ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ഉടമ്പടി ഇന്ത്യയടക്കം 153 രാജ്യങ്ങളുടെ പിന്തുണ എതിര്‍ത്ത് അമേരിക്ക

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ഉടമ്പടി ഇന്ത്യയടക്കം 153 രാജ്യങ്ങളുടെ പിന്തുണ എതിര്‍ത്ത് അമേരിക്ക

ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തില്‍ 193 അംഗങ്ങളില്‍ ഇന്ത്യയടക്കം 153 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. അമേരിക്കയെ കൂടാതെ ഇസ്രയേലും ഓസ്ട്രേലിയയുമടക്കം 10 രാജ്യങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. എന്നാല്‍ യുകെയും ജര്‍മനിയും ഉള്‍പ്പെടെ 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഇസ്രയേലിന്റെ ക്രൂരത അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഇത്രയധികം അനുകൂല വോട്ടുകള്‍ പ്രതിഫലിപ്പിക്കുന്നത്. ഗാസമുനമ്പിലെ അതിദാരുണമായ മാനുഷിക സാഹചര്യങ്ങളിലും പലസ്തീന്‍ ജനങ്ങളുടെ കഷ്ടതകളിലും ആശങ്ക പ്രകടിപ്പിക്കുന്നതായിരുന്നു പ്രമേയം. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രയേലി-പലസ്തീന്‍ പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും എല്ലാ ബന്ദികളെയും ഉടനടി മോചിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ വെള്ളിയാഴ്ച അവതരിപ്പിച്ച പ്രമേയവും അമേരിക്ക വീറ്റോ ചെയ്തിരുന്നു. പലസ്തീന്‍ വിഷയത്തില്‍ ബൈഡന്റെ ഭരണകൂടം ഒറ്റപ്പെടുന്നതിന് ഉദാഹരണമായിരുന്നു ഇത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിലും 1200 പേര്‍ കൊല്ലപ്പെട്ടതുമായ സംഭവത്തില്‍ ജോ ബൈഡന്‍ ഇസ്രയേലിന് പിന്തുണ നല്‍കിയിരുന്നു.

2024ലെ പുനതിരഞ്ഞെടുപ്പിന്റെ ഭാഗമായി വാഷിങ്ടണിലെ ഫണ്ട് റൈസിങ് പ്രചരണത്തിനിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ രൂക്ഷമായി ബൈഡന്‍ വിമര്‍ശിച്ചിരുന്നു. ഹമാസിനെതിരെയുള്ള ആക്രമണത്തില്‍ അന്താരാഷ്ട്ര പിന്തുണ നഷ്ടമായെന്നായിരുന്നു ബൈഡന്റെ പ്രതികരണം.

ജനറല്‍ അസംബ്ലി വോട്ട് പൊതുവികാരമാണ് പ്രകടിപ്പിക്കുന്നതെന്നും അത് അമേരിക്കയ്ക്ക് അവഗണിക്കാന്‍ സാധിക്കില്ലെന്നും ഐക്യരാഷ്ട്ര സഭയിലെ പലസ്തീന്‍ വക്താവ് പറഞ്ഞു. ജനങ്ങള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നത് വരെ, യുദ്ധം അവസാനിക്കുന്നതു വരെ ഈ പാതയില്‍ തുടരുകയെന്നത് തങ്ങളുടെ കൂട്ടായ കടമയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രമേയത്തിന് പിന്തുണ നല്‍കിയ ഇന്ത്യ, ആക്രമണത്തില്‍ വലിയ മാനുഷിക പ്രതിസന്ധിയും കുട്ടികളും സ്ത്രീകളുമടക്കമുള്ളവരുടെ ജീവന്‍ വലിയ തോതില്‍ നഷ്ടമായതിനെക്കുറിച്ച് സൂചിപ്പിച്ചു. എല്ലാ സാഹചര്യങ്ങളിലും അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കേണ്ട പ്രശ്നമുണ്ട്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പലസ്തീന്‍ പ്രശ്നത്തിന് സമാധാനപരവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിതി രുചിര കാംബോജ് പറഞ്ഞു.

ഗാസയിലെ തുടരുന്ന സൈനിക ആക്രമണങ്ങളില്‍ ഈജിപ്ത് കടുത്ത മുന്നറിയിപ്പ് നല്‍കി. യുദ്ധം നടത്തുന്നത് സമ്പൂര്‍ണ ദുരന്തത്തിന് ഇടയാക്കുമെന്നും വംശഹത്യയെ യുദ്ധത്തിനുള്ള ഉപകരണമായി ഉപയോഗിക്കുമെന്നും ഈജിപ്ഷ്യന്‍ അംബാസഡറായ ഒസാമ മഹ്‌മൂദ് അബ്ദേല്‍ഖലെക് മഹ്‌മൂദ് പ്രതികരിച്ചു. യുദ്ധം ഒരു വശത്തേക്കുള്ള കശാപ്പാണെന്നും യുദ്ധത്തില്‍ ഹമാസിനേക്കാള്‍ പഴികേള്‍ക്കേണ്ടത് ഇസ്രയേലാണെന്നും പാകിസ്ഥാന്‍ അംബാസഡര്‍ മുനിര്‍ അക്രം വ്യക്തമാക്കി.

എന്നാല്‍ ഇസ്രയേലിനെ പരാമര്‍ശിക്കാത്ത പ്രമേയത്തെ ഇസ്രയേല്‍ പ്രതിനിധി ഗിലാദ് എര്‍ദന്‍ അപലപിച്ചു. ഒക്ടോബര്‍ ഏഴിന് പൗരന്മാരെ ആക്രമിച്ച സംഘത്തെ ഹമാസ് നാസികളെന്ന് വിളിച്ച അദ്ദേഹം വെടിനിര്‍ത്തല്‍ പ്രമേയത്തിന് വേണ്ടിയുള്ള വോട്ട് ജിഹാദിസ്റ്റ് ഭീകരതയുടെ അതിജീവനത്തിന്റെയും ഗാസയിലെ ജനങ്ങളുടെ തുടര്‍ച്ചയായ ദുരിതങ്ങള്‍ക്കും വേണ്ടിയുള്ള വോട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമിയിലെ ഏതൊരു രാജ്യത്തെയും പോലെ ഇസ്രയേലിനും അവരുടെ രാജ്യത്തെ പൗരന്മാരെ തീവ്രവാദത്തില്‍ നിന്നും സംരക്ഷിക്കാനുള്ള അവകാശവും ഉത്തരവാദിത്തവുമുണ്ടെന്നാണ് അമേരിക്ക അംബാസര്‍ ലിന്‍ഡ തോമസ് പറഞ്ഞു. എന്നാല്‍ തെക്കന്‍ ഗാസയിലെ ജനങ്ങളെ കൂട്ടത്തോടെ കുടിയിറക്കുന്നത് ഇസ്രയേല്‍ നിര്‍ത്തണമെന്നും അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് മതിയായ മാനുഷിക സഹായങ്ങള്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

 

 

 

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ഉടമ്പടി
ഇന്ത്യയടക്കം 153 രാജ്യങ്ങളുടെ പിന്തുണ
എതിര്‍ത്ത് അമേരിക്ക

Share

Leave a Reply

Your email address will not be published. Required fields are marked *