സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ പാതയിലൂടെയാണ് ലോകം സഞ്ചരിക്കുന്നത്. 99,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളും 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 107 യൂണികോണ്‍ കമ്പനികളും ഉള്ളതിനാല്‍ ഇന്ത്യയെ ഇപ്പോള്‍ ‘സ്റ്റാര്‍ട്ടപ്പ് ഹബ്’ എന്നാണ് ലോകം വിളിക്കുന്നത്. രാജ്യത്ത് വളര്‍ന്നുവരുന്ന സംരംഭകരെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളെ വളരാനും ആഗോള വാണിജ്യ ഭൂപടത്തില്‍ അവയുടെ സാന്നിധ്യം അടയാളപ്പെടുത്താനും സഹായിക്കുന്നതിന് സാങ്കേതിക പിന്തുണ, സബ്സിഡികള്‍, സാമ്പത്തിക സഹായം, മറ്റ് സേവനങ്ങള്‍ എന്നിവ നല്‍കാനാണ് സര്‍ക്കാര്‍ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത്.
അടല്‍ ഇന്നൊവേഷന്‍ മിഷന്‍ (എഐഎം)
2016ലാണ് സര്‍ക്കാര്‍ ഈ സ്‌കീം ആരംഭിച്ചത്. അടല്‍ ഇന്നൊവേഷന്‍ മിഷന്‍ (എഐഎം) അഞ്ച് വര്‍ഷത്തിനിടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഏകദേശം 10 കോടി രൂപ നല്‍കുന്നു. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ഗതാഗതം മുതലായവയില്‍ ഉയര്‍ന്നുവരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
മള്‍ട്ടിപ്ലയര്‍ ഗ്രാന്റ് സ്‌കീം (എംജിഎസ്)
ചരക്കു സേവനങ്ങളുടെ വളര്‍ച്ചയ്ക്കായി വ്യവസായങ്ങള്‍ക്കിടയില്‍ സഹകരണ ഗവേഷണത്തിനും വികസനത്തിനും പ്രാപ്തമാക്കുന്നതിനായി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് ആരംഭിച്ച പദ്ധതിയാണിത്. രണ്ട് വര്‍ഷത്തില്‍ താഴെ ദൈര്‍ഘ്യമുള്ള ഇതില്‍ ഒരു പദ്ധതിക്ക് പരമാവധി രണ്ട് കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
ക്ഷീര സംരംഭകത്വ വികസന പദ്ധതി (ഡിഇഡിഎസ്)
ക്ഷീരമേഖലയില്‍ സ്വയംതൊഴില്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിഇഡിഎസ് പദ്ധതിക്ക് മൃഗസംരക്ഷണ- മത്സ്യബന്ധന-ക്ഷീരവികസന വകുപ്പാണ് തുടക്കമിട്ടത്. പാല്‍ ഉല്‍പ്പാദനം, സംഭരണം, സംരക്ഷണം, വിപണനം തുടങ്ങിയവയാണ് ഇതിലെ പ്രവര്‍ത്തനങ്ങള്‍. പൊതുവിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനവും എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവരുടെ ഫാമുകള്‍ക്ക് 33.33 ശതമാനവും ബാങ്കബിള്‍ പ്രൊജക്ടുകള്‍ക്ക് പദ്ധതിയിലൂടെ ധനസഹായം ലഭ്യമാകുന്നു.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ്
ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഏറ്റവും ജനപ്രിയമായ സര്‍ക്കാര്‍ പദ്ധതികളില്‍ ഒന്നാണിത്. അഞ്ച് വര്‍ഷത്തിലേറെയായി സംരംഭകര്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ നല്‍കാനാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ് ലക്ഷ്യമിടുന്നത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (ഡിപിഐഐടി) ഈ പദ്ധതിക്ക് കീഴില്‍ 114,458 സ്റ്റാര്‍ട്ടപ്പുകളെ അംഗീകരിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം
പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായാണ് 2021 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് 5 കോടി രൂപ ധനസഹായം ലഭിക്കും. നിലവിലെ സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപ വരെയും അവരുടെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വളര്‍ത്തുന്നതിന് 50 ലക്ഷം രൂപ വരെയും സഹായമായി ലഭിക്കും.