പത്തുവയസുകാരിയായ മകള്‍ വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിതാവായ സനുമോഹന് ജീവപര്യന്തം. എറണാകുളം പോക്‌സോ കോടതിയാണ് വിധി നിശ്ചയിച്ചത്. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം ഉള്‍പ്പടെ അഞ്ച് വകുപ്പുകളും തെളിഞ്ഞതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
2021 മാര്‍ച്ച് 21നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴയിലെ ബന്ധു വീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാനെന്ന് പറഞ്ഞ് മകള്‍ വൈഗയെ പിതാവ് സനുമോഹന്‍ കൊച്ചി കങ്ങരപ്പടിയിലെ ഫ്‌ലാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന് മദ്യത്തില്‍ വിഷം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുട്ടാര്‍ പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. തൊട്ടടുത്ത ദിവസം കുഞ്ഞിന്റെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തി.
കൊലക്കുറ്റം ഉള്‍പ്പടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 328, 201 വകുപ്പുകള്‍ക്കു പുറമെ 77 ജെ ജെ ആക്ട് പ്രകാരമുള്ള കുറ്റവും സനുമോഹനെതിരെ ചുമത്തിയിട്ടുണ്ട്. 1200 പേജുള്ള ഡിജിറ്റല്‍ ഫയലും കുറ്റപത്രത്തോടൊപ്പം തൃക്കാക്കര പോലീസ്, കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2022 മാര്‍ച്ചിലാണ് വിചാരണ തുടങ്ങിയത്.80ല്‍ പരം സാക്ഷികളെയാണ് വിസ്തരിച്ചത്.134 രേഖകളും 34 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. ഒന്നര വര്‍ഷത്തിലധികം നീണ്ട വിചാരണ ഡിസംബര്‍ 20 ന് പൂര്‍ത്തിയായി.