ന്യൂഡല്‍ഹി: അറബിക്കടലില്‍ ചരക്കു കപ്പലുകള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കപ്പലുകളെ അക്രമിക്കുന്നവര്‍ കടലിന്റെ അടിത്തട്ടില്‍ നിന്നായാലും അവരെ ഇന്ത്യ കീഴ്‌പ്പെടുത്തുമെന്നും രാജ്‌നാഥ് പറഞ്ഞു. നാവികസേനയുടെ ഐഎന്‍എസ് ഇംഫാല്‍ യുദ്ധക്കപ്പല്‍ കമ്മിഷന്‍ ചെയ്യുകയായിരുന്നു അദ്ദേഹം.
”അറബിക്കടലില്‍ എംവി കെം പ്ലൂട്ടോ, ചെങ്കടലില്‍ എംവി സായ് ബാബ എന്നീ കപ്പലുകള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണു കാണുന്നത്. കടലിലെ നിരീക്ഷണവും പരിശോധനയും നാവികസേന വര്‍ധിപ്പിച്ചിട്ടുണ്ട്. സൗഹൃദ രാജ്യങ്ങളുമായി പ്രവര്‍ത്തിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ നാവികസേന വിന്യസിച്ചു. പി-8ഐ ലോങ്റേഞ്ച് പട്രോള്‍ എയര്‍ക്രാഫ്റ്റ് നിരീക്ഷണം നടത്തുന്നുണ്ട്. അറബിക്കടലില്‍ ഗുജറാത്തിനു സമീപമാണ് എംവി കെം പ്ലൂട്ടോ എന്ന ചരക്കുകപ്പലിനു നേരെ കഴിഞ്ഞദിവസം ഡ്രോണ്‍ ആക്രമണം ഉണ്ടായത്. പിന്നില്‍ ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ഇതു നിഷേധിച്ചു.
മുംബൈയില്‍ എത്തിച്ച എംവി കെം പ്ലൂട്ടോയില്‍ നാവികസേനയുടെ വിദഗ്ധസംഘം പരിശോധന നടത്തി. കപ്പലിന്റെ പിന്‍ഭാഗത്താണു ഡ്രോണ്‍ ആക്രമണമുണ്ടാതെന്നാണു കണ്ടെത്തല്‍. സൗദിയില്‍നിന്നു ക്രൂഡ് ഓയിലുമായി മംഗളൂരു തുറമുഖത്തേക്കു വരികയായിരുന്നു ഈ ലൈബീരിയന്‍ കപ്പല്‍. അപായ സന്ദേശം ലഭിച്ചതിനു പിന്നാലെ നാവികസേനയുടെ നിരീക്ഷണവിമാനം കപ്പലിനു സമീപമെത്തിയിരുന്നു.
കഴിഞ്ഞ 2 മാസത്തിനിടെ ചെങ്കടലില്‍ ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലുകള്‍ക്കുനേരെ ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം വര്‍ധിച്ചിട്ടുണ്ട്. ഗാസയിലെ ഇസ്രയേല്‍ ആക്രമണം നിര്‍ത്തും വരെ കപ്പലുകള്‍ ആക്രമിക്കുമെന്നാണു ഹൂതികളുടെ പ്രഖ്യാപനം. ഇതോടെ പ്രധാന വ്യാപാരപാതയായ ചെങ്കടലിലൂടെയുള്ള യാത്ര പല ചരക്കുകപ്പലുകളും ഒഴിവാക്കിത്തുടങ്ങിയിരുന്നു.