മുംബൈ: നാലുവയസ്സിനു താഴെയുള്ള കുട്ടികളില്‍ ജലദോഷ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് നിര്‍ദേശവുമായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. കഫ് സിറപ്പുകള്‍ കഴിച്ചതുമൂലം ആഗോളതലത്തില്‍ തന്നെ 141 കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തിലാണ് ഈ പ്രായത്തിലുള്ള കുട്ടികളില്‍ ഉപയോഗിക്കുന്ന ജലദോഷ മരുന്നുകളുടെ സംയുക്തങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഫിക്‌സഡ് ഡ്രഗ് കോമ്പിനേഷന്‍(എഫ്.ഡി.സി.) എന്നു വിളിക്കുന്ന സംയുക്തങ്ങള്‍ നാലുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുള്ള സിറപ്പുകളില്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉത്പന്നങ്ങളില്‍ ലേബല്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ക്ലോര്‍ഫെനിരാമൈന്‍(chlorpheniramine), മാലിയേറ്റ്(maleate), ഫിനൈലിഫ്രിന്‍(phenylephrine) എന്നിവയാണ് ജലദോഷത്തിനുള്ള സിറപ്പുകളിലും ഗുളികകളിലും ഉപയോഗിക്കുന്ന ഫിക്‌സഡ് ഡ്രഗ് കോമ്പിനേഷന്‍. ഇവയ്ക്ക് നാലുവയസ്സിനു കീഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കാന്‍ അംഗീകാരമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളിലെ ജലദോഷത്തിനും ചുമയ്ക്കും സ്വയംചികിത്സ നടത്തി കഫ് സിറപ്പുകള്‍ വാങ്ങിക്കൊടുക്കരുതെന്ന് ലോകാരോഗ്യസംഘടനയുടെ കൃത്യമായ നിര്‍ദേശമുണ്ട്.
2019 മുതല്‍ രാജ്യത്ത് നിര്‍മിക്കുന്ന സിറപ്പുകളില്‍ വിഷമമയമാര്‍ന്ന ഘടകങ്ങളടങ്ങിയതു കണ്ടെത്തിയതും ഉസ്‌ബെക്കിസ്താന്‍, ഗാംബിയ, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇതുസംബന്ധിച്ച് 141 മരണങ്ങളുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഇന്ത്യയില്‍ മാത്രം ഇത്തരം കഫ് സിറപ്പുകളുടെ ഉപയോഗം മൂലം 12 കുട്ടികള്‍ മരണപ്പെടുകയും നാലുപേര്‍ മറ്റു രോഗങ്ങളുമായി ജീവിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വിവിധ ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ക്കെതിരെ മുമ്പും വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഡി.സി.ജി.ഐ നടത്തിയ വ്യാപകമായ പരിശോധനയില്‍ പതിനെട്ട് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുകയും 26 കമ്പനികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഗാംബിയയിലും ഉസ്ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമയ്ക്കുള്ള സിറപ്പുകളും ഇന്ത്യയില്‍ നിര്‍മിച്ചതായിരുന്നു. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിച്ച ചുമമരുന്ന് കുടിച്ച് ഉസ്‌ബെക്കിസ്താനില്‍ 18 കുട്ടികള്‍ മരിച്ചതിനു പിന്നാലെ പ്രസ്തുത കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഹരിയാണയിലെ മെയ്ഡന്‍ ഫാര്‍മ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയില്‍ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടര്‍ന്ന് മരിച്ചത്.
തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്‌കെയര്‍ ഉദ്പാദിപ്പിക്കുന്ന കണ്ണിലൊഴിക്കുന്ന മരുന്നില്‍, മരുന്നുകളെ പ്രതിരോധിക്കുന്ന pseudomonas aeruginosa എന്ന ബാക്ടീരിയയുടെ അപകടകരമായ സാന്നിധ്യം കണ്ടെത്തിയെന്ന് അമേരിക്കന്‍ ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചത് അടുത്തിടെയാണ്. ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്‌സയന്‍സസ് എന്ന കമ്പനി പുറത്തിറക്കിയ സന്ധിവാതത്തിന്റെ ചികിത്സയ്ക്കുള്ള 55,000ത്തോളം ബോട്ടില്‍ മരുന്നുകള്‍ അമേരിക്കന്‍ വിപണിയില്‍ നിന്നു തിരിച്ചുവിളിച്ചതും ഈയടുത്താണ്.