കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് മലയാളവും അറബിയും ഒഴിവാക്കുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരള സിലബസിന് പകരം സിബിഎസ്ഇ സിലബസിലേക്ക് മാറും. ഒന്നാം ക്ലാസ് മുതലുള്ള പ്രവേശനവും അടുത്ത വര്‍ഷം മുതല്‍ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കും.
ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ രാഗേഷ് ദഹിയ ഇറക്കിയ ഉത്തരവ് പ്രകാരം അടുത്ത അധ്യായന വര്‍ഷം മുതല്‍ ദ്വീപിലെ ക്ലാസുകള്‍ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്കും മാറും. അടുത്ത വര്‍ഷം മുതല്‍ സിബിഎസ്ഇ സിലബസ് മാത്രമായിരിക്കും സ്‌കൂളുകളില്‍ പടിപ്പിക്കുക.ദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് കേരള സിലബസ് ഒഴിവാകുന്നതോടെ മലയാളം, അറബി ഭാഷപഠനം ദ്വീപില്‍ ഇല്ലാതാകും. സിബിഎസ്ഇ സിലബസില്‍ ഭാഷകളായി തെരഞ്ഞെടുക്കാന്‍ കഴിയുന്നത് ഇംഗ്ലീഷും ഹിന്ദിയുമാണ്.
പുതിയ ഉത്തരവ് പ്രകാരം രണ്ട് മുതല്‍ 8 വരെ ക്ലാസുകളിലെ പഠനം അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും സിബിഎസ്ഇ സിലബസിലേക്ക് മാറും.ഇനി മുതല്‍ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനവും സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തില്‍ മാത്രമായിരിക്കും. നിലവില്‍ 9-10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കേരള സിലബസില്‍ തന്നെ പരീക്ഷ എഴുതാം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ തീരുമാനത്തിനെതിരെ ദ്വീപില്‍ പ്രതിഷേധം ശക്തമാണ്.