ബംഗളൂരു നഗരത്തില്‍ ജീവിക്കാന്‍ എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമാണെങ്കിലും ഇവിടുത്തെ ഏറ്റവും പ്രധാന പ്രശ്നം ഗതാഗതക്കുരുക്കാണ്. ടെക് കമ്പനികളും ബഹുരാഷ്ട്ര കമ്പനികളും പ്രവര്‍ത്തിക്കുന്ന ഭാഗങ്ങളിലേക്കുള്ള റോഡുകളില്‍ ഓഫീസ് സമയത്ത് കിലോമീറ്ററുകളോളമാണ് പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുള്ളത്. ബെംഗളൂരുവില്‍ ദൂരം സമയത്തിലാണ് കണക്കാക്കാറുള്ളതെന്ന് അവിടുള്ളവര്‍ പറയാറുണ്ട്. ഉദാഹരണത്തിന് മഡിവാള നിന്ന് എംജി റോഡ് പോകാന്‍ ട്രാഫിക് ഉള്ള സമയത്തും ഇല്ലാത്ത സമയത്തും വ്യത്യസ്തമാണെന്നതാണ് കാര്യം.
ചിലപ്പോള്‍ മണിക്കൂറുകളോളം റോഡില്‍ പെട്ടുകിടക്കുന്ന അവസ്ഥ വരെയുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സമയത്ത് ഓഫീസില്‍ എത്തിച്ചേരാന്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. സംസ്ഥാനത്തെ ടെക്കികള്‍ക്കിടയില്‍ സിഗ്നലും വേഗപരിധിയും ലംഘിക്കുന്ന പ്രവണത കൂടി വന്നതായാണ് ഒരു മുതിര്‍ന്ന ട്രാഫിക് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ പരിപാടി അവസാനിപ്പിക്കാനാണ് ബെംഗളൂരു ട്രാഫിക് പൊലീസ് ഈ ഐഡിയ നടപ്പാക്കുന്നത്.
ബെംഗളൂരു ട്രാഫിക് പൊലീസിന്റെ ഈസ്റ്റ് ഡിവിഷന്‍ ഔട്ടര്‍ റിംഗ് റോഡും വൈറ്റ്ഫീല്‍ഡും ഉള്‍ക്കൊള്ളുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോറിഡോറിലാണ് ഇപ്പോള്‍ ഈ പൈലറ്റ് ക്യാമ്പയിന്‍ ആരംഭിച്ചത്. നിലവില്‍ ഈസ്റ്റ് ഡിവിഷനില്‍ തുടക്കം കുറിച്ച ക്യാമ്പയിന്‍ വൈകാതെ ബെംഗളൂരു നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. ടെക് പ്രൊഫഷണലുകള്‍ക്കിടയില്‍ ഗതാഗത നിയമലംഘനങ്ങള്‍ കൂടുന്ന അടിസ്ഥാനത്തിലാണ് ബംഗളൂരു ഈസ്റ്റ് ഡിവിഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ക്യാമ്പയിന്‍ നടത്തുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഈസ്റ്റ് ഡിവിഷന്‍-ട്രാഫിക്) കുല്‍ദീപ് കുമാര്‍ ജെയിന്‍ വ്യക്തമാക്കി. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ സംരംഭത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്ന ടെക്കികളുടെ ഐഡി കാര്‍ഡുകള്‍ പരിശോധിച്ച് തൊഴിലുടമയെ മനസ്സിലാക്കും. ശേഷം നിയമലംഘനങ്ങളുടെ പട്ടിക തയാറാക്കി കമ്പനികള്‍ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുക. ഓഫീസിനകത്തും പുറത്തും ജീവനക്കാരുടെ സുരക്ഷക്ക് വില നല്‍കുന്ന കമ്പനികള്‍ ഈ ഒരു ക്യാമ്പയിനോട് എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. ഏതായാലും കമ്പനിയിലേക്ക് നോട്ടിഫിക്കേഷന്‍ വരുന്നത് ജീവനക്കാര്‍ക്ക് അത്ര സുഖകരമായ അനുഭവമായിരിക്കില്ല. ചിലപ്പോള്‍ അത് ജോലിയെ തന്നെ ബാധിക്കാനിടയുണ്ട്.
ഗതാഗത നിയമ ലംഘനങ്ങള്‍ ഇനി ഒരുപരിധി വരെ കുറയുമെന്നാണ് അധികാരികള്‍ പ്രതീക്ഷിക്കുന്നത്. ഇത് മാത്രമല്ല റോഡ് സുരക്ഷയെക്കുറിച്ച് കുറിച്ച് കമ്പനികളില്‍ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള സെഷനുകള്‍ക്ക് പൊലീസിനെ ക്ഷണിക്കാനും ടെക് കമ്പനികളോട് ട്രാഫിക് പൊലീസ് ശുപാര്‍ശ ചെയ്തു. ഏതായാലും ഗതാഗത നിയമലംഘനം കുറയ്ക്കാന്‍ ട്രാഫിക് പൊലീസ് നടപ്പാക്കുന്ന ക്യാമ്പയിന്‍ ഏതായാലും ഫലം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ.