കോഴിക്കോട്: ഒരു ഓട്ടോ പിടിക്കാന്‍ കുറേയേറെ നടക്കേണ്ട സ്ഥിതിയാണ് പലയിടങ്ങളിലും. അത് പോലൊരു സ്ഥിതി വിശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് പരിസരത്തും നിലനിന്നിരുന്നു. എന്നാല്‍ ഇനി ഇവിടെ ഒരൊറ്റ ഫോണ്‍ കോളില്‍ പ്രശ്‌നത്തിന് പരിഹാരമാകും. ഓട്ടോറിക്ഷ പിടിക്കാന്‍ ഇനി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് സ്റ്റാന്‍ഡ് വരെ നടക്കേണ്ടതില്ല. പുതിയ സംവിധാനമൊരുക്കി ഓട്ടോറിക്ഷ തൊഴിലാളികള്‍.
ഓട്ടോ സ്റ്റാന്‍ഡില്‍ സ്ഥാപിച്ച പുതിയ ടെലഫോണിലേക്ക് വിളിച്ചാല്‍ മതി ഓട്ടോറിക്ഷ ഉടന്‍ എത്തും. മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമുള്‍പ്പെടെയുള്ളവര്‍ ഓട്ടോറിക്ഷ പിടിക്കാന്‍ ഓട്ടോ സ്റ്റാന്‍ഡിലേക്ക് വരണമായിരുന്നു. ഈ സ്ഥിതിക്ക് പുതിയ സംവിധാനത്തോടെ പരിഹരമാകുമെന്നാണ് ഓട്ടോറിക്ഷ ജീവനക്കാര്‍ പറയുന്നത്.
രാത്രിയില്‍ തെരുവ് നായകളെ പേടിച്ചാണ് പലരും ഓട്ടോ സ്റ്റാന്‍ഡിലേക്ക് വരുന്നത്. ഈ ബുദ്ധിമുട്ടിന് പരിഹാരമായാണ് മെഡിക്കല്‍ കോളജിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഓട്ടോ സ്റ്റാന്‍ഡില്‍ ടെലിഫോണ്‍ സ്ഥാപിച്ചത്. 9447 554255 എന്ന ഫോണ്‍ നമ്പര്‍ മെഡിക്കല്‍ കോളജ് കാമ്പസിലും വ്യാപാര സ്ഥാപനങ്ങളിലും പതിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം സ്റ്റാന്‍ഡിലെ ടെലിഫോണിലേക്ക് വന്ന കാള്‍ സ്വീകരിച്ച് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു.നൂറോളം ഓട്ടോറിക്ഷകളാണ് മെഡിക്കല്‍ കോളജിലെ സ്റ്റാന്‍ഡില്‍ സര്‍വീസ് നടത്തുന്നത്.