തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപകര്‍ക്ക് നാലുമാസമായി ശമ്പളം ലഭിക്കുന്നില്ല. സ്പാര്‍ക്ക് സോഫ്റ്റ്വെയറില്‍ ഐഡി നമ്പര്‍ രേഖപ്പെടുത്താത്തത് മൂലമാണ് ശമ്പളം കിട്ടാത്തത്. അന്വേഷിച്ച് ചെല്ലുന്ന അധ്യാപകര്‍ക്ക് മുന്നില്‍ വിദ്യാഭ്യാസ വകുപ്പ് കൈമലര്‍ത്തുന്നുവെന്നാണ് പരാതി.
ഓണത്തിന് ശേഷം വന്ന ഒഴിവുകളില്‍ ദിവസ വേതനത്തിന് ജോലിക്ക് കയറിയ അധ്യാപകര്‍ക്കാണ് ദുര്‍ഗതി. ഓണം കഴിഞ്ഞു ക്രിസ്മസ് എത്തിയിട്ടും ഒരു രൂപ പോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍ മുഖേനയാണ് ദിവസവേതനകാര്‍ക്ക് ശമ്പളം നല്‍കുന്നത്. അതിനായി ഓരോരുത്തര്‍ക്കും താത്കാലിക പെന്‍ നമ്പര്‍ നല്‍കും. ഈ നമ്പര്‍ കിട്ടാത്തത് മൂലമാണ് ശമ്പളം വരാത്തത്. പെന്‍ നമ്പര്‍ അനുവദിക്കുന്നതിനുള്ള ചുമതല ധനവകുപ്പില്‍ നിന്നും വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. ആദ്യം പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റും പിന്നീട് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളും പൂര്‍ത്തിയാക്കിയിരുന്ന നടപടി ഇപ്പോള്‍ എവിടെയാണ് ചെയ്യുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല.
കഴിഞ്ഞ ഓണക്കാലത്ത് സമാനമായ പ്രതിസന്ധി ഉണ്ടായപ്പോള്‍ ഏറെ പണിപ്പെട്ടാണ് വിദ്യാഭ്യാസ വകുപ്പ് പരിഹരിച്ചത്. നേരത്തേ ജോലിക്ക് കയറി നാല് ദിവസത്തിനുള്ളില്‍ താത്കാലിക പെന്‍നമ്പര്‍ ഉള്‍പ്പെടെയുള്ളവ അധ്യാപകര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍നടപടികള്‍ വേഗത്തില്‍ ആക്കിയില്ലെങ്കില്‍ ക്രിസ്മസ് കാലം വറുതിയിലാകുമെന്ന ആശങ്കയിലാണ് ഇവര്‍.
അധ്യാപകര്‍ക്ക് നാലുമാസമായി ശമ്പളമില്ല; അന്വേഷിച്ച് ചെല്ലുന്നവര്‍ക്ക് മുന്നില്‍ കൈമലര്‍ത്തി വിദ്യഭ്യാസ വകുപ്പ്