുന്നവരുടെ കൈയിലുണ്ടായിരുന്ന ആയുധംകൊണ്ട് സവാദിന്റെ പുറത്ത് മുറിവേറ്റിരുന്നു. ഇത് തുന്നിക്കെട്ടിയതിന്റെ പാട് പുറത്തുണ്ടായിരുന്നു. ഇത് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. ഷര്‍ട്ടുമാറ്റി പുറത്തെ ഈ പാട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇത് എങ്ങനെയുണ്ടായതാണെന്ന് ചോദിച്ചു. മുള്ളുകൊണ്ടതാണെന്ന് മറുപടി പറഞ്ഞു. ചോദ്യംചെയ്യല്‍ കടുപ്പിച്ചതോടെ താന്‍ സവാദാണെന്ന് സമ്മതിക്കുകയായിരുന്നു. വീടുകാട്ടിക്കൊടുത്തയാള്‍ ഇതിനകം മടങ്ങിയിരുന്നു. ഏതാനുംമണിക്കൂറുകള്‍കൊണ്ട് നടപടി പൂര്‍ത്തിയാക്കിയ സംഘം സവാദിനെയുംകൊണ്ട് കൊച്ചിയിലേക്ക് മടങ്ങി.

 

 

 

കൈവെട്ടുകേസ് പ്രതി സവാദ് എന്‍ ഐ എ
പിടിയിലായത് താമസം മാറാന്‍ ഒരുങ്ങുന്നതിനിടെ

 

 

Share

Leave a Reply

Your email address will not be published. Required fields are marked *